തിരുനെല്‍വേലി: നാടകീയ രംഗങ്ങളോടെ തമിഴ്നാട് പ്രീമിയര്‍ ലീഗിന്റെ (TNPL) ആറാം പതിപ്പിന് തുടക്കം. ചെന്നൈ സൂപ്പര്‍ ഗില്ലീസും(CSG) നെല്ലൈ റോയല്‍ കിങ്സും(NRK) തമ്മിലായിരുന്നു ആദ്യ മത്സരം. സൂപ്പര്‍ ഓവര്‍ വരെ നീണ്ട മത്സരത്തിലായിരുന്നു ജഗദീശനെ മങ്കദിങ്ങിലൂടെ ഔട്ടാക്കിയതും പ്രകോപിതനായ താരം എതിര് ടീമിനെ അശ്ലീല ആംഗ്യം കാണിച്ചതും.
ടോസ് ലഭിച്ച സൂപ്പര്‍ ഗില്ലീസ് നെല്ലൈ റോയല്‍ കിങ്സിനെ ബാറ്റിങ്ങിനയച്ചു. നിശ്ചിത ഓവറില്‍ എന്‍ആര്‍കെ നാല് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനെത്തിയ സിഎസ്ജി അവസാന ഓവറുകളില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും വിജയത്തിലേക്കെത്തിയില്ല. അവസാന ഓവറില്‍ അഞ്ചു റണ്‍സ് വേണമായിരുന്നു ഗില്ലീസിന് ജയിക്കാന്‍. എന്നാല്‍ നാല് റണ്‍സ് മാത്രമാണ് എടുക്കാന്‍ കഴിഞ്ഞത്. തുടര്‍ന്ന് സൂപ്പര്‍ ഓവറുകളിലേക്ക് കടക്കുകയായിരുന്നു.
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റുചെയ്ത സിഎസ്ജി ഉയര്‍ത്തിയ 10 റണ്‍സ് എന്ആര്രെ അഞ്ചാം പന്തില്‍ മറികടന്നു വിജയം കൈക്കലാക്കി. എന്നാല്‍ സിഎസ്ജി വിക്കറ്റ് കീപ്പര്‍-ബാറ്ററും തമിഴ്നാട് സീനിയര്‍ താരവുമായ നാരായണ്‍ ജഗദീശനെ ബാബ അപരാജിത് ‘മങ്കാദിങ്ങിലൂടെ പുറത്താക്കിയത് രോക്ഷപ്രകടനത്തിന് കാരണമായി.
മത്സരത്തിന്റെ നാലാം ഓവറിലായിരുന്നു സംഭവം. നാലാം പന്ത് എറിയാനെത്തിയ അപരാജിത് നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡില്‍ നിന്ന ജഗദീശനെ മങ്കാദിങ് ചെയ്യുകയായിരുന്നു. എന്നാല്‍ പ്രകോപിതനായ ജഗദീശന് ഡഗൗട്ടിലേക്ക് മടങ്ങവേ എന്‍ആര്‍കെ താരങ്ങള്‍ക്ക് നേരെ അശ്ലീല ആംഗ്യം കാണിക്കുകയായിരുന്നു.
🤐🤐🤐🤐 @Jagadeesan_200 @aparajithbaba senior players of tn🤐🤐🤐 pic.twitter.com/C9orMqRPL3
— Jayaselvaa ᅠ (@jayaselvaa1) June 23, 2022
ആദ്യം ഗ്ലൗസോടുകൂടിയും പിന്നീട് ഗ്ലൗസ് ഊരിയും ജഗദീശന് ആംഗ്യം കാണിക്കുകയുണ്ടായി. 15 പന്തില്‍ 25 റണ്‍സുമായി മികച്ച ഫോമില്‍ നില്‍ക്കുമ്പോഴായിരുന്നു ജഗദീശനെ മങ്കാദിങ്ങിലൂടെ പുറത്താക്കിയത്. അശ്ലീല ആംഗ്യം കാണിച്ചതിനാല്‍ താരത്തിനെതിരെ നടപടിക്കു സാധ്യതയുണ്ട്.
നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ ക്രീസ് വിട്ടിറങ്ങുന്ന ബാറ്റ്സ്മാനെ ഔട്ട് ആക്കുന്ന രീതിയെ ക്രിക്കറ്റിൽ മങ്കാദിങ് എന്നാണ് വിളിക്കുന്നത്. ഐപിഎലില്‍ 2018 മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഭാഗമാണ് ജഗദീശന്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രണ്ടു മത്സരങ്ങളില്‍ ജഗദീശന് കളിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.