അർജന്റീന നായകൻ ലയണൽ മെസ്സിയും ഫ്രാൻസ് നായകൻ ഹ്യൂഗോ ലോറിസും ഫൈനൽ മത്സരത്തിന് മൈതനത്ത് ഇറങ്ങിയതോടെ പുതിയ റെക്കോർഡിന് ഉടമയായി. ഏറ്റവുമധികം ലോകകപ്പ് മത്സരങ്ങൾ കളിച്ചതിന്റെ എക്കാലത്തെയും റെക്കോർഡ് മെസി സ്വന്തം പേരിൽ എഴുതിച്ചേർത്തു. 26-ാമത് മത്സരം കളിച്ചുകൊണ്ടാണ് മെസി ജർമ്മനിയുടെ ഇതിഹാസതാരം ലോതർ മത്തൗസിനെ മറികടന്നത്. അർജന്റീനയ്ക്കെതിരെ ലോറിസ് തന്റെ 20-ാം മത്സരം കളിച്ചുകൊണ്ട് ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ച ഗോൾകീപ്പറായി.
ഇന്നത്തെ ലോകകപ്പ് ഫൈനൽ മത്സരത്തിന് മറ്റു ചില പ്രത്യേകതകൾ കൂടിയുണ്ട്. 1982 മുതലുള്ള എല്ലാ ഫൈനലിലും ഒരു കളിക്കാരൻ ബയേൺ മ്യൂണിക്ക് ക്ലബിൽനിന്നുണ്ടെന്ന സവിശേഷത തുടർന്നു. ഫ്രഞ്ച് താരം ദയോത് ഉപമെക്കാനോ ഫ്രാൻസ് സ്റ്റാർട്ടിംഗ് ഇലവനിൽ ഇടംപിടിച്ചതോടെയാണിത്. ലൗട്ടാരോ മാർട്ടിനെസ് കളത്തിൽ ഇറങ്ങിയാൽ ഇന്റർ മിലാൻ ക്ലബിനും ആ റെക്കോർഡിന് ഒപ്പമെത്താനാകും.
അർജന്റീനയും ഫ്രാൻസും തമ്മിലുള്ള നാലാമത്തെ ലോകകപ്പാണിത്. ലാറ്റിനമേരിക്കൻ രാജ്യം നേരത്തെ കളിച്ച മൂന്നിൽ രണ്ടെണ്ണം വിജയിച്ചു, എന്നാൽ നോക്കൗട്ട് ഘട്ടത്തിലെ അത്തരത്തിലുള്ള ഒരേയൊരു ഏറ്റുമുട്ടലിൽ അർജന്റീനയ്ക്ക് തോൽവിയായിരുന്നു ഫലം. 2018 ലെ പ്രീ-ക്വാർട്ടറിൽ 3-4നാണ് അർജന്റീന തോറ്റത്. ഇരു ടീമുകളും ആകെ ഏറ്റുമുട്ടിയ 12 മത്സരങ്ങളിൽ ആറെണ്ണം അർജന്റീനയും മൂന്നെണ്ണം ഫ്രാൻസുമാണ് ജയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.