ഗോവ: ഇന്ത്യൻ ഫുട്ബോളിൻ്റെ മാമാങ്കമായ ഐ എസ് എല്ലിൽ ശനിയാഴ്ച കലാശപ്പോരിന് തിരിതെളിയുമ്പോൾ കിരീടത്തിനു വേണ്ടി പോരാടാൻ ഇറങ്ങുന്നത് ഈ സീസണിലെ മികച്ച രണ്ട് ടീമുകൾ തന്നെ. ഒരു വശത്ത് രണ്ട് കിരീടങ്ങളുമായി കൊൽക്കത്തയെ നയിക്കുന്ന ഹബാസിൻ്റെ സംഘവും മറുവശത്ത് ആദ്യ കിരീടത്തിനായി ഇറങ്ങുന്ന ലൊബേരയുടെ മുംബൈയും.
രണ്ടു ടീമുകളും ലീഗിൽ സർവാധിപത്യം പുലർത്തുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ലീഗിൽ ബാക്കിയുള്ള ടീമുകൾ ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നപ്പോൾ കൊൽക്കത്തയും മുംബൈയും ബഹുദൂരം മുന്നിലായിരുന്നു. ലീഗ് ഘട്ടം അവസാനിക്കുന്നതിന് മുന്നേ തന്നെ ഇരു ടീമുകളും പ്ലേ ഓഫിലേക്ക് യോഗ്യത നേടി കഴിഞ്ഞിരുന്നു.
ഐ എസ് എൽ ആറാം സീസണിൽ മികച്ച ടീമുകളുടെ പട്ടികയിൽ രണ്ട് ടീമുകളും ഉണ്ടായിരുന്നു. ബാക്കി ടീമുകൾക്ക് പ്രതീക്ഷിച്ച നിലവാരം പുറത്തെടുക്കാൻ പറ്റാതെ പോയപ്പോൾ കൃത്യമായ ഇടവേളകളിൽ മത്സരങ്ങൾ ജയിച്ച് പോയിൻ്റ് പട്ടികയിൽ ഉയർന്ന സ്ഥാനങ്ങളിലേക്ക് കുതിക്കുകയായിരുന്നു കൊൽക്കത്തയും മുംബൈയും.
മോഹൻ ബഗാനും എ ടി കെ കൊൽക്കത്തയും കൂടി ലയിച്ച് ഒരു ടീം ആയപ്പോൾ തന്നെ അവരുടെ മേലുള്ള പ്രതീക്ഷ വനോളമായിരുന്നു. മുന്നിൽ നിന്ന് നയിക്കാൻ ഹബാസിനെ പോലൊരു തന്ത്രശാലിയായ ഒരു കോച്ചും പിന്നെ ജിംഗൻ, ടിരി, റോയ് കൃഷ്ണ, ഡേവിഡ് വില്യംസ്, എടു ഗാർഷ്യ എന്നിങ്ങനെ ഉള്ള സൂപ്പർതാരങ്ങളുടെ വലിയ നിരയും കൂടാതെ ഇവർക്ക് ഒപ്പം കിടപിടിക്കുന്ന ഒരു യുവനിരയും. ലീഗിൽ കൊൽക്കത്തയ്ക്ക് ഒപ്പം രണ്ട് കിരീടങ്ങൾ നേടിയിട്ടുള്ള ഹബാസ് മൂന്നാം കിരീടത്തിനു വേണ്ടി കോപ്പ് കൂട്ടിയത് എല്ലാം സമം ചേർത്ത് എടുത്ത ഒരു നിര തന്നെയാണ്.
Also Read- Erling Haaland | എർലിങ് ഹാലൻഡ് - ഫുട്ബോൾ ഭരിക്കാൻ വന്ന കൗമാരക്കാരൻ
മറുവശത്ത് ലീഗിലെ ഏറ്റവും നല്ല ആക്രമണം നെയ്യുന്ന കോച്ചായ സെർജി ലൊബേരയും. അറബ് എണ്ണ കമ്പനി ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ഉള്ള എത്തിഹാദ് മുംബൈയെ ഏറ്റെടുത്തതോടെ മുൻ സീസണുകളിൽ നിന്നും വ്യത്യസ്തമായി ഒരു മാറ്റം ആണ് കാണാൻ കഴിഞ്ഞത്. ഗോവയിൽ നിന്ന് വിടപറഞ്ഞ ലൊബേരയെ റാഞ്ചി കോച്ചായി നിയമിച്ചു. ഗോവയിൽ തൻ്റെ ശിഷ്യൻമാരയിരുന്ന ഒരു പിടി താരങ്ങളെ മുംബൈയിലോട്ട് കൊണ്ടുവന്നു. കൂടാതെ ലീഗിലെ മികച്ച സ്ട്രൈക്കർമാരിൽ ഒരാളായ മുൻ കേരളാ ബ്ലാസ്റ്റേഴ്സ് താരം ഓഗ്ബചെയെയും ലൊബേര തൻ്റെ പാളയത്തിലേക്ക് എത്തിച്ചു. പിന്നീടങ്ങോട്ട് എണ്ണയിട്ട യന്ത്രം പോലെ ആയിരുന്നു മുംബൈ എഫ് സി. ആക്രമണ ഫുട്ബോളിൻ്റെ എല്ലാ വശ്യമനോഹാരിതയും നിറഞ്ഞ കളി ആയിരുന്നു മുംബൈ കാഴ്ച വച്ചത്. ലീഗിലെ ഒന്നാം സ്ഥാനം നേടി വിന്നേഴ്സ് ഷീൽഡ് കരസ്ഥമാക്കുകയും ചെയ്തു.
മുംബൈയും കൊൽക്കത്തയും ഏറ്റുമുട്ടുമ്പോൾ അത് രണ്ട് വ്യതസ്ത ശൈലികളുടെ മാറ്റുരക്കൽ മത്സരം കൂടിയാണ്. ലൊബേര തൻ്റെ ടീമിനെ ഒരുക്കുന്നത് ആക്രമണ ഫുട്ബോൾ കളിക്കാൻ ആണ് അതുകൊണ്ട് തന്നെ ഗോളുകൾ അടിക്കുന്ന പോലെ തന്നെ ഏറെക്കുറെ അത് വാങ്ങുന്നതിലും മുംബൈ കൊൽക്കത്തയെക്കാൾ മുന്നിൽ തന്നെ ആണ്. പലപ്പോഴും അവരുടെ ഗോളിയും ക്യാപ്റ്റനുമായ അമരീന്ദരിൻ്റെ മികച്ച പ്രകടനമാണ് അവരെ കാത്തത്. കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ നടന്ന മത്സരത്തിൽ 9 രക്ഷപ്പെടുത്തലുകൾ ആണ് താരം നടത്തിയത്. അതുപോലെ തന്നെ കാർഡുകൾ വാങ്ങി കൂട്ടുന്ന കാര്യത്തിലും മുംബൈ പുറകിലായിരുന്നില്ല. ലീഗിൽ ഏറ്റവും കൂടതൽ ഗോളുകളും(37) ഏറ്റവും കൂടതൽ കാർഡുകളും(58 മഞ്ഞ+ 3 ചുവപ്പ്) നേടിയത് മുംബൈ ആണ്.
Also Read- ഊഹാപോഹങ്ങൾക്ക് വിരാമം; രോഹിത് ശർമയും കെ എൽ രാഹുലും ഓപ്പൺ ചെയ്തേക്കും
ഹബാസ് തൻ്റെ പ്രതിരോധ ശൈലിയിൽ ഊന്നിയാണ് ടീമിനെ ഫൈനൽ വരെ എത്തിച്ചത്. പക്ഷേ ഒരു പരിപൂർണ്ണ പ്രതിരോധ ശൈലി അല്ലായിരുന്നു ഹബാസിൻ്റെത്. ആദ്യം പ്രതിരോധിച്ച് കളി വരുതിയലാക്കി തൻ്റെ ടീം ഗോൾ അടിച്ചു കഴിഞ്ഞാൽ എല്ലാ പഴുതുകളും അടച്ച് കൊണ്ടുള്ള പ്രതിരോധം ആണ് ഹബാസ് ഒരുക്കിയത്. അതിന് കൂട്ടായി ലീഗിലെ മികച്ച ഡിഫെൻ്റർമാരായ ജിംഗനും ടിരിയും പ്രീതം കൊട്ടലും. റോയ് കൃഷ്ണ ഡേവിഡ് വില്യംസ് എടു ഗാർഷ്യ മൻവീർ സിംഗ് എന്നിങ്ങനെ ആക്രമണ ത്വര പുലർത്തുന്ന കളിക്കരുണ്ടായിട്ടും ഹബാസ് തൻ്റെ ശൈലിയിൽ നിന്ന് പിന്നോട്ട് പോയില്ല. ഈ ഒരു ശൈലി കാരണം പല വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും തൻ്റെ സിദ്ധാന്തത്തിൽ തന്നെ അദ്ദേഹം ഉറച്ചു നിന്നു. ഒരു സന്തുലിത ടീമിനെ ആണ് തനിക്ക് വേണ്ടത് എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.
ലീഗിൽ രണ്ടുതവണ ഏറ്റുമുട്ടിയപ്പോൾ രണ്ടുതവണയും മുംബൈ ആണ് ജയിച്ചത്. ലീഗിലെ അവസാന മത്സരത്തിൽ കൊൽക്കത്തയെ തോൽപ്പിച്ചാണ് മുംബൈ വിന്നേർസ് ഷീൽഡ് കരസ്ഥമാക്കിയത്. കലാശപ്പോരിന് ഇറങ്ങുമ്പോൾ കണക്കിലെ ശക്തർ മുംബൈ ആണെങ്കിലും കളത്തിൽ രണ്ടുപേരും ഒപ്പത്തിനൊപ്പം നിൽക്കുന്ന തുല്യശക്തികൾ തന്നെ. ഗോവയിലെ സ്റ്റേഡിയത്തിൽ കലാശപ്പോരിന് ശേഷം ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ആരാണ് കിരീടം ഉയർത്തുക കന്നി കിരീടം തേടുന്ന ലൊബേരയുടെ മുംബൈയോ അതോ കൊൽക്കത്തയുടെ കൂടെ മൂന്നാം കിരീടം ലക്ഷ്യമിടുന്ന ഹബാസോ. കൊൽക്കത്ത കിരീടം നേടിയാൽ അത് ചരിത്രമാകും. ലീഗിൻ്റെ ചരിത്രത്തിൽ കിരീടം നിലനിർത്തുന്ന ആദ്യത്തെ ടീം ആകും കൊൽക്കത്ത. കാത്തിരിക്കാം ഇന്ത്യൻ ഫുട്ബോളിൻ്റെ ഗ്ലാമർ ലീഗിലെ രാജാക്കന്മാർ ആരെന്നറിയാൻ.
English Summary- Mumbai FC and ATK Mohun Bagan lock horns in the ISL 6 final. The match would also be a tussle between two different styles.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: ATK Mohun Bagan, ISL 2020-21, Mumbai fc