ഐപിഎല്‍ പൂരം അവസാനിച്ചതോടെ ടി20 ലോകകപ്പിന്റെ(ICC T20 World Cup) ആരവങ്ങളിലേക്ക് കടന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ചിരവൈരികളായ പാകിസ്ഥാനെ നേരിട്ടുകൊണ്ടാണ് ഇന്ത്യ(India) തങ്ങളുടെ ലോകകപ്പ് പോരാട്ടത്തിന് തുടക്കമിടുന്നത്. ഒക്ടോബര്‍ 24നാണ് ഏറെ നാളായി കാണികള്‍ കാത്തിരുന്ന ആ മത്സരം. ടി 20 ലോകകപ്പിന് ശേഷം കുഞ്ഞന്‍ ഫോര്‍മാറ്റിന്റെ നായകത്വം ഒഴിയുന്ന വിരാട് കോഹ്ലിക്ക് വേണ്ടി യുവനിര ഇത്തവണ കപ്പടിക്കുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
കഴിഞ്ഞ ഏതാനും ചില വര്‍ഷങ്ങളായി ഐസിസിയുടെ ടൂര്‍ണമെന്റുകളില്‍ പടിക്കല്‍ കലം ഉടക്കുന്ന ടീമെന്ന ഖ്യാതി നേടിയിട്ടുള്ള കോഹ്ലിക്കും ടീമിനും ഇത്തവണത്തെ ടി20 ലോകകപ്പ് അഭിമാനപ്രശ്നവുമാണ്. ലോകകപ്പിനായുള്ള 18 അംഗ ഇന്ത്യന്‍ സ്ക്വാഡില്‍ എല്ലാവരെയും ഞെട്ടിച്ച ഒരു മാറ്റം ദിവസങ്ങള്‍ മുന്‍പാണ് സെലക്ഷന് കമ്മിറ്റി പ്രഖ്യാപിച്ചത്. സ്പിന്നര്‍ അക്സര്‍ പട്ടേലിനെ റിസര്‍വ് താരങ്ങളുടെ പട്ടികയിലേക്ക് ഉള്‍പ്പെടുത്തിയപ്പോള്‍ പകരം ഷര്‍ദുല്‍ താക്കൂറി(Shardul Thakur)നെയാണ് ടീം മെയിന്‍ സ്ക്വാഡിലേക്ക് സെലക്ഷന് പാനല്‍ ഉള്‍പ്പെടുത്തിയത്.
ഹാര്‍ദിക് പാണ്ഡ്യ ബൗളിംഗ് ചെയ്യാത്ത സാഹചര്യമാണ് താക്കൂറിന് വലിയ അനുഗ്രഹമായി മാറിയത് എങ്കിലും ഈ സര്‍പ്രൈസ് സെലക്ഷനില്‍ വ്യത്യസ്ത അഭിപ്രായം പങ്കുവെക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍(Michael Vaughan). ഈ ഒരു സെലക്ഷന് പിന്നില്‍ ധോണിക്ക് വ്യക്തമായ പങ്കാളിത്തമുണ്ടെന്നാണ് മൈക്കല്‍ വോണിന്റെ നിരീക്ഷണം. 'ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ശേഷം ഐപിഎല്ലിലും നാം താക്കൂറിന്റെ മികവ് കണ്ടതാണ്. വിക്കറ്റ് വീഴ്ത്താനുള്ള അവന്റെ കഴിവാണ് പ്രശംസനീയം. ഈ ഐപിഎല്ലില്‍ ചെന്നൈ ടീം നായകനായി ചുമതല നിര്‍വഹിച്ച ധോണി, ക്യാപ്റ്റന്‍ കോഹ്ലിക്കും ഹെഡ് കോച്ച് ശാസ്ത്രിക്കും താക്കൂറിനെ ടീമിലെടുക്കുവാനുള്ള നിര്‍ദ്ദേശം നല്‍കിക്കാണും. വിക്കറ്റിന് പിന്നില്‍ നിന്നും ധോണിക്ക് അവന്റെ മികവും ഫോമും മനസ്സിലായി കാണും'- മൈക്കല്‍ വോണ്‍ പറഞ്ഞു.
ഇന്ത്യയുടെ ഇയാന്‍ ബോതമാകാനുള്ള കഴിവും മികവും നമുക്ക് താക്കൂറില്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു. 'പന്ത് കയ്യില്‍ എടുത്താല്‍ എന്തേലും ഒക്കെ നേട്ടം കൊയ്യുവാന്‍ ബോതത്തിനെ പോലെ താക്കൂറിനും സാധിക്കുന്നുണ്ട്. ഏതാനും വേരിയേഷനുകളാല്‍ ഏത് ബാറ്റ്സ്മാനെയും കുഴപ്പിക്കാനുള്ള മിടുക്ക് നമ്മുക്ക് അവനില്‍ കാണാം'- മൈക്കല്‍ വോണ്‍ ചൂണ്ടികാട്ടി.
സര്‍വ്വസന്നാഹങ്ങളുമായി ഇന്ത്യലോകകപ്പിന് മുന്നോടിയായി നടന്ന രണ്ട് സന്നാഹ മത്സരങ്ങളില്‍ കരുത്തരായ ഇംഗ്ലണ്ടിനെതിരെയും ഓസ്ട്രേലിയയ്ക്കെതിരെയും ആധികാരിക ജയങ്ങള്‍ നേടി ഇന്ത്യയും തങ്ങളുടെ ഒരുക്കം ഗംഭീരമാക്കിയിരിക്കുകയാണ്. ലോകകപ്പില്‍ ഒക്ടോബര്‍ 24ന് പാകിസ്ഥാനുമായിട്ടാണ് ഇന്ത്യയുടെ ആദ്യത്തെ മത്സരം. ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടമെന്ന നിലയിലാണ് ഈ മത്സരം ശ്രദ്ധ നേടുന്നത്.
ലോകകപ്പുകളില്‍ ഇന്ത്യക്കെതിരെ ജയം നേടാന്‍ പാക് ടീമിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഏകദിന ലോകകപ്പുകളില്‍ ഇതുവരെ ഏഴ് തവണയാണ് ഇരുവരും നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ ഏഴ് തവണയും ഇന്ത്യക്കൊപ്പമായിരുന്നു ജയം. ടി20 ലോകകപ്പില്‍ അഞ്ച് തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യയുടെ കൂടെ നിന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.