വനിതാ ക്രിക്കറ്റിൽ ഏകദിനത്തിൽ ഒന്നാം റാങ്കിലേക്ക് തിരിച്ചെത്തി ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജ്. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലേത് ഉൾപ്പെടെ തുടർച്ചയായി അഞ്ച് അർധസെഞ്ചുറി നേടിയതോടെയാണ് രണ്ടാം സ്ഥാനത്ത് നിന്നും മിതാലി ഒന്നാം സ്ഥാനത്തേക്ക് കയറിയത്.
762 റേറ്റിങ് പോയിന്റോടെയാണ് മിതാലി ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 761 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ദക്ഷിണാഫ്രിക്കൻ താരം ലിസെൽ ലീയെ മറികടന്നാണ് മിതാലി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഓസ്ട്രേലിയയുടെ അലീസ ഹീലി മൂന്നാമതും ഇംഗ്ലണ്ടിന്റെ ടാമി ബ്യൂമൗണ്ട് നാലാമതും നില്ക്കുന്നു.
മിതാലിക്കൊപ്പം മറ്റൊരു ഇന്ത്യന്‍ താരമായ സ്മൃതി മന്ദാനയും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി. എട്ടാം സ്ഥാനത്തായിരുന്ന സ്മൃതി പുതിയ റാങ്ക് പട്ടികയിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തേക്ക് കയറി. 701 പോയിന്റാണ് സ്മൃദ്ധിയുടെ പേരിലുള്ളത്. പട്ടികയിൽ ആദ്യ പത്തിൽ ഇന്ത്യയിൽ നിന്നും ഇവർ രണ്ട് പേരാണുള്ളത്.
ബാറ്റിങ്ങിൽ നേട്ടമുണ്ടാക്കിയതിന് പുറമെ ബൗളിംഗ്, ഓൾ റൗണ്ടർ റാങ്കിങ് പട്ടികയിലും നേട്ടമുണ്ടാക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. ബൗളർമാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ രണ്ട് പേരാണ് ഇന്ത്യൻ ടീമിൽ നിന്നും ഇടം നേടിയത്. ഇന്ത്യയുടെ ജൂലന്‍ ഗോസ്വാമി (694 റേറ്റിംഗ് പോയിന്റ്) ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം റാങ്കിലെത്തിയപ്പോള്‍ പൂനം യാദവ് (617) ഒന്‍പതാം റാങ്കില്‍ തന്നെ തുടരുന്നു. ഓസ്ട്രേലിയയുടെ ജെസ്സ് ജോനാസ്സെൻ (808) ഒന്നാം സ്ഥാനത്തും മേഗൻ ഷുട്ട് (762) രണ്ടാം സ്ഥാനത്തും തുടരുന്നു.
വനിതാ ഓൾ റൗണ്ടർമാരുടെ പട്ടികയില്‍ ഇന്ത്യയുടെ ദീപ്തി ശര്‍മ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്കുയര്‍ന്നു. 331 പോയന്റാണ് താരത്തിനുള്ളത്. ഓൾറൗണ്ടർമാരുടെ പട്ടികയില്‍ ആദ്യ പത്തിലുള്ള ഏക താരവും ദീപ്തി ശര്‍മയാണ്. ഓസ്ട്രേലിയയുടെ എലീസെ പെറിയാണ് (418) പട്ടികയില്‍ ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ മാരിസാനെ കാപ്പ് (384) രണ്ടാമതും ഇംഗ്ലണ്ടിന്റെ നതാലി സൈവര്‍ (384) മൂന്നാതും നിൽക്കുന്നു.
ബാറ്റിങ്ങിൽ ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയതിനൊപ്പം രാജ്യാന്തര ക്രിക്കറ്റിൽ 20,000 റൺസ് കൂടി മിതാലി പൂർത്തിയാക്കി. ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ 61 റൺസ് കുറിച്ചതോടെയാണ് ഇന്ത്യൻ താരം ഈ നേട്ടത്തിൽ എത്തിയത്. രാജ്യാന്തര തലത്തിൽ ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ വനിതാ താരം കൂടിയാണ് മിതാലി.
ഓസ്ട്രേലിയക്കെതിരായ ഏകദിന മത്സരത്തിൽ മിതാലിയും സംഘവും ഒരുപിടി നേട്ടങ്ങൾ സ്വന്തമാക്കിയെങ്കിലും മത്സരത്തിൽ ഓസീസ് ടീമിനോട് ജയിക്കാൻ ഇന്ത്യക്ക് കഴിഞ്ഞില്ല. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 225 റൺസ് കുറിച്ചപ്പോൾ ഓസ്ട്രേലിയ 41 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഓസ്ട്രേലിയ 1-0 ന് മുന്നിലെത്തി.
ഓസ്ട്രേലിയയുമായി ഏകദിന പരമ്പരയ്ക്ക് പുറമെ മൂന്ന് ടി20യും ഒരു ടെസ്റ്റും ഇന്ത്യ കളിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.