• HOME
  • »
  • NEWS
  • »
  • sports
  • »
  • Ashleigh Barty | 25-ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ച് ലോക ഒന്നാം നമ്പർ ടെന്നീസ് താരം ആഷ്‌ലീ ബാർട്ടി; താരത്തിന്റെ ആസ്തി എത്രയെന്നോ?

Ashleigh Barty | 25-ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ച് ലോക ഒന്നാം നമ്പർ ടെന്നീസ് താരം ആഷ്‌ലീ ബാർട്ടി; താരത്തിന്റെ ആസ്തി എത്രയെന്നോ?

നിലവിലെ വനിതാ ലോക ഒന്നാം നമ്പർ ടെന്നീസ് താരമാണ് ആഷ്ലീ. മൂന്ന് ഗ്രാൻഡ് സ്ലാം സിംഗിൾസ് കിരീടങ്ങൾ നേടിയ ശേഷമാണ് ആഷ്ലീ വിരമിച്ചത്. താരത്തിന്റെ ആസ്തി എത്രയെന്നോ?

ആഷ്‌ലീ ബാർട്ടി

ആഷ്‌ലീ ബാർട്ടി

  • Share this:
    കായിക ലോകത്തെ അമ്പരപ്പിച്ച് ലോക ഒന്നാം നമ്പർ ടെന്നീസ് താരം (Tennis Player) ആഷ്‌ലീ ബാർട്ടി (Ashleigh Barty) പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. വെറും 25-ാം വയസ്സിലാണ് ബാർട്ടിയുടെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം. ഓസ്‌ട്രേലിയൻ ടെന്നീസ് താരമായ ആഷ്‌ലീ ബാർട്ടി 44 വർഷത്തിന് ശേഷം ഹോം ഗ്രൗണ്ട് ഓസ്‌ട്രേലിയൻ ഓപ്പൺ ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയിരുന്നു. ഈ നേട്ടം ലഭിച്ച് വെറും ആഴ്ച്ചകൾ മാത്രം പിന്നിടുമ്പോഴായിരുന്നു ബാർട്ടിയുടെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം. മൂന്ന് തവണ ഗ്രാൻഡ് സ്ലാം (Grand Slam) കിരീടവും താരം നേടിയിട്ടുണ്ട്.

    നിലവിലെ വനിതാ ലോക ഒന്നാം നമ്പർ ടെന്നീസ് താരമാണ് ആഷ്ലീ. മൂന്ന് ഗ്രാൻഡ് സ്ലാം സിംഗിൾസ് കിരീടങ്ങൾ നേടിയ ശേഷമാണ് ആഷ്ലീ വിരമിച്ചത്. 2019ലെ ഫ്രഞ്ച് ഓപ്പണും തുടർന്ന് 2021ൽ വിംബിൾഡണും ഈ വർഷം ഓസ്‌ട്രേലിയൻ ഓപ്പണുമാണ് ആഷ്ലീ കൈവരിച്ച പ്രധാന നേട്ടങ്ങൾ. സോഷ്യൽ മീഡിയയിൽ കണ്ണീരിൽ കുതിർന്ന വീഡിയോ പങ്കുവച്ചാണ് ആഷ്ലീ ബാർട്ടി തന്റെ തീരുമാനം ആരാധകരെ അറിയിച്ചത്. താരത്തിന്റെ അടുത്ത സുഹൃത്തും മുൻ ഡബിൾസ് പങ്കാളിയുമായ കേസി ഡെല്ലക്വായും വീഡിയോയിൽ ഒപ്പമുണ്ടായിരുന്നു. തന്റെ സ്വപ്നങ്ങൾ നിറവേറ്റിയെന്നാണ് താരം വിരമിക്കൽ പ്രഖ്യാപനത്തിൽ വ്യക്തമാക്കിയത്.

    ടെന്നീസ് വിസ്മയകരമായ കരിയറാണ് ഈ ഓസ്‌ട്രേലിയൻ താരത്തിന് ഉണ്ടായിരുന്നത്. 2011ൽ വിംബിൾഡണ്ണിലാണ് ആദ്യ കിരീടം സ്വന്തമാക്കിയത്. ഒരു വർഷത്തിനുശേഷം ഡബ്ല്യുടിഎയിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് മൂന്ന് ഗ്രാൻഡ് സ്ലാമുകൾ ഉൾപ്പെടെ മൊത്തം 15 സിംഗിൾസ് കിരീടങ്ങൾ നേടി. ഡബിൾസിലും ബാർട്ടി മികച്ച പ്രകടനം കാഴ്ച്ച വച്ചിരുന്നു. കൊക്കോ വാൻഡെവെഗെയ്‌ക്കൊപ്പം 2017 യുഎസ് ഓപ്പൺ ഉൾപ്പെടെ 12 കിരീടങ്ങൾ നേടി. ടോക്കിയോ ഒളിമ്പിക്‌സിലെ മിക്‌സഡ് ഡബിൾസ് ഇനത്തിൽ ജോൺ പിയേഴ്‌സിന്റെ പങ്കാളിത്തത്തിൽ സ്വർണ മെഡലും സ്വന്തമാക്കി.

    2019 ലെ ഫ്രഞ്ച് ഓപ്പണിൽ തന്റെ കന്നി ഗ്രാൻഡ് സ്ലാം നേടിയതിനുശേഷം, തുടർച്ചയായ 114 ആഴ്‌ചകളിൽ ബാർട്ടി ലോക ഒന്നാം നമ്പർ സ്ഥാനത്ത് തുടർന്നു. റാങ്കുകൾ ഉയർന്നപ്പോൾ സമ്മാനത്തുകയിലൂടെയും സ്പോൺസർഷിപ്പ് ഡീലുകളിലൂടെയും ബാർട്ടി മികച്ച നേട്ടം കൈവരിക്കാൻ തുടങ്ങി.

    നിലവിൽ ബാർട്ടിയുടെ സാമ്പത്തിക മൂല്യം 23.8 മില്യൺ ഡോളറാണ്. ഇതിൽ സമ്മാനത്തുകകളും മറ്റ് അംഗീകാരങ്ങളും സ്പോൺസർഷിപ്പ് ഡീലുകളും ഉൾപ്പെടുന്നു. 2020ൽ ഫോർബ്സ് ബാർട്ടിയെ ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മൂന്നാമത്തെ വനിതാ അത്‌ലറ്റായി തിരഞ്ഞെടുത്തിരുന്നു.

    കഴിഞ്ഞ വർഷം കോർട്ടിൽ ഏറ്റവും കൂടുതൽ തവണ കളിച്ച വനിതാ താരവും ആഷ്ലീ ബാർട്ടിയാണ്. വിംബിൾഡൺ വിജയമുൾപ്പെടെ 32 മത്സരങ്ങളിൽ നിന്ന് 1.104 മില്യൺ ഡോളർ സമ്മാനത്തുകയായി താരം സമ്പാദിച്ചിട്ടുണ്ട്. താരത്തിന്റെ ടെന്നീസ് വസ്ത്രങ്ങളും ഷൂസും സ്പോൺസർ ചെയ്തിരിക്കുന്നത് ദക്ഷിണ കൊറിയൻ കമ്പനിയായ ഫില (FILA) ആണ്. 2018ൽ ഓട്ടോമൊബൈൽ കമ്പനിയായ ജാഗ്വറുമായും ബാർട്ടി കരാറിൽ ഒപ്പുവച്ചിരുന്നു.
    Published by:Sarath Mohanan
    First published: