നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • സച്ചിൻ ടെണ്ടുൽക്കറെ നേരിട്ട് കണ്ടു; ക്രിക്കറ്റ് ഇതിഹാസം ഒരുപാട് പ്രചോദിപ്പിച്ചതായി മീരാഭായ് ചാനു

  സച്ചിൻ ടെണ്ടുൽക്കറെ നേരിട്ട് കണ്ടു; ക്രിക്കറ്റ് ഇതിഹാസം ഒരുപാട് പ്രചോദിപ്പിച്ചതായി മീരാഭായ് ചാനു

  മീരാഭായ് ചാനു സച്ചിനെ മുംബൈയിലെ അദ്ദേഹത്തിൻറെ വസതിയിൽ ചെന്നാണ് കണ്ടത്

  • Share this:
   ഏതാനും ദിവസങ്ങൾക്ക് മുമ്പ് അവസാനിച്ച ടോക്യോ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിക്കൊണ്ട് രാജ്യത്തിന് വേണ്ടി ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടുന്ന ആദ്യത്തെ കായികതാരമായി മീരാഭായ് ചാനു ചരിത്രം രചിച്ചിരിക്കുകയാണ്. മെഡൽ നേട്ടവുമായി കഴിഞ്ഞ മാസം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങിയപ്പോൾ വിമാനത്താവളത്തിലെ ജീവനക്കാരും സഹയാത്രികരും ആൾക്കൂട്ടവും ഹർഷാരവത്തോടെയാണ് ഈ മണിപ്പൂരി താരത്തെ വരവേറ്റത്.

   ചരിത്രം തിരുത്തിക്കുറിച്ച പ്രകടനത്തിന് ശേഷം മണിപ്പൂരിൽ കുടുംബവുമായി ഏതാനും ദിവസങ്ങൾ ചെലവഴിച്ച മീരാഭായ് ചാനു ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ മുംബൈയിലെ അദ്ദേഹത്തിന്റെ വസതിയിൽ ചെന്നു കണ്ടു. സച്ചിനുമായുള്ള ചിത്രങ്ങൾ മീരാഭായ് ചാനു ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുകയും ചെയ്തു.

   "ഇന്ന് രാവിലെ സച്ചിൻ ടെണ്ടുൽക്കറെ കാണാൻ കഴിഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളും പ്രചോദനവും എന്നും എന്റെ കൂടെ ഉണ്ടാകും. അവ എന്നെ ഒരുപാട് പ്രചോദിപ്പിച്ചു", ക്രിക്കറ്റ് ഇതിഹാസവുമൊത്തുള്ള ചിത്രങ്ങൾക്ക് അടിക്കുറിപ്പായി 27 വയസുകാരിയായ ഒളിമ്പിക്സ് മെഡൽ ജേതാവ് കുറിച്ചു. സച്ചിൻ ചാനുവിന്റെ വെള്ളി മെഡൽ സന്തോഷത്തോടെ കൈയിലെടുക്കുന്നത് ചിത്രങ്ങളിൽ കാണാം. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമായ സച്ചിൻ ചാനുവിന് പൂക്കൾ നൽകിയാണ് സ്നേഹവും സന്തോഷവും പ്രകടിപ്പിച്ചത്.   മീരാഭായ് ചാനുവിനെ കാണാൻ കഴിഞ്ഞതിലുള്ള സന്തോഷം സച്ചിനും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. "ഭാരം ഉയർത്തുന്നതുപോലെ തന്നെ വളരെ എളുപ്പത്തിൽ നമ്മുടെയൊക്കെ മനസിന്റെ പ്രസരിപ്പിനെ എടുത്തുയർത്താനും ചാനുവിന് കഴിയും. നിങ്ങളുമായി ചെലവഴിച്ച സമയം വളരെയധികം ആസ്വദിച്ചു. തുടർന്നും ജീവിതത്തിലും കരിയറിലും കുതിച്ചുയരുക", സച്ചിൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.   കർണം മല്ലേശ്വരിയ്ക്ക് ശേഷം ഭാരോദ്വഹനത്തിൽ ഒളിമ്പിക് മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയാണ് മീരാഭായ് ചാനു. 2000-ത്തിൽ സിഡ്‌നി ഒളിമ്പിക്സിൽ വെച്ച് കർണം മല്ലേശ്വരി ഭാരോദ്വഹനത്തിൽ വെങ്കല മെഡൽ നേടിയിരുന്നു. രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം 49 കിലോ വിഭാഗത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിക്കൊണ്ട് ചാനു ടോക്യോ ഒളിമ്പിക്സിലെ ഇന്ത്യയുടെ മെഡൽ നേട്ടത്തിന് തുടക്കമിട്ടു. ആകെ 202 കിലോഗ്രാം ഭാരം ഉയർത്തിയാണ് (87 കിലോ + 115 കിലോ) ചാനു വെള്ളി മെഡലിൽ മുത്തമിട്ടത്. ആ മെഡൽ നേട്ടത്തിലൂടെ ഒളിമ്പിക്സ് കായിക മാമാങ്കത്തിന്റെ ആദ്യ ദിവസം തന്നെ മെഡൽ നേടുന്ന ആദ്യത്തെ ഇന്ത്യൻ കായികതാരം എന്ന ചരിത്രനേട്ടവും മീരാഭായ് ചാനു സ്വന്തമാക്കി.

   വളരെ മികച്ച പ്രകടനമാണ് ഭാരോദ്വഹനത്തിൽ മീരാബായ് കാഴ്ച വെച്ചത്. എന്നാൽ, നിർഭാഗ്യവശാൽ സ്വർണ മെഡൽ സ്വന്തമാക്കാൻ ഈ ഇന്ത്യൻ താരത്തിന് കഴിഞ്ഞില്ല. ചാനുവിന്റെ കായിക ഇനത്തിൽ ചൈനയുടെ ഹൗ സിഹുയി ആണ് സ്വർണ മെഡൽ കരസ്ഥമാക്കിയത്. ഇന്തോനേഷ്യൻ താരമായ വിൻഡി ഐസ വെങ്കല മെഡൽ നേടി.
   Published by:Naveen
   First published:
   )}