ഘാനയിൽ നിന്നും ഫുട്ബോൾ കളിയ്ക്കാൻ വന്നു; മൂസ ഇപ്പോൾ വയനാടിന്റെ സ്നേഹത്തിന്റെ ലോക്ക്ഡൗണിൽ

'സുഡാനി ഫ്രം നൈജീരിയ'യിൽ കണ്ടതിനോളം മലയാളക്കരയുടെ സ്നേഹം അനുഭവിച്ചറിയാൻ സാധിച്ച ഘാന സ്വദേശിയായ ഫുട്ബോൾ താരം മൂസ

News18 Malayalam | news18-malayalam
Updated: September 4, 2020, 4:22 PM IST
ഘാനയിൽ നിന്നും ഫുട്ബോൾ കളിയ്ക്കാൻ വന്നു; മൂസ ഇപ്പോൾ വയനാടിന്റെ  സ്നേഹത്തിന്റെ ലോക്ക്ഡൗണിൽ
നാട്ടുകാർക്കൊപ്പം മൂസ (ഫോട്ടോ: രതീഷ് വാസുദേവൻ)
  • Share this:
വയനാട്: ഫുട്ബോൾ ഒരു രാജ്യമാണ്, യുദ്ധമാണ്, ആവേശമാണ്. കാൽപന്തുകളിയിലെ വൈകാരികത ലോകത്തെ ഏതൊരു കളിയേയും മറികടക്കുന്നതാണ്. ഇത്തരം രാജ്യാതീതമായ സ്നേഹത്തിന് ഉദാഹരണമാണ് വയനാട് ജില്ലയിൽ സെവൻസ് ഫുട്ബോൾ കളിക്കാനെത്തിയ ആഫ്രിക്കൻ കളിക്കാരൻ മൂസാ ഇബ്രാഹിമിന്റെ കോവിഡ്കാല ജീവിതം.

ഒരുതരത്തിൽ നോക്കിയാൽ മലയാളക്കരയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ അവസരം ലഭിച്ച 'സുഡാനി ഫ്രം നൈജീരിയ'യിലെ സുടുമോനുമായി താരതമ്യം ചെയ്യുമ്പോൾ ജീവിതത്തിലെ വ്യത്യസ്ത ഉദാഹരണമായി മൂസയെ ചൂണ്ടിക്കാട്ടാം.

എട്ട് മാസമായി വയനാട് അമ്പലവയലിൽ മൂസയെയെ കാക്കാൻ ഫുട്ബോൾ ആരാധകരും നാട്ടുകാരും ഒപ്പുണ്ട്. ഫുട്ബോൾ കളിയുടെ ആവേശം, കാലവും ദേശവും ഭാഷയും ഒക്കെ മറികടക്കുന്ന അത്ഭുതമാണ്. അതുകൊണ്ട് തന്നെയാണ് ആഫ്രിക്കൻ ഫുട്ബോൾ താരം മൂസാ ഇബ്രാഹിമിന് വയനാടൻ മൈതാനങ്ങളിൽ ഇങ്ങനെ പന്തുരുട്ടാൻ കഴിയുന്നത്.

AFC അമ്പലവയലിന്റെ താരമായി സെവൻസ് ഫുട്ബോൾ മേളകളിൽ പങ്കെടുക്കാനാണ് കഴിഞ്ഞ ഡിസംബറിൽ മൂസ വയനാട്ടിലെത്തിയത്. കൂടുതൽ മേളകളിൽ പങ്കെടുത്ത് തിരിച്ചു പോകാൻ ശ്രമിക്കുന്നതിനിടെ കേറോണയുടെ ഫൗൾ പ്ലേയിൽ മൂസ വീണു പോയി. ഫുട്ബോൾ മാന്ത്രികരായ ഘാന എന്ന ആഫ്രിക്കൻ രാജ്യത്ത് ഫുട്ബോളിന് വേണ്ടി ജീവിച്ചാൽ ഫുട്ബോൾ നിങ്ങൾക്ക് ജീവിക്കാനുള്ളത് നൽകുമെന്നാണ് ഘാനക്കാരുടെ വിശ്വാസം.കേരളത്തിലേക്കുള്ള തന്റെ ആദ്യയാത്രയിൽ കോവിഡിന്റെ കളിയിൽ പെട്ടുപോകുമെന്ന് മൂസ കരുതിയില്ല. ഘാനയിൽ നാല് സഹോദരങ്ങളും മാതപിതാക്കളും ഉണ്ട്. ഘാനയിലെ പ്രദേശിക ക്ലബ്ബ് താരമായ ഈ 24കാരൻ ഏറേ ആവേശത്തോടെയാണ് ഫുട്ബോൾ ആരധകരുടെ നാടായ കേരളത്തിൽ എത്തിയത്.

കൊറോണ കാലം ലോകത്തെ സകലമനുഷ്യരുടെയും ജീവിതത്തെ അപ്രതീക്ഷിതമായി മാറ്റി മറിച്ചപ്പോൾ മൂസയ്ക്ക് മടങ്ങാനായില്ല. മടങ്ങാൻ വിമാന കൂലിയിനത്തിലും വലിയ തുക വേണ്ടതുണ്ട്. ഇവ കണ്ടെത്താൻ നാട്ടുകാരും ഫുട്ബോൾ ആരാധകരും പൊതുസമൂഹത്തിന്റെ സഹായം പ്രതീക്ഷിക്കുകയാണ്.

വയനാട് ജില്ലയിൽ മൂസ മാത്രമാണ് മടങ്ങാനുള്ളതെങ്കിലും കേരളത്തിൽ എകദശം 101 ആഫ്രിക്കൻ ഫുട്ബോൾ താരങ്ങൾ അവരവരുടെ രാജ്യത്തേക്ക് മടങ്ങാൻ കാത്തിരിക്കുകയയാണ്.

മാസങ്ങളായി കോവിഡ് നിയന്ത്രണങ്ങളുടെ പരിമിതികളിൽ നിന്നുകൊണ്ട് പരിശീലനവും പാചകവും പാട്ടുമൊക്കെയായി കഴിഞ്ഞുകൂടുകയാണ് ഈ 23കാരൻ. യാത്രാ നിയന്ത്രണങ്ങൾ ഒഴിവായാൽ ഘാനയിൽ പോയി കൂടുതൽ ആവേശത്തോടെ കേരളത്തിന്റെ ഫുട്ബോൾ മൈതാനങ്ങളിലേക്ക് തിരിച്ചു വരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മൂസ.
Published by: Meera Manu
First published: September 4, 2020, 4:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading