നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Virat Kohli |പിറന്നാള്‍ ആഘോഷത്തിനിടെ മെഴുകുതിരി അണക്കാതെ കോഹ്ലി; ഓര്‍മിപ്പിച്ച് ധോണി, വീഡിയോ വൈറല്‍

  Virat Kohli |പിറന്നാള്‍ ആഘോഷത്തിനിടെ മെഴുകുതിരി അണക്കാതെ കോഹ്ലി; ഓര്‍മിപ്പിച്ച് ധോണി, വീഡിയോ വൈറല്‍

  ധോണിയുടെ നേതൃത്വത്തിലായിരുന്നു കോഹ്ലിയുടെ പിറന്നാളാഘോഷം. ആഘോഷത്തിന്റെ വീഡിയോ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

  • Share this:
   ടി20 ലോകകപ്പിലെ സൂപ്പര്‍ 12ല്‍ ആദ്യ രണ്ട് മത്സരങ്ങളിലെ കനത്ത തോല്‍വിക്ക് പിന്നാലെ തുടരെ രണ്ട് മികച്ച വിജയങ്ങള്‍ സ്വന്തമാക്കി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തായതിന്റെ സന്തോഷത്തിലാണ് ഇന്ത്യ. ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്ലിയുടെ(Virat Kohli) ജന്മദിനം(Birthday) കൂടിയായിരുന്നു. അതിനാല്‍ തന്നെ മത്സരത്തിലെ ജയം കോഹ്ലിക്കും ആരാധകര്‍ക്കും ഇരട്ടി മധുരമായി.

   ഇന്ത്യന്‍ ടീമിന്റെ വിജയഹ്ലാദത്തിന് ശേഷം ഡ്രെസിംഗ് റൂമിലും ആഘോഷപരിപാടികളുണ്ടായിരുന്നു. ടി20 ലോകകപ്പിലെ ഇന്ത്യന്‍ ടീം മെന്ററും മുന്‍ നായകനുമായ എം എസ് ധോണിയുടെ(MS Dhoni) നേതൃത്വത്തിലായിരുന്നു കോഹ്ലിയുടെ പിറന്നാളാഘോഷം. ആഘോഷത്തിന്റെ വീഡിയോ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഉപനായകന്‍ രോഹിത് ശര്‍മ്മ, ഭുവനേശ്വര്‍ കുമാര്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ തുടങ്ങി എല്ലാ താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും പങ്കെടുത്തു.

   ബെര്‍ത്ത്ഡേ കേക്ക് മുറിക്കുമ്പോള്‍ മെഴുകുതിരികള്‍ ഊതിക്കെടുത്താന്‍ കോഹ്ലി മറന്ന് പോയിരുന്നു. പിന്നാലെ തിരികള്‍ ഊതാന്‍ കോഹ്ലിയോട് ധോണി ആവശ്യപ്പെടുകയായിരുന്നു. പതിവുപോലെ കോഹ്ലിയുടെ മുഖത്ത് കേക്ക് ഫേഷ്യല്‍ ചെയ്യുകയും ചെയ്തു സഹതാരങ്ങള്‍. ഇതിന്റെ വീഡിയോ സൂര്യകുമാര്‍ യാദവ് ഇന്‍സ്റ്റയില്‍ പങ്കുവെച്ചു.   സ്‌കോട്ട്ലന്‍ഡിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ

   പിറന്നാള്‍ ദിനത്തില്‍ ടോസ് ഭാഗ്യം സ്വന്തമായ കോഹ്ലി സ്‌കോട്ട്ലന്‍ഡിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കോഹ്ലിയുടെ തീരുമാനം തെറ്റിയില്ല. ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍ത്താടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സ്‌കോട്ട്ലന്‍ഡിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ 17.4 ഓവറില്‍ 85 റണ്‍സിന് എറിഞ്ഞൊതുക്കി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജയുടെയും മുഹമ്മദ് ഷമിയുടെയും പ്രകടനമാണ് സ്‌കോട്ട്ലന്‍ഡിന്റെ കഥ കഴിച്ചത്. 24 റണ്‍സെടുത്ത ഓപ്പണര്‍ ജോര്‍ജ് മന്‍സിയാണ് സ്‌കോട്ലന്‍ഡിന്റെ ടോപ്സ്‌കോറര്‍.

   മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ സ്‌കോട്ട്ലന്‍ഡ് ഉയര്‍ത്തിയ 86 റണ്‍സിന്റെ കുഞ്ഞന്‍ വിജയലക്ഷ്യം 6.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി പതിവുപോലെ കെ.എല്‍. രാഹുലും രോഹിത് ശര്‍മയും ചേര്‍ന്നാണ് ഓപ്പണ്‍ ചെയ്തത്. 7.1 ഓവറിനുളളില്‍ വിജയം നേടിയാല്‍ അഫ്ഗാനിസ്ഥാനെ നെറ്റ് റണ്‍ റേറ്റില്‍ മറികടക്കാനാകും എന്നതിനാല്‍ രാഹുലും രോഹിത്തും ആക്രമിച്ചാണ് കളിച്ചത്. ആദ്യ മൂന്നോവറില്‍ തന്നെ ഇന്ത്യ 39 റണ്‍സടിച്ചു.

   അഞ്ചാം ഓവറിലെ അവസാന പന്തില്‍ രോഹിത് പുറത്തായി. 16 പന്തുകളില്‍ നിന്ന് 30 റണ്‍സെടുത്ത രോഹിത്തിനെ ബ്രാഡ് വീല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ആദ്യ വിക്കറ്റില്‍ രാഹുലിനൊപ്പം 70 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് രോഹിത് ക്രീസ് വിട്ടത്. രോഹിത്തിന് പകരം നായകന്‍ വിരാട് കോഹ്ലി ക്രീസിലെത്തി. പിന്നാലെ രാഹുല്‍ അര്‍ധശതകം കുറിച്ചു. 18 പന്തുകളില്‍ നിന്നാണ് രാഹുല്‍ അര്‍ധശതകം തികച്ചത്. പക്ഷേ തൊട്ടടുത്ത ന്തില്‍ രാഹുല്‍ പുറത്തായി. 19 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 50 റണ്‍സെടുത്താണ് രാഹുല്‍ ക്രീസ് വിട്ടത്. പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് തകര്‍പ്പന്‍ സിക്സടിച്ച് ഇന്ത്യയെ വിജയത്തിലെത്തിച്ചു.
   Published by:Sarath Mohanan
   First published:
   )}