നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമാകണം'; ജീവിത സ്വപ്നം വെളിപ്പെടുത്തി മുഹമ്മദ് സിറാജ്

  'ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമാകണം'; ജീവിത സ്വപ്നം വെളിപ്പെടുത്തി മുഹമ്മദ് സിറാജ്

  സിറാജ് ഇതുവരെ 5 ടെസ്റ്റുകളും, ഒരു ഏകദിനവും, മൂന്ന് ടി20യും ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിച്ചിട്ടുണ്ട്.

  mohammad siraj

  mohammad siraj

  • Share this:
   ഇത്തവണത്തെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയുടെ ചരിത്രപരമായ പരമ്പര വിജയത്തില്‍ ശ്രദ്ധേയ പങ്കു വഹിച്ച വ്യക്തിയാണ് മുഹമ്മദ് സിറാജ്. ടീമില്‍ മുന്‍നിര ബൗളര്‍മാരുടെ അഭാവത്തില്‍, ഗാബയില്‍ നടന്ന അവസാന ടെസ്റ്റില്‍ സിറാജ് ആയിരുന്നു ഇന്ത്യയുടെ ബൗളിങ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ഓസ്‌ട്രേലിയയുടെ ബാറ്റിങ്ങ് നിരയെ തകര്‍ത്തെറിയുകയും, രണ്ടാം ഇന്നിങ്ങ്‌സില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കാനും അദ്ദേഹത്തിന് സാധിച്ചു. അതുവഴി ഓസ്ട്രേലിയയുടെ ഇന്നിങ്ങ്‌സ് 294 ന് അവസാനിപ്പിച്ചത് മത്സരത്തില്‍ നിര്‍ണായകമായിരുന്നു. ഇന്ത്യ, ഓസ്ട്രേലിയയുടെ കോട്ടയായ ഗാബയില്‍ അവസാന ദിവസം വിജയലക്ഷ്യമായ 328 റണ്‍സ് മറികടന്നു ചരിത്രം കുറിച്ചു. 32 വര്‍ഷത്തിനിടെ ആദ്യ വിജയമാണ് ഇന്ത്യ ഗാബയില്‍ നേടിയത്.

   ഇപ്പോള്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ബൗളറാകണം എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജ്. അവസരം കിട്ടുമ്പോഴെല്ലാം അതിനു വേണ്ടി കഠിനമായി പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2017ല്‍ ന്യൂസിലന്‍ഡിനെതിരെ ക്രിക്കറ്റിലെ ഏറ്റവും ചെറിയ ഫോര്‍മാറ്റിലൂടെയാണ് സിറാജ് അരങ്ങേറ്റം കുറിക്കുന്നത്. സിറാജ് ഇതുവരെ 5 ടെസ്റ്റുകളും, ഒരു ഏകദിനവും, മൂന്ന് ടി20യും ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിച്ചിട്ടുണ്ട്.

   തന്റെ നേട്ടങ്ങളുടെ പിറകില്‍ തന്റെ സഹ കളിക്കാരായ ജസ്പ്രിത് ബുമ്രയും, ഇഷാന്ത് ശര്‍മയും ആണെന്നാണ് സിറാജ് പറയുന്നത്. 'ഞാന്‍ ബൗള്‍ ചെയ്യുമ്പോഴെല്ലാം ബുമ്ര എനിക്കൊപ്പമുണ്ടാവും. പ്രാഥമിക പാഠങ്ങളില്‍ ഉറച്ച് നിന്ന് ബൗള്‍ ചെയ്യാനും, കൂടുതലൊന്നും കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കാതിരിക്കാനുമാണ് ബുമ്ര ഉപദേശിക്കുക. അത്രയും പരിചയസമ്പത്തുള്ള കളിക്കാരനില്‍ നിന്ന് കൂടുതല്‍ പഠിക്കാനായത് വലിയ കാര്യമാണ്' മുഹമ്മദ് സിറാജ് പറഞ്ഞു.

   ഐ പി എല്ലില്‍ ബാംഗ്ലൂര്‍ ടീമിന്റെ സ്റ്റാര്‍ പേസറാണ് മുഹമ്മദ് സിറാജ്. അവസാന വര്‍ഷം ആര്‍ സി ബിയിലെത്തിയപ്പോള്‍ ഒട്ടും ആത്മവിശ്വാസം ഉണ്ടായിരുന്നില്ലെന്ന് താരം തുറന്ന് പറഞ്ഞു. കെ കെ ആറിനെതിരായ മത്സരമാണ് വഴിത്തിരിവായതെന്നും താരം വെളിപ്പെടുത്തി. ബാംഗ്ലൂര്‍ ടീം ബാറ്റിങ് കോച്ചും മികച്ച പിന്തുണ നല്‍കുന്നുണ്ടെന്നും സിറാജ് പറയുന്നു.

   ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം സിറാജിന് വൈകാരികമായ ഒന്നായിരുന്നു. മത്സരത്തിനായി ക്വാറന്റൈനില്‍ ഇരിക്കുമ്പോഴാണ് താരത്തിന്റെ അച്ഛന്‍ മരിച്ച വിവരം അദ്ദേഹം അറിയുന്നത്. നിര്‍ഭാഗ്യവശാല്‍ സിറാജിന്റെ റൂമിലേക്ക് പോലും ആര്‍ക്കും കടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ത്യക്ക് വേണ്ടി കളിക്കണം എന്ന അച്ഛന്റെ ആഗ്രഹം സഫലമാക്കുന്നതിനായി അമ്മയും ഭാര്യയുമാണ് പിന്തുണ നല്‍കിയതെന്നും സിറാജ് പറഞ്ഞു. ആര്‍ സി ബി ട്വിറ്ററിലൂടെ പുറത്ത് വിട്ട വീഡിയോയിലാണ് താരം മനസ് തുറന്നത്. നാളെ വൈകീട്ട് 7.30 ന് ബാംഗ്ലൂരും മുംബൈയും തമ്മിലാണ് ഐ പി എല്ലിന്റെ ഉദ്ഘാടന മത്സരം.
   Published by:Jayesh Krishnan
   First published:
   )}