ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ഏകദിന മത്സരങ്ങള്‍ ഇന്ന് ആരംഭിക്കുകയാണ്. മത്സരങ്ങള്‍ക്കായി ഇന്ത്യയുടെ രണ്ടാം നിര ടീമിനെയാണ് ബി സി സി ഐ അയച്ചിരിക്കുന്നത്. ഇന്ത്യയുടെ സീനിയര്‍ താരങ്ങളെല്ലാം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയുടെ ഭാഗമായി അവിടെ ആയതിനാലാണ് ശിഖാര്‍ ധവാന്റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ രണ്ടാം നിര ടീമിനെ ബി സി സി ഐ ശ്രീലങ്കന്‍ പര്യടനത്തിനയച്ചിരിക്കുന്നത്. ഇതിഹാസ താരം രാഹുല്‍ ദ്രാവിഡാണ് പരിശീലക വേഷത്തില്‍ എത്തിയിരിക്കുന്നത്. സമീപകാലങ്ങളില്‍ ആഭ്യന്തര ക്രിക്കറ്റിലും ഐ പി എല്ലിലും മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ച യുവതാരങ്ങളെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇവര്‍ക്ക് പുറമെ, ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് തുടങ്ങിയ, സീനിയര്‍ താരങ്ങളും ടീമിലുണ്ട്.
ശ്രീലങ്കയ്ക്കെതിരെ ധവാനോടൊപ്പം ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുന്നത് പൃഥ്വി ഷായാണ്. പരമ്പരയ്ക്കുള്ള ടീമില്‍ ഇന്ത്യക്ക് ഓപ്പണിംഗ് സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന ബാറ്റ്സ്മാന്മാരുടെ എണ്ണവും കൂടുതലാണ്. പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍, ഋതുരാജ് ഗെയ്ക്വാദ്, ഇഷാന് കിഷന്, സഞ്ജു സാംസണ് എന്നിങ്ങനെ ഓപ്പണര്‍മാരുടെ ഒരു നീണ്ട നിര തന്നെ ഈ ടീമിലുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്പിച്ചിരുന്നതും പൃഥ്വി ഷായ്ക്കായിരുന്നു. വലം കയ്യന്‍ ബാറ്റ്സ്മാന് എന്നതിന് പുറമെ ഐ പി എല്ലില്‍ ധവാനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്തുള്ള പരിചയവും പൃഥ്വി ഷായ്ക്കുണ്ട്.
ഇപ്പോഴിതാ പൃഥ്വിയുടെ ബാറ്റിങ് മികവിനെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ശ്രീലങ്കന്‍ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന്. പൃഥ്വി ആരെയും ഭയക്കാത്തവനാണെന്നും വിരേന്ദര്‍ സേവാഗിനെ ഓര്‍മ്മിപ്പിക്കുന്നുവെന്നുമാണ് മുരളീധരന് അഭിപ്രായപ്പെട്ടത്. 'അവന് ഒരു ടെസ്റ്റ് താരത്തെക്കാളുപരിയായി ഏകദിന, ടി20 താരമെന്ന നിലയിലാണ് കൂടുതല്‍ തിളങ്ങുക. കാരണം അവന്റെ ബാറ്റിങ് ശൈലി അങ്ങനെയാണ്. അവന് ബാറ്റിങ് കാണുമ്പോള്‍ വിരേന്ദര്‍ സെവാഗിനെ ഓര്‍മവരും'- മുരളീധരന് പറഞ്ഞു.
ഓപ്പണിംഗില്‍ തന്റെ ആക്രമണശൈലിയിലുള്ള പ്രകടനത്തെ മുമ്പും പലരും പൃഥ്വി ഷായെ സേവാഗുമായി ഉപമിച്ചിട്ടുണ്ട്. ഐ പി എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ പൃഥ്വി 2021 സീസണിന്റെ ആദ്യ പാദത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ഒരോവറിലെ ആറ് പന്തും ബൗണ്ടറി നേടിയിരുന്നു. ടി20 ഫോര്‍മാറ്റില്‍ പവര്‍പ്ലേയെ നന്നായി മുതലാക്കാന്‍ താരത്തിന് മികവുണ്ട്.
ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈ നായകന് പൃഥ്വി ഷാ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയിരുന്നു. ടൂര്‍ണമെന്റിന്റെ ഒരു സീസണില്‍ 800ലധികം റണ്‍സ് നേടുന്ന ആദ്യ താരമെന്ന റെക്കോഡാണ് പൃഥ്വി സ്വന്തം പേരിലാക്കിയത്. ഇതിഹാസങ്ങളില്‍ പലര്‍ക്കും സാധിക്കാതെ പോയ അപൂര്‍വ നേട്ടമാണ് പൃഥ്വി നേടിയത്. എട്ട് മത്സരത്തില്‍ നിന്ന് 827 റണ്‍സാണ് അദ്ദേഹം ഇത്തവണ വിജയ് ഹസാരെ ട്രോഫിയില്‍ അടിച്ചുകൂട്ടിയത്. ഈ സീസണിലെ ഐ പി എല്ലില്‍ ഗംഭീര പ്രകടനമായിരുന്നു യുവതാരം പൃഥ്വി ഷാ പുറത്തെടുത്തത്. ഈ സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്നും 308 റണ്‍സാണ് യുവതാരം പൃഥ്വി ഷാ അടിച്ചുകൂട്ടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.