ലക്നൗ: ഏകദിനത്തിൽ 7000 റൺസ് നേടുന്ന ആദ്യ വനിതാ താരമായി ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ മിതാലി രാജ്. ലക്നൗവിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന നാലാം ഏകദിനത്തിലാണ് മിതാലി രാജ് ഈ ചരിത്ര നേട്ടം കരസ്ഥമാക്കിയത്. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിലെ നാലാം മത്സരത്തിൽ 71 പന്തിൽ നിന്ന് നാല് ബൗണ്ടറി സഹിതം 45 റൺസാണ് മിതാലി നേടിയത്. ഇതോടെ ചരിത്ര നേട്ടം സ്വന്തം പേരിലാക്കിയ മിതാലിക്ക് നിലവിൽ 7019 റൺസ് സമ്പാദ്യമുണ്ട്. 213 മത്സരങ്ങളിൽ നിന്നാണ് മിതാലി ഈ നേട്ടം മറികടന്നത്.
ഇംഗ്ലണ്ട് താരം ചാർലറ്റ് എഡ്വാർഡ്സാണ് മിതാലിക്ക് പിന്നിൽ രണ്ടാം സ്ഥാനത്തുള്ളത്. 191 മത്സരങ്ങളിൽ നിന്നും 5992 റൺസാണ് എഡ്വാർഡ്സിന്റെ സമ്പാദ്യം. 118 മത്സരങ്ങളിൽ നിന്നും 4844 റൺസുമായി ഓസ്ട്രേലിയയുടെ ബി ജെ ക്ലർക്ക് മൂന്നാം സ്ഥാനത്തുണ്ട്.
ഈ പരമ്പരയിലെ മൂന്നാം ഏകദിനത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 10,000 റൺസ് പിന്നിടുന്ന രണ്ടാമത്തെ വനിതാ താരമെന്ന റെക്കോർഡ് മിതാലി സ്വന്തം പേരിലാക്കിയിരുന്നു. മൂന്ന് ഫോർമാറ്റിലുമായി 311 മത്സരങ്ങളിൽ നിന്നാണ് മിതാലി ചരിത്രം സൃഷ്ടിച്ചത്. നിലവിൽ 75 അർദ്ധസെഞ്ചുറിയും 8 സെഞ്ചുറികളും മിതാലിയുടെ പേരിലുണ്ട്.
1999 ജൂണിൽ അയർലണ്ടിനെതിരായ ഏകദിന മൽസരത്തിലൂടെയാണ് മിതാലി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കടന്ന് വന്നത്. രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിതാ താരങ്ങളിലൊരാളായ മിതാലി 213 ഏകദിന മത്സരങ്ങളും, 89 ടി20 മത്സരങ്ങളും, 10 ടെസ്റ്റ് മത്സരങ്ങളും ഇതിനോടകം ഇന്ത്യൻ ജഴ്സയിൽ പൂർത്തിയാക്കി. ടി20 യിൽ 2364 റൺസും ടെസ്റ്റ് ക്രിക്കറ്റിൽ 663 റൺസും മിതാലി സ്വന്തം പേരിലാക്കിയിട്ടുണ്ട്.
ഇന്ത്യക്കായി നിലവിൽ ഏകദിനത്തിൽ മാത്രമാണ് താരം കളിക്കുന്നത്. ക്യാപ്റ്റൻ എന്ന നിലയിൽ ഇന്ത്യൻ ടീമിനെ രണ്ടു വട്ടം ലോകകപ്പ് ഫൈനലിൽ എത്തിക്കാനും മിതാലിക്ക് കഴിഞ്ഞു.
Also Read-
നാലാം ഏകദിനത്തിൽ ജയം; ഇന്ത്യയ്ക്കെതിരെ പരമ്പര നേടി ദക്ഷിണാഫ്രിക്കൻ വനിതകൾപാരമ്പരയിലെ നാലാം ഏകദിനത്തിലൂടെ ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളർ ഷബ്നിം ഇസ്മായിൽ വേഗത്തിൽ 150 വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡ് സ്വന്തമാക്കി. 91 ഇന്നിങ്സുകളിൽ നിന്ന് ഈ നേട്ടം കരസ്തമാക്കിയ കാതറിൻ ഫിറ്റ്സ്പട്രിക് ആണ് ഈ റെക്കോർഡിൽ ഒന്നാമത്. നാലാം മൽസരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഉയർത്തിയ 267 റൺസ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക 48.4 ഓവറിൽ മറികടന്നു. പൂനം റാവത്തിന്റെ സെഞ്ചുറി പ്രകടനമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
ഇന്ത്യയുടെ സ്കോർ പിന്തുടർന്ന ദക്ഷിണാഫ്രിക്കക്കായി ആദ്യ വിക്കറ്റിൽ ലീസെൽ ലീയും ലോറ വോൾവാർട്ടും ചേർന്ന് നേടിയ 116 റൺസ് കൂട്ടുകെട്ടാണ് അവരുടെ ജയത്തിൽ നിർണായകമായത്. ലീ (69), ലോറ (53), ഗൂഡാൽ ( 59) , ഡു പ്രീസ് (61) എന്നിവർ അർദ്ധ സെഞ്ച്വറികൾ നേടി ദക്ഷിണാഫ്രിക്കൻ വിജയം ആധികാരികമാക്കി. കളിയുടെ ഒരു ഘട്ടത്തിൽ പോലും ഇന്ത്യൻ ബോളിങ് നിരക്ക് ദക്ഷിണാഫ്രിക്കൻ ടീമിനെതിരെ വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല.
Mithali raj first women cricketer to score 7000 ODI runs
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.