• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Budget 2019
 • Live TV

ഇന്ന് കണ്ടത് മറ്റൊരു അർജന്‍റീനയെ; ഊർജമായത് മെസി


Updated: June 27, 2018, 2:16 AM IST
ഇന്ന് കണ്ടത് മറ്റൊരു അർജന്‍റീനയെ; ഊർജമായത് മെസി

Updated: June 27, 2018, 2:16 AM IST
സെന്‍റ് പീറ്റേഴ്സ് ബർഗ്: കഴിഞ്ഞ രണ്ടു മൽസരങ്ങളിലെപ്പോലെ ലക്ഷ്യബോധമില്ലാതെ അലഞ്ഞുനടന്ന സംഘമായിരുന്നില്ല ഇന്ന് അർജന്‍റീന. നൈജീരിയയ്ക്കെതിരായ ജീവൻമരണ പോരാട്ടത്തിൽ പുതിയ ഊർജം ഉൾക്കൊണ്ട് കളിച്ച ടീമിനെയാണ് കാണാനായത്. പരിശീലകൻ ജോർഗെ സാംപോളി കൊണ്ടുവന്ന അഞ്ച് മാറ്റങ്ങളും ഏറെ നിർണായകമായി. ഡി മരിയ, ബനേഗ, റോഹോ തുടങ്ങിയ പരിചയസമ്പന്നർ ആദ്യ ഇലവനിൽ മടങ്ങിയെത്തിയതിന്‍റെ മാറ്റം കളിയിലും ദൃശ്യമായി. ക്രൊയേഷ്യയ്ക്കെതിരെ പ്രതിരോധ പഴുത് തുറന്നിട്ട ഫോർമേഷൻ മാറ്റി 4-4-2ലേക്ക് തിരിച്ചെത്തിയതും അർജന്‍റീനയുടെ കളിയെ മാറ്റിമറിച്ചു. എല്ലാത്തിനും പുറമെ മെസിയുടെ ഗോളിൽ മുന്നിലെത്തിയത് അർജന്‍റീനയുടെ കുതിപ്പിന് ഊർജമേകി. പതിനേഴാം ലോകകപ്പ് കളിക്കുന്ന അർജന്‍റീന 2002ന് ശേഷം ആദ്യ റൌണ്ടിൽ പുറത്താകുകയെന്ന നാണക്കേടിന്‍റെ വക്കിൽനിന്ന് കരകയറിയിരിക്കുന്നു.

ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്ബോളർ ലയണൽ മെസിക്ക് ഒരു കിരീടം പോലും നേടാനാകാതെ അർജന്‍റീനൻ കരിയർ അവസാനിപ്പിക്കേണ്ടിവരുമെന്ന ഘട്ടത്തിലായിരുന്നു നൈജീരിയയ്ക്കെതിരായ മൽസരം. കഴിഞ്ഞ രണ്ടു കളിയിലും താളം കണ്ടെത്താതെ ഒത്തൊരുമയില്ലാതെ അലഞ്ഞ് സംഘത്തെ ചേർത്തുനിർത്തി ഒരൊറ്റ യൂണിറ്റാക്കി മാറ്റിയതിൽ നിർണായക പങ്ക് വഹിച്ചത് മെസിയായിരുന്നു.

ഇടവേളയ്ക്കും മറ്റും സഹതാരങ്ങൾക്ക് പ്രചോദനമായി മെസി പലതവണ ഓടിയെത്തി. ഇത് ടീം അംഗങ്ങളിൽ വരുത്തിയ മാറ്റം വളരെ വലുതായിരുന്നു. അതിന്‍റെ ഫലമായി ലാറ്റിനമേരിക്കൻ ഫുട്ബോളിന്‍റെ സൌന്ദര്യം ആവാഹിച്ച പാസിങ് ഗെയിം വീണ്ടെടുക്കാനും ഇന്ന് അർജന്‍റീനയ്ക്ക് സാധിച്ചു. ഇതിന്‍റെ ഫലമായി വേണം മെസിയുടെ ആദ്യ ഗോളിനെ വിലയിരുത്താൻ. മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ബനേഗ നൽകിയ ലോബിൽനിന്നായിരുന്നു മെസിയുടെ ഗോൾ. ഈ ലോകകപ്പിൽ നൂറാം ഗോൾ എന്ന സവിശേഷതയും അതിനുണ്ടായിരുന്നു.
Loading...

കളം നിറഞ്ഞു കളിച്ച ബനേഗയും മഷറാനോയും മധ്യനിരയിൽ കളി നിയന്ത്രിച്ചു. പന്ത് ലഭിച്ചപ്പോഴൊക്കെ ചടുലവേഗത്തിൽ മെസി ബോക്സിലേക്ക് കുതിച്ചു. എന്നാൽ കൃത്യമായ മാർക്കിങിലൂടെ ഒരു പരിധിവരെ മെസിയെ തടയാൻ നൈജീരിയയ്ക്ക് സാധിച്ചുവെന്ന് പറയാം. ഗോൺസാലോ ഹിഗ്വെയ്ൻ മാത്രമാണ് ഇന്ന് അർജന്‍റീനൻ നിരയിൽ നിരാശപ്പെടുത്തിയത്. എണ്ണംപറഞ്ഞ അവസരങ്ങൾ ലഭിച്ചെങ്കിലും ഹിഗ്വെയ്ൻ അത് പാഴാക്കി.

മറുവശത്ത് കൌണ്ടർ അറ്റാക്കുകളിലൂടെ ഇടയ്ക്കിടെ അർജന്‍റീനൻ ഗോൾമുഖം വിറപ്പിക്കാനും നൈജീരിയയ്ക്ക് കഴിഞ്ഞു. മികച്ച ഫോമിലുള്ള മൂസ, വിക്ടർ മോസസ് എന്നിവരൊക്കെ പലപ്പോഴും അപകടകാരികളായി മാറി. 51-ാം മിനിട്ടിൽ നൈജീരിയൻ ആക്രണം തടയാനുള്ള ശ്രമത്തിലാണ് അർജന്‍റീനയ്ക്ക് പെനാൽറ്റി വഴങ്ങേണ്ടിവന്നത്. കിക്കെടുത്ത മോസസിന് പിഴച്ചില്ല. നൈജീരിയ ഒപ്പമെത്തി. സമനില പോലും മരണതുല്യമായ മൽസരത്തിൽ തിരിച്ചടിക്കാൻ നിരന്തരം ഇരമ്പിയാർത്തെങ്കിലും ഗോൾ അകന്നുനിന്നു. നൈജീരിയ ഒപ്പമെത്തി ഏകദേശം 35 മിനിട്ട് പിന്നിട്ടപ്പോഴാണ് റോഹോയിലൂടെ അർജന്‍റീന ജീവശ്വാസം വീണ്ടെടുത്തത്. പ്രതിരോധനിരയിലെ കരുത്തനായ റോഹോ, ഗബ്രിയേൽ മെർക്കാഡോയുടെ ക്രോസിൽനിന്ന് ഉജ്ജ്വലമായൊരു വോളി ഗോളിലൂടെയാണ് അർജന്‍റീനയുടെ രക്ഷകനായത്.

ഏതായാലും അർജന്‍റീനൻ ആരാധകർക്ക് ആശ്വസിക്കാം. അത്ര മികച്ച ടീം അല്ലാതിരുന്നിട്ടും, ഐസ് ലൻഡും നൈജീരിയയും ഉയർത്തിയ കനത്ത വെല്ലുവിളി അതിജീവിച്ച ഗ്രൂപ്പിൽനിന്ന് മുന്നേറാനായത് അവർക്ക് സമ്മാനിക്കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. ഇതിന്‍റെ ചിറകിലേറി ഈ ലോകകപ്പിൽ ഒരുപാട് ദൂരം യാത്ര ചെയ്യാൻ അവർക്കായേക്കും. അടുത്ത ഘട്ടത്തിൽ ഫ്രാൻസാണ് അർജന്‍റീനയുടെ എതിരാളി. ഗ്രൂപ്പിൽ രണ്ടാമതായതോടെയാണ് പ്രീക്വാർട്ടറിൽ ഫ്രാൻസിനെ നേരിടേണ്ട അവസ്ഥയിലെത്തിച്ചത്. ഫ്രാൻസിനെ മറികടക്കാൻ ഏറെ മെച്ചപ്പെട്ട പ്രകടനം തന്നെ അർജന്‍റീനയ്ക്ക് പുറത്തെടുക്കേണ്ടിവരും.
First published: June 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍