• HOME
  • »
  • NEWS
  • »
  • sports
  • »
  • ചരിത്രം രചിക്കാൻ മൊറോക്കോ;അവസാന ലോകകപ്പിൽ മോഡ്രിച്ചിന് വിജയം സമ്മാനിക്കാൻ ക്രൊയേഷ്യ

ചരിത്രം രചിക്കാൻ മൊറോക്കോ;അവസാന ലോകകപ്പിൽ മോഡ്രിച്ചിന് വിജയം സമ്മാനിക്കാൻ ക്രൊയേഷ്യ

ലോകകപ്പിലെ മൂന്നാം സ്ഥാനത്തിന് വേണ്ടി ക്രൊയേഷ്യയും മൊറോക്കോയും തമ്മിലാണ് മാച്ച്

  • Share this:

    ഈ വർഷത്തെ ഫുട്ബോൾ ലോകകപ്പ് സമാപനത്തിലേക്ക് അടുക്കുകയാണ്. ഡിസംബര്‍ 18 നാണ് അവസാന മൽസരം. ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സ് അര്‍ജന്റീനയെ നേരിടും. ഫൈനലിന് പുറമെ, ഒരു മത്സരം കൂടി ലോകകപ്പില്‍ അവശേഷിക്കുന്നുണ്ട്. ലോകകപ്പിലെ മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടമാണത്.

    ക്രൊയേഷ്യയും മൊറോക്കോയും തമ്മിലാണ് ഈ മാച്ച്. ലോകകപ്പ് സെമിഫൈനലില്‍ തോറ്റ രണ്ട് ടീമുകള്‍ തമ്മിലുള്ള മൽസരമാണിത്. സാധാരണയായി ഫൈനലിന്റെ തലേദിവസമാണ് ഈ മത്സരം നടക്കുക. മത്സരത്തിലെ വിജയിയാകും ടൂര്‍ണമെന്റിലെ മൂന്നാം സ്ഥാനക്കാർ. ഉറുഗ്വേ ആതിഥേയത്വം വഹിച്ച 1930-ലെ ആദ്യത്തെ ഫിഫ ലോകകപ്പിലും 1950-ലെ ബ്രസീലില്‍ നടന്ന ലോകകപ്പിലും മൂന്നാം സ്ഥാനക്കാർക്കു വേണ്ടിയുള്ള മത്സരമുണ്ടായിരുന്നില്ല.

    Also read- ഇന്നത്തെ മൊറോക്കോ ക്രൊയേഷ്യ ലോകകപ്പ് മൽസരം മിസ്സാകാതിരിക്കാൻ മൂന്ന് കാരണങ്ങൾ

    മൂന്നാം സ്ഥാനത്തിനുള്ള ആദ്യ പ്ലേ ഓഫ് മത്സരം സംഘടിപ്പിച്ചത് 1934 ൽ ഇറ്റലിയിൽ നടന്ന ലോകകപ്പിലാണ്. ഈ മത്സരത്തില്‍ ജര്‍മ്മനി അയല്‍ക്കാരായ ഓസ്ട്രലിയയെ 3-2 ന് പരാജയപ്പെടുത്തി മൂന്നാം സ്ഥാനം നേടി. നേപ്പിള്‍സായിരുന്നു മത്സരത്തിന്റെ വേദി. ഇംഗ്ലണ്ടും ബെല്‍ജിയവും തമ്മിലായിരുന്നു 2018 മൂന്നാം സ്ഥാനത്തിനുള്ള പ്ലേ ഓഫ് ഗെയിം. പ്ലേ ഓഫില്‍ വിജയിക്കുന്ന ടീമിന് ഒരു വെങ്കല മെഡലും ക്യാഷ് റിവാര്‍ഡും ലഭിക്കും.

    ഇന്ന് ഖത്തരില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്ന മൂന്നാം സ്ഥാനക്കാര്‍ക്ക് 27 മില്യണ്‍ ഡോളറും നാലാം സ്ഥാനത്തുള്ള ടീമിന് 25 മില്യണ്‍ ഡോളറും ലഭിക്കും. ലോകകപ്പ്, കോപ്പ അമേരിക്ക തുടങ്ങിയ മത്സരങ്ങളില്‍ മൂന്നാം സ്ഥാനം നിര്‍ണ്ണയിക്കാനുള്ള മത്സരം നടത്താറുണ്ട്. യുവേഫ ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പിയ ലീഗ്, കോണ്‍ഫറന്‍സ് ലീഗ്, എഫ്എ കപ്പ്, തുടങ്ങിയ വിവിധ യൂറോപ്യന്‍ ആഭ്യന്തര മത്സരങ്ങളിൽ മൂന്നാം സ്ഥാനത്തിനു വേണ്ടിയുള്ള പ്ലേ ഓഫ് മത്സരമില്ല.

    Also read- ആരാധകർക്ക് സന്തോഷവാർത്ത; ഫൈനലില്‍ അർജന്‍റീന ഇറങ്ങുന്നത് ഹോം ജേഴ്സിയില്‍ തന്നെ

    ശനിയാഴ്ച അല്‍ റയ്യാനിലെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ രാത്രി 8:30 നാണ് 2022 ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരം നടക്കുക. തന്റെ അവസാന ലോകകപ്പിൽ, ക്യാപ്റ്റന്‍ ലൂക്കാ മോഡ്രിച്ചിന് വിജയം സമ്മാനിക്കാൻ ക്രൊയേഷ്യൻ ടീം തയ്യാറെടുക്കുമ്പോൾ ചരിത്രത്തിലെ ഏറ്റവും മികച്ച സ്ഥാനം ലക്ഷ്യമിട്ടാണ് മൊറോക്കോ ഇറങ്ങുന്നത്.

    ഫൈനലില്‍ അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലാണ് മത്സരം. ക്രൊയേഷ്യയെ എതിരില്ലാത്തെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീനയും മൊറോക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ഫ്രാന്‍സും ഫൈനലിലെത്തിയത്. നിലവിലെ ജേതാക്കളായ ഫ്രാന്‍സ് ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ഫൈനലിലേക്ക് കുതിക്കുന്നത്. ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന രണ്ട് ടീമുകള്‍ മുഖാമുഖം വരുമ്പോള്‍ ലോകകപ്പ് ഫൈനല്‍ തീപാറുമെന്ന് ഉറപ്പ്.

    Published by:Vishnupriya S
    First published: