ഇന്റർഫേസ് /വാർത്ത /Sports / Tokyo Olympics 2020| ഭാരോദ്വഹനത്തിൽ മീരഭായ് ചാനുവിന് വെള്ളി; ടോക്കിയോയിൽ ഇന്ത്യക്ക് ആദ്യ മെഡൽ

Tokyo Olympics 2020| ഭാരോദ്വഹനത്തിൽ മീരഭായ് ചാനുവിന് വെള്ളി; ടോക്കിയോയിൽ ഇന്ത്യക്ക് ആദ്യ മെഡൽ

Mirabai Chanu

Mirabai Chanu

കർണം മല്ലേശ്വരിക്ക് ശേഷം 21 വർഷങ്ങൾ കഴിഞ്ഞാണ് ഇന്ത്യയുടെ മെഡൽ നേട്ടം

  • Share this:

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ സമ്മാനിച്ച് മീര ഭായ് ചാനു. 49 കിലോ ഭാരോദ്വഹനത്തിലാണ് മീര ഭായ് ചാനു വെള്ളി മെഡൽ സ്വന്തമാക്കിയത്. കർണം മല്ലേശ്വരിക്ക് ശേഷം 21 വർഷങ്ങൾക്ക് ശേഷമാണ് ഭാരോദ്വഹനത്തിൽ ഇന്ത്യക്ക് ഒളിമ്പിക് മെഡൽ ലഭിക്കുന്നത്. 2000ലെ സിഡ്നി ഒളിമ്പിക്​സിലാണ് കർണം മല്ലേശ്വരി വെങ്കല മെഡൽ നേടിയത്.

ഇതേ വിഭാഗത്തിൽ ചൈനയുടെ സിയു ഹോയ്ക്കാണ് സ്വർണ മെഡൽ. 84 കിലോ, 87 കിലോ എന്നീ ഭാരങ്ങൾ ഉയർത്തിയ ചാനുവിന് 89 കിലോ ഉയർത്താനാവാതായതോടെയാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. അതേസമയം, സിയു 94 കിലോഗ്രാം ഉയർത്തി ഈ വിഭാഗത്തിൽ ഒളിമ്പിക് റെക്കോർഡും സ്വന്തമാക്കി.

മണിപ്പൂരിലെ ഈസ്റ്റ് ഇംഫാലിൽ 1994 ഓഗസ്റ്റ് എട്ടിന് ജനിച്ച സായ്കോം മീരബായി ചാനു 2016ൽ ഗുവാഹത്തിയിൽ നടന്ന സാഫ് ഗെയിംസിൽ വനിതകളുടെ 48 കിലോ വിഭാഗത്തിൽ സ്വർണ്ണം നേടിയിരുന്നു.

ഗ്ളാസ്ഗോയിൽ 2014-ൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വെള്ളിമെഡൽ നേടി. റിയോ ഒളിമ്പിക്‌സിലും വനിതകളുടെ 48 കിലോ ഗ്രാം ഭാരോദ്വഹനത്തിൽ ചാനു ഇന്ത്യക്ക് വേണ്ടി മത്സരിച്ചിരുന്നെങ്കിലും മെഡൽ നേടാനായിരുന്നില്ല.

അതേസമയം, ഷൂട്ടിംഗിലും അമ്പെയ്ത്തിലും ഇന്ത്യയ്ക്ക് ആദ്യം ദിനം തന്നെ നിരാശയായിരുന്നു. മിക്സ്ഡ് ഡബിൾസ് അമ്പെയ്ത്തിൽ ഇന്ത്യ പുറത്തായി. ക്വാർട്ടർ ഫൈനലിൽ കൊറിയയോടാണ് ഇന്ത്യയുടെ ദീപിക കുമാരി- പ്രവീൺ ജാദവ് സഖ്യം പരാജയപ്പെട്ടത്. പത്ത് മീറ്റർ എയർ പിസ്റ്റൾ ഫൈനലിൽ ഇന്ത്യയുടെ സൗരഭ് ചൗധരി ഏഴാമതായി.

ചാനുവിന്റെ മെഡൽ നേട്ടത്തിന് പിന്നാലെ അഭിനന്ദനവുമായി കർണം മല്ലേശ്വരിയുമെത്തി. ഇന്ത്യയുടെ അഭിമാന നിമിഷം എന്നായിരുന്നു വാർത്ത വന്നതിന് പിന്നാലെ കർണം മല്ലേശ്വരിയുടെ പ്രതികരണം.

First published:

Tags: Saikhom Mirabai Chanu, Tokyo Olympics, Tokyo Olympics 2020