ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം (Indian Women's Cricket team) ക്യാപ്റ്റൻ മിതാലി രാജിന്റെ (Mithali Raj) ബയോപിക് 'ഷബാഷ് മിത്തു'വിന്റെ (Shabaash MITHU) ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. മിതാലിയുടെ കഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ താരത്തിന്റെ ജന്മദിനത്തിന്റെ അന്ന് തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. മിതാലി തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ ചിത്രത്തിൻറെ പോസ്റ്റർ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. ഫെബ്രുവരി 22നാണ് ചിത്രത്തിൻറെ റിലീസ്.
ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെയ്ക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും മിതാലി പ്രകടിപ്പിച്ചു. തന്റെ ജന്മദിനത്തിന്റെ അന്ന് തന്നെ ഇത്തരത്തിൽ ഒരു വാർത്ത പങ്കുവെയ്ക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷവതിയാണെന്നും 'ഷബാഷ് മിത്തു'വിന്റെ എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ എന്നാണ് മിതാലി പോസ്റ്റർ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.
ശ്രീജിത്ത് മുഖർജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രമുഖ ബോളിവുഡ് നടി തപ്സി പന്നുവാണ് (Tapsee Pannu) ചിത്രത്തിൽ മിതാലി രാജായി വേഷമിടുന്നത്. വിജയ് റാസും ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. പ്രിയ ആവെന് ആണ് ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത്. വയാകോം 18 ആണ് ചിത്രം നിർമിക്കുന്നത്. സിർഷ റേ സിനിമാറ്റോഗ്രഫി കൈകാര്യം ചെയ്യുമ്പോൾ ചിത്രത്തിലെ സൗണ്ട് ഡിസൈൻ ചെയ്യുന്നത് മലയാളി ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടിയാണ്.
ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച വനിതാ താരങ്ങളില്‍ ഒരാളാണ് മിതാലി രാജ്. ഇന്ത്യയുടെ അഭിമാന താരമായ മിതാലി രണ്ട് ദശാബ്ദങ്ങളായി ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര തലത്തിൽ കളിക്കുന്നു. ഏകദിനത്തിലും (ODI) ടെസ്റ്റ് പരമ്പരകളിലുമെല്ലാം ക്യാപ്റ്റനായിരുന്ന (captain) മിതാലി ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങളിലൊന്നാണ്. ഏകദിന ക്രിക്കറ്റില്‍ 7391 റണ്‍സോടെ വനിതാ ക്രിക്കറ്റിൽ ഏറ്റവുമധികം റണ്‍സ് നേടിയ താരമാണ് മിതാലി. വനിതാ ക്രിക്കറ്റിൽ അന്താരാഷ്ട്ര തലത്തിൽ ഏറ്റവും റുണ്ട് നേടിയ താരം കൂടിയാണ് മിതാലി. ഏകദിനത്തിൽ ഇതുവരെ ഏഴ് സെഞ്ചുറികളും 59 അര്‍ധസെഞ്ചുറികളും താരം നേടിയിട്ടുണ്ട്. ഇതുവരെ ഏകദിനത്തിൽ മറ്റൊരു വനിതാ താരവും 6000 റണ്‍സ് പോലും നേടിയിട്ടില്ല എന്നത് പരിഗണിക്കുമ്പോഴാണ് മിതാലിയുടെ മികവിന്റെ മാറ്റ് കൂടുന്നത്. 89 ടി-20 മത്സരങ്ങളില്‍ നിന്ന് 2364 റണ്‍സ് നേടിയ മിതാലി തന്നെയാണ് ഈ ഫോർമാറ്റിൽ ഇന്ത്യയുടെ ടോപ് സ്കോറർ. 12 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി ഒരു ഇരട്ട സെഞ്ചുറി ഉള്‍പ്പെടെ 699 റണ്‍സും മിതാലി നേടിയിട്ടുണ്ട്.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.