നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • നദാലിന് പിന്നാലെ വിംബിള്‍ഡണില്‍ നിന്ന് പിന്മാറി നവോമി ഒസാക; ഒളിമ്പിക്‌സ് കളിച്ചേക്കും

  നദാലിന് പിന്നാലെ വിംബിള്‍ഡണില്‍ നിന്ന് പിന്മാറി നവോമി ഒസാക; ഒളിമ്പിക്‌സ് കളിച്ചേക്കും

  വിംബിള്‍ഡണില്‍ നിന്ന് വിട്ടു നില്‍ക്കുമെങ്കിലും സ്വന്തം നാട്ടില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ താരം പങ്കെടുക്കുമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. നാട്ടുകാര്‍ക്ക് മുന്നില്‍ കളിക്കാന്‍ താരം ആവേശത്തോടെ കാത്തിരിക്കുകയാണെന്നും ടീം അംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

  • Share this:
   ലോക രണ്ടാം നമ്പര്‍ താരമായ ജപ്പാന്റെ നവോമി ഒസാക ഇത്തവണത്തെ വിംബിള്‍ഡണില്‍ നിന്നും പിന്മാറി. വ്യക്തിപരമായ കാരണങ്ങളാലും കുടുബത്തോടും സുഹൃത്തുക്കളോടും കൂടുതല്‍ സമയം ചിലവഴിക്കുന്നതിനും വേണ്ടിയാണ് ഈ പിന്മാറ്റമെന്ന് താരത്തിന്റെ ടീം അറിയിച്ചു. വിംബിള്‍ഡണില്‍ നിന്ന് വിട്ടു നില്‍ക്കുമെങ്കിലും സ്വന്തം നാട്ടില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ താരം പങ്കെടുക്കുമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. നാട്ടുകാര്‍ക്ക് മുന്നില്‍ കളിക്കാന്‍ താരം ആവേശത്തോടെ കാത്തിരിക്കുകയാണെന്നും ടീം അംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

   ജൂണ്‍ 28 നു ആണ് വിംബിള്‍ഡണ്‍ ആരംഭിക്കുക. ഏതാണ്ട് ഒരു മാസത്തിനുള്ളില്‍ ജൂലൈ 24 നു ഒളിമ്പിക്‌സും തുടങ്ങും. വിംബിള്‍ഡണ്‍, ഒളിമ്പിക്‌സ് എന്നിവയില്‍ നിന്നു നദാല്‍ പിന്മാറിയ വാര്‍ത്തക്ക് പിറകെയാണ് ഇപ്പോള്‍ ഒസാകയുടെ വാര്‍ത്ത വന്നിരിക്കുന്നത്. ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനോട് പരാജയപ്പെട്ട് പുറത്ത് പോയതിന് പിന്നാലെയാണ് സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍ ഞെട്ടിക്കുന്ന തീരുമാനം പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് താരം പിന്‍മാറ്റം പ്രഖ്യാപിച്ചത്.

   'ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പിലും ടോക്യോയോയില്‍ നടക്കുന്ന ഒളിമ്പിക് ഗെയിംസിലും പങ്കെടുക്കേണ്ടതില്ലെന്ന് ഞാന്‍ തീരുമാനിച്ചു. ഇത് ഒരിക്കലും എളുപ്പമുള്ള തീരുമാനമല്ല. എന്റ ശാരീരിക അവസ്ഥ മാനിച്ചും എന്റെ ടീമുമായി ചര്‍ച്ച ചെയ്യുകയും ചെയ്ത ശേഷം അത് ശരിയായ തീരുമാനമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു'- നദാല്‍ ട്വിറ്ററില്‍ കുറിച്ചു. പാരീസില്‍ കിരീടം നേടി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം റെക്കോര്‍ഡ് സ്വന്തമാക്കുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് ജോക്കോക്ക് മുന്നില്‍ നദാലിന് നഷ്ടപ്പെട്ടത്. 20 തവണ ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കിയ താരം നിലവില്‍ സ്വിറ്റ്സര്‍ലന്‍ഡ് ഇതിഹാസം റോജര്‍ ഫെഡററുമായി റെക്കോര്‍ഡ് പങ്കിടുകയാണ്. പ്രായം കൂടുന്നതും മനസ് വിചാരിക്കുന്ന രീതിയില്‍ ശരീരം വഴങ്ങാത്തതുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നദാലിനെ എത്തിച്ചിരിക്കുന്നത്.

   ഇത്തവണത്തെ ഫ്രഞ്ച് ഓപ്പണില്‍ റൊമാനിയയുടെ പാട്രീഷ്യ മരിയക്കെതിരായ ആദ്യമത്സരം വിജയിച്ചതിന് പിന്നാലെയുള്ള വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാത്തതിന് വന്‍ തുക പിഴ ലഭിച്ചതിന് ശേഷമാണ് നവോമി ഒസാക ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറിയത്. മരിയക്കെതിരായ ആദ്യമത്സരം വിജയിച്ചതിന് പിന്നാലെയുള്ള വാര്‍ത്താസമ്മേളനത്തില്‍ താരം പങ്കെടുക്കാത്തതിനെതുടര്‍ന്ന് സംഘാടകര്‍ 15,000 ഡോളറാണ് പിഴ ചുമത്തിയത്. വാര്‍ത്താസമ്മേളനങ്ങളില്‍ പങ്കെടുക്കില്ലെന്ന് നവോമി ഒസാക നേരത്തെ വ്യക്തമാക്കിയിരുന്നു. മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വാര്‍ത്താസമ്മേളനങ്ങള്‍ ഒഴിവാക്കുന്നത് എന്നായിരുന്നു താരത്തിന്റെ വിശദീകരണം. കായിക താരങ്ങളുടെ മാനസികാരോഗ്യത്തെക്കുറിച്ച് ആളുകള്‍ക്ക് യാതൊരു പരിഗണനയുമില്ലെന്ന് വാര്‍ത്താസമ്മേളനം കാണുമ്പോഴും പങ്കെടുക്കുമ്പോഴും തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നായിരുന്നു ഒസാക പറഞ്ഞത്. ടെന്നീസ് ടൂര്‍ണമെന്റുകളുടെ നിയമാവലി പ്രകാരം താരങ്ങള്‍ മത്സരത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കണം. മത്സരങ്ങള്‍ക്ക് മുമ്പും മാധ്യമങ്ങളെ കാണുന്നവരുണ്ട്.
   Published by:Sarath Mohanan
   First published:
   )}