കുട്ടിക്രിക്കറ്റിന്‍റെ മാമാങ്കത്തിന് ആര്‍പ്പുവിളി മുഴങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിനാറാമത് സീസണിന് മാര്‍ച്ച് 31ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ തുടക്കമാകുമ്പോള്‍ ആറാം കിരീടം ലക്ഷ്യം വച്ച് ഇറങ്ങുകയാണ് നായകന്‍ രോഹിത് ശര്‍മ്മയും കൂട്ടരും. ഐപിഎല്ലിന്‍റെ ചരിത്രത്തിലെ ഏറ്റവുമധികം കിരീടം നേടിയ മുംബൈ ഇന്ത്യന്‍സിന് കഴിഞ്ഞ സീസണിലെ നാണം കെട്ട തോല്‍വിക്ക് കിരീടം കൊണ്ട് മറുപടി നല്‍കണം. അതിനായി കരുത്തുറ്റ യുവനിരയുമാണ് ഇത്തവണ ടീം എത്തുന്നത്.
22 വയസില്‍ താഴെ പ്രായമുള്ള ഏഴോളം യുവ കളിക്കാരാണ് ഇത്തവണ മുംബൈ നിരയിലുള്ളത്. ടീമിന്‍റെ ശരാശരി പ്രായം 26 വയസ്. ടീമിലെ ചെറുപ്പത്തിന്‍റെ കരുത്ത് കളത്തിലും കാട്ടിയാല്‍ കപ്പും കൊണ്ട് വാങ്കടെയ്ക്ക് വണ്ടികേറാം.
കരുത്തരാണ് മുംബൈ
കഴിഞ്ഞ സീസണിൽ കളിക്കാനാകില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് മുംബൈ ജോഫ്ര ആർച്ചറെ ടീമിലെത്തിച്ചത്. ഇത്തവണ മുംബൈയുടെ കുന്തമുന ആർച്ചർ തന്നെയാണ്. കിറോണ്‍ പൊള്ളാർഡിന് പകരമായി ഇത്തവണ ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ മുംബൈയ്ക്കൊപ്പം എത്തി.
Also Read- മുംബൈ ഇന്ത്യൻസിന് പ്രഥമ വനിതാ പ്രീമിയർ ലീഗ് കിരീടം
ലോക ട്വന്റി20 ഒന്നാം റാങ്ക് ബാറ്റർ സൂര്യകുമാർ യാദവും ഇഷാൻ കിഷനും നായകന്‍ രോഹിത്തിനൊപ്പം ചേരുന്നതോടെ സുശക്തമാണ് മുംബൈയുടെ ബാറ്റിങ് നിര. ട്വന്റി20യിൽ 138.81 സ്ട്രൈക്ക് റേറ്റുള്ള മലയാളി താരം വിഷ്ണു വിനോദ് ഉൾപ്പെടെ ആഭ്യന്തര ക്രിക്കറ്റിൽ മിന്നും പ്രകടനം കാഴ്ചവെച്ച താരങ്ങളും നീലപ്പടയ്ക്ക് കരുത്താകും.
മുന്‍നിര താരങ്ങളുടെ അഭാവം
മുംബൈയുടെ ബോളിങ് ആക്രമണത്തിന് നേതൃത്വം നല്‍കിയിരുന്ന ജസ്പ്രീത് ബുമ്ര, ജൈ റിച്ചഡ്സൻ എന്നീ പേസർമാര്‍ പരുക്കുമൂലം ഇത്തവണ കളത്തിലിറങ്ങാത്തത് ടീമിന് മൊത്തത്തില്‍ തിരിച്ചടിയാകാനും സാധ്യതയുണ്ട്. ഇരുവർക്കും പകരക്കാരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതും മുംബൈ ക്യാമ്പിന് തലവേദനയാകും. രാഹുൽ ചാഹർ ടീം വിട്ടതിനു ശേഷം മികച്ച സ്പിന്നർ ഇല്ലാത്തതും ബോളിങ് പ്രകടനത്തെ ബാധിച്ചിട്ടുണ്ട്.
മുരുഗൻ അശ്വിൻ, മയാങ്ക് മാർക്കണ്ടെ എന്നീ സ്പിന്നർമാരെ കഴിഞ്ഞ സീസണിൽ പരീക്ഷിച്ചെങ്കിലും പ്രതീക്ഷിച്ച ഫലം കണ്ടില്ല. ഇത്തവണയും സ്പിൻനിര ശക്തമല്ല എന്നത് എതിരാളികള്‍ക്ക് മുന്‍പില്‍ ടീമിന്‍റെ ദൗർബല്യമായി കാണേണ്ടി വരും. പ്രായം മുപ്പത്തിനാല് കഴിഞ്ഞെങ്കിലും പീയുഷ് ചൗളയാകും മുംബൈയുടെ സ്പീന്‍ ആക്രമണത്തിന് ചുക്കാന്‍ പിടിക്കുക.
മാർക്ക് ബൗച്ചർ പ്രധാന പരിശീലകനായ ടീമില്‍ 20 വയസുകാരന്‍ തിലക് വര്‍മ്മയാണ് ടീമിലെ ബേബി. 35 കാരനായ നായകന്‍ രോഹിതാണ് സീനിയര്‍. ഏപ്രില്‍ 2ന് നടക്കുന്ന മുംബൈയുടെ ആദ്യമത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് എതിരാളികള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: IPL 2023, Mumbai indians