അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ 2023-ലെ യോഗത്തിന് മുംബൈ (Mumbai) ആതിഥേയത്വം വഹിക്കും. ഐഒസി സെഷൻ 2022ൽ വോട്ടിംഗിലൂടെയാണ് മുംബൈയെ അടുത്തെ യോഗത്തിനുള്ള ആതിഥേയ നഗരമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മൊത്തം 82 ഐഒസി അംഗങ്ങൾ വോട്ടുചെയ്യാൻ യോഗ്യരായിരുന്നു, അതിൽ 6 പേർ വിട്ടുനിൽക്കാൻ വോട്ട് ചെയ്തു, 75 അംഗങ്ങൾ മുംബൈയ്ക്ക് അനുകൂലമായി വോട്ട് ചെയ്തു. അടുത്ത ഐഒസി സെഷന്റെ ആതിഥേയത്വത്തിനായി മുംബൈയ്ക്കെതിരെ ഒരു വോട്ട് മാത്രമാണ് ലഭിച്ചത്.
അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റി അംഗ രാജ്യങ്ങളുടെ പൊതുയോഗമാണ് ഐഒസി സെഷൻ. ഇത് IOC യുടെ ഏറ്റവും ഉന്നതമായ കൂടിച്ചേരലാണ്. ഈ യോഗത്തിൽവെച്ചാണ് ഒളിംപിക്സ് വേദി ഉൾപ്പടെയുള്ള സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. ഐഒസിയുടെ 2023-ലെ പൊതുയോഗം മുംബൈ ജിയോ വേൾഡ് സെന്ററിൽ നടക്കും. "ഇത്തരം അഭിമാനകരമായ ഒളിമ്പിക് കമ്മിറ്റിയുടെ ഉന്നത യോഗത്തിന് ആതിഥേയത്വം വഹിക്കുന്നതിലേക്ക് ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കാൻ സാധിച്ചത് അഭിമാനകരമാണ്,” അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) അംഗം നിത അംബാനി പറഞ്ഞു.

Nita Ambani
"ഇത് ഇന്ത്യയുടെ ഒളിമ്പിക് ആതിഥേയത്വം എന്ന സ്വപ്നത്തിന് ഒരു സുപ്രധാന ചുവടുവെയ്പ്പാകുമെന്നും ഇന്ത്യൻ കായികരംഗത്ത് ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുമെന്നും" അവർ കൂട്ടിച്ചേർത്തു.
"ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് സ്പോർട് എല്ലായ്പ്പോഴും പ്രതീക്ഷയുടെയും പ്രചോദനത്തിന്റെയും പ്രകാശമായിരുന്നു."
“ഞങ്ങൾ ഇന്ന് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യങ്ങളിലൊന്നാണ്, ഇന്ത്യയിലെ യുവാക്കൾ ഒളിമ്പിക്സിന്റെ മാന്ത്രികത നേരിട്ട് അനുഭവിക്കുന്നതിൽ ഞാൻ ആവേശഭരിതയാണ്. ഈ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയും വരും വർഷങ്ങളിൽ ഇന്ത്യയിൽ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കുകയും ചെയ്യുക എന്നത് ഞങ്ങളുടെ സ്വപ്നമാണ്," അവർ കൂട്ടിച്ചേർത്തു.
പ്രഖ്യാപനത്തിന് ശേഷം, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, നിത അംബാനിയുടെ '2023 സെഷൻ മുംബൈയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക്' നന്ദി അറിയിച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചു, അദ്ദേഹം എഴുതി: 2023 ലെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സെഷന് മുംബൈ ആതിഥേയത്വം വഹിക്കുന്നത് വെറും ചെറിയ കാര്യമല്ല. മഹത്തായ അഭിമാനം മാത്രമല്ല, കായിക ചക്രവാളത്തിൽ ഇന്ത്യയെ മുന്നോട്ട് നയിക്കാനുള്ള അവസരവുമാണ്. നിത അംബാനി നന്ദി.
2023 ലെ ഐഒസി സെഷനിൽ 2030 വിന്റർ ഒളിമ്പിക്സിനുള്ള ആതിഥേയ നഗരം തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് അടുത്ത വർഷം മെയ് അല്ലെങ്കിൽ ജൂണിൽ നടക്കാൻ സാധ്യതയുണ്ട്.
നേരത്തെ 1983ൽ ന്യൂഡൽഹിയിൽ ഐഒസി സെഷൻ ഇന്ത്യ നടത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.