News18 MalayalamNews18 Malayalam
|
news18-malayalam
Updated: April 7, 2021, 11:42 PM IST
ടി. നടരാജൻ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് എം എസ് ധോണിയുടെ ഉപദേശങ്ങള്‍ തനിക്ക് ഗുണം ചെയ്തതായി ഇന്ത്യന്‍ താരം നടരാജന്. ഐപിഎല്ലിന്റെ പതിനാലാം സീസണ് തുടങ്ങാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് നട്ടുവിന്റെ ഈ പ്രതികരണം. എം എസ് ധോണിയെ പോലൊരാളോട് സംസാരിക്കുന്നത് തന്നെ വലിയ കാര്യമാണ്. എന്നോട് ഫിറ്റ്നസിനെ കുറിച്ച് സംസാരിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു. സ്ലോ ബൗണ്‍സറുകളും കട്ടറുകളും മറ്റു വേരിയേഷനുകളും ഉപയോഗിക്കാന്‍ അദ്ദേഹം എന്നോട് പറഞ്ഞു. ഈ ഉപദേശം എനിക്ക് വലിയ സഹായമായി.
കഴിഞ്ഞ സീസണില്‍ ധോണിയുടെ വിക്കറ്റ് വീഴ്ത്തിയതിനെ കുറിച്ചും നടരാജന് ഓര്‍ത്തെടുത്തു. ഞാന്‍ എറിഞ്ഞ പന്ത് 102 മീറ്റര്‍ സിക്സിനാണ് ധോണി പറത്തിയത്. തൊട്ടടുത്ത പന്തില്‍ പക്ഷേ എനിക്ക് അദ്ദേഹത്തിന്റെ വിക്കറ്റ് കിട്ടി. പക്ഷേ ആ വിക്കറ്റ് നേട്ടം ഞാന്‍ ആഘോഷിച്ചില്ല. കാരണം അതിന് മുന്‍പത്തെ പന്തിനെ കുറിച്ച് ആലോചിച്ച് നില്‍ക്കുകയായിരുന്നു ഞാന്‍. ഡ്രസിങ് റൂമിലേക്ക് മടങ്ങിയെത്തിയ ശേഷം സന്തോഷം തോന്നി. - നടരാജന് പറഞ്ഞു.
ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലയെന്നും ഐപിഎല്ലിന് ശേഷം നാട്ടിലേക്ക് മടങ്ങാനായിരുന്നു പദ്ധതിയെന്നും നടരാജന് ക്രിക്ഇന്‍ഫോയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി കളിക്കുന്ന ഇടംകയ്യന്‍ ഫാസ്റ്റ് ബോളറായ നടരാജന് കഴിഞ്ഞ സീസണില്‍ എല്ലാവരെയും തന്റെ യോര്‍ക്കറുകള്‍ കൊണ്ട് അമ്പരപ്പിച്ച പ്രകടനമാണ് പുറത്തെടുത്തത്. ടൂര്‍ണമെന്റില്‍ 70 യോര്‍ക്കറുകളാണ് ഈ ഇടംകൈയന്‍ പേസര്‍ എറിഞ്ഞത്. രണ്ടാമതെത്തിയ കാര്‍ത്തിക് ത്യാഗി 28 ഉം ജസ്പ്രീത് ബുമ്ര 26 ഉം യോര്‍ക്കറുകള്‍ മാത്രമേ എറിഞ്ഞുള്ളൂ എന്ന് അറിയുമ്പോഴാണ് നടരാജന്റെ പ്രകടനം നമ്മളെ അമ്പരപ്പിക്കുന്നത്. ഐപിഎല്ലിലെ പ്രകടനം കണ്ട് ഇന്ത്യന്‍ ടീമിന്റെ നെറ്റ് ബോളറായി ഓസ്ട്രേലിയയിലേക്ക് പറന്ന നടരാജന് ടീമിലെ പ്രധാന താരങ്ങള്‍ക്ക് പരുക്കേറ്റപ്പോള്‍ ഇന്ത്യന്‍ ടീമിനായി അരങ്ങേറ്റം കുറിക്കുക കൂടി ചെയ്തു. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യക്ക് വേണ്ടി മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിച്ച് റെക്കോര്‍ഡിട്ടിരുന്നു. പര്യടനത്തിലുടനീളം താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കിയ ഗാബയിലും നടരാജന് കളിച്ചിരുന്നു.
ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച യുവതാരങ്ങള്‍ക്ക് ആനന്ദ് മഹീന്ദ്ര സമ്മാനമായി പ്രഖ്യാപിച്ച മഹീന്ദ്രയുടെ പുത്തന്‍ മോഡലായ ഥാര്‍ ഈയിടെ നടരാജന് ലഭിച്ചു. മഹീന്ദ്രയുടെ സമ്മാനത്തിന് നന്ദി പ്രകടിപ്പിച്ചു കൊണ്ട് താരം താന്‍ ഗാബയിലെ ടെസ്റ്റില്‍ ഉപയോഗിച്ച ജേഴ്സി നല്‍കുമെന്ന് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു.
Published by:
Jayesh Krishnan
First published:
April 7, 2021, 11:42 PM IST