ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ അതിൽ ബിസിസിഐ ഒരു സർപ്രൈസ് തീരുമാനം എടുത്തിരുന്നു. ലോകകപ്പിൽ കളിക്കുന്ന ഇന്ത്യൻ ടീമംഗങ്ങൾക്ക് മാർഗനിർദേശം നല്കാൻ ടീമിന്റെ മെന്ററായി ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ ആയിരുന്ന മഹേന്ദ്ര സിങ് ധോണിയെയാണ് അവർ നിയമിച്ചത്. ബിസിസിഐയുടെ തീരുമാനത്തെ എല്ലാവരും ഒരുപോലെ സ്വാഗതം ചെയ്തിരുന്നു. ടീം സെലക്ഷനെക്കാൾ ധോണി ടീം മെന്ററായി എത്തുന്നു എന്ന വാർത്തയായിരുന്നു കൂടുതൽ ശ്രദ്ധ നേടിയത്. ഇന്ത്യയുടെ ക്യാപ്റ്റനായിരിക്കെ ധോണി ഇന്ത്യക്ക് മൂന്ന് ഐസിസി ടൂർണമെന്റുകൾ നേടികൊടുത്തിട്ടുണ്ട് എന്നതും ഒപ്പം താരങ്ങളെ കൈകാര്യം ചെയ്യുന്നതിൽ ധോണി പുലർത്തുന്ന മികവ് കൂടിയാണ് അദ്ദേഹത്തിന് ലഭിക്കുന്ന ഈ സ്വീകാര്യതയുടെ കാരണം.
കഴിഞ്ഞ ദിവസം ആർസിബിക്കെതിരെ ചെന്നൈ ജയം നേടിയപ്പോൾ മുൻ ഇന്ത്യൻ താരമായ പാർഥിവ് പട്ടേൽ ധോണിയെ വിശേഷിപ്പിച്ചത് 'മെന്റർ സിങ് ധോണി' എന്നായിരുന്നു. ഇപ്പോഴിതാ ബിസിസിഐ ധോണിയെ മെന്ററാക്കിയ തീരുമാനത്തെ കുറിച്ച് അഭിപ്രായം പറഞ്ഞിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനായ മൈക്കൽ വോൺ. ക്രിക്ക്ബസ് സംഘടിപ്പിച്ച ക്രിക്കറ്റ് ലൈവ് എന്ന പരിപാടിക്കിടയിലാണ് മൈക്കൽ വോൺ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
‘Greatest decision to make #MSDhoni #TeamIndia’s mentor’
Watch @bhogleharsha & @MichaelVaughan hail MS Dhoni the master tactician & believe India will benefit from him as a mentor, on #CricbuzzLive#IPL2021 #RCBvCSK #CSK pic.twitter.com/CmwUrK6fMt
— Cricbuzz (@cricbuzz) September 24, 2021
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിക്കാൻ ധോണി പയറ്റുന്ന ശൈലി ചൂണ്ടിക്കാട്ടിയാണ് വോണ്‍ തന്റെ അഭിപ്രായം പറഞ്ഞത്. ''നിങ്ങള്‍ ചെന്നൈയുടെ ബാറ്റിംഗ് ലൈനപ്പ് നോക്കൂ. പിച്ചും ബൗളിംഗും പരിശോധിച്ച് അവര്‍ ഓര്‍ഡറില്‍ മാറ്റം വരുത്തികൊണ്ടിരിക്കും. തന്ത്രപരമായ ഒരു രീതിയാണ് അവർ പിന്തുടരുന്നത്. ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനാണ് ധോണി. ലോകകപ്പില്‍ അദ്ദേഹത്തെ മെന്ററാക്കിയതില്‍ ചിലര്‍ക്കെങ്കിലും സംശയങ്ങളുണ്ടായിരുന്നു. എന്തിനാണ് അത്തരമൊരു റോള്‍ പലരും ചോദിച്ചിരുന്നു. എന്നാല്‍ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് എടുത്ത ഏറ്റവും മികച്ച തീരുമാനമാണത്. ലോകകപ്പ് പോലൊരു ടൂർണമെന്റിൽ കളിക്കുമ്പോൾ ധോണിയെപ്പോലൊരാൾ ഡഗ്ഔട്ടില്‍ വേണം.'' വോണ്‍ വ്യക്തമാക്കി.
കഴിഞ്ഞ സീസണിൽ പ്ലേഓഫ് യോഗ്യത നേടാതെ പുറത്തായ ചെന്നൈ ഈ സീസൺ തുടക്കം മുതൽ മിന്നും ഫോമിലാണുള്ളത്. ബാറ്റ്‌സ്മാനെന്ന നിലയിലും ധോണി മറക്കാന്‍ ആഗ്രഹിക്കുന്ന സീസണായിരുന്നു അത്. 200 റണ്‍സ് മാത്രമാണ് ധോണി നേടിയത്. ഇത്തവണ ചെന്നൈ മൊത്തത്തില്‍ മാറി. ക്യാപ്റ്റന്റെ തന്ത്രങ്ങളിലൂടെയാണ് ചെന്നൈ കുതിക്കുന്നത്. ഈ സീസണിൽ നിലവിൽ ഒമ്പത് മത്സരങ്ങളിൽ നിന്നും 14 പോയിന്റുള്ള അവർ രണ്ടാം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ജയിക്കാനായാൽ പോയിന്റ് ടേബിളിൽ അവർക്ക് ഒന്നാം സ്ഥാനം സ്വന്തമാക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: CSK, ICC T20 World Cup, Indian cricket, Michael Vaughan, MS Dhoni