യൂറോ കപ്പിലെ ആവേശകരമായ മത്സരത്തിന് സാക്ഷിയായി ആംസ്റ്റർഡാമിലെ യോഹാൻ ക്രൈഫ് അരീന. യൂറോ കപ്പിലെ ഗ്രൂപ്പ് സിയിലെ ആവേശകരമായ പോരാട്ടത്തിന് തിരശ്ശീല വീണപ്പോൾ വിജയം ആതിഥേയരായ നെതർലാൻഡ്സിനൊപ്പം. എതിരാളികളായ യുക്രെയ്നിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഡച്ച് പട തോൽപ്പിച്ചത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് കളിയിലെ അഞ്ച് ഗോളുകളും പിറന്നത്. കളിയിലെ ആദ്യ പകുതിയിൽ ഒരു അവസരം നഷ്ടപ്പെടുത്തി രണ്ടാം പകുതിയിൽ ടീമിൻ്റെ മൂന്ന് ഗോളുകളിലും പങ്കാളിയായ ഡംഫ്രീസ് ആണ് കളിയിലെ കേമൻ. കളിയിലെ വിജയ ഗോൾ ഡംഫ്രീസിൻ്റെ വകയായിരുന്നു. മറ്റ് രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയതും ഡംഫ്രീസ് ആയിരുന്നു.
ഒരു മേജർ ടൂർണമെൻ്റിൽ ആദ്യമായി നേർക്കുനേർ വന്ന ഇരുടീമുകളും തുടക്കം മുതൽ തന്നെ ആക്രമിച്ചു കളിച്ചാണ് മുന്നേറിയത്. ഗോൾ രഹിതമായ ആദ്യ പകുതിയിൽ നെതർലാൻഡ്സ് (ഡച്ച്) ആയിരുന്നു അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ മുന്നിൽ നിന്നത് എങ്കിലും കിട്ടിയ അവസരങ്ങളിൽ യുക്രെയ്ൻ ടീമും തങ്ങളുടെ ശക്തി കാട്ടി. ഡച്ച് ടീമിൻ്റെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചത് അവരുടെ ക്യാപ്റ്റനായ ലിവർപൂൾ താരം വൈനാൾഡം ആയിരുന്നു.
ആദ്യ പകുതിയിൽ ഡച്ച് ടീമിന് ഒരു മിനിറ്റിനുള്ളിൽ രണ്ട് ഗോളവസരങ്ങളാണ് നഷ്ടമായത്. 39ആം മിനിറ്റിൽ ലഭിച്ച ആദ്യ അവസരത്തിൽ യുക്രെയ്ൻ ബോക്സിനു തൊട്ട് മുന്നിൽ നിന്ന് വൈനാൽഡം തൊടുത്ത ഒരു ഹാഫ് വോളി യുക്രെയ്ൻ ഗോളി ബുഷ്കാൻ്റെ തകർപ്പൻ ഒറ്റ കൈ രക്ഷപ്പെടുത്തൽ കൊണ്ട് മാത്രമാണ് ഗോളാവാതെ പോയത്. 40ആം മിനിറ്റിൽ ലഭിച്ച സുവർണാവസരത്തിൽ മെംഫിസ് ഡീപേ ബോക്സിലേക്ക് ഉയർത്തി വിട്ട പന്ത് ആരാലും മാർക്ക് ചെയ്യപ്പെടാതെ നിന്ന ഡച്ച് വിങ് ബാക്കായ ഡംഫ്രീസ് പന്ത് ഹെഡ് ചെയ്തത് ഗോൾപോസ്റ്റിന് പുറത്തേക്ക് ആയിരുന്നു. മറുവശത്ത് യാർമേചുകും യാർമൊലെങ്കോയും നടത്തിയ മുന്നേറ്റത്തിൽ അവർക്ക് ഡച്ച് പ്രതിരോധ നിരയെ മറികടക്കാൻ കഴിഞ്ഞെങ്കിലും ഡച്ച് ഗോളിയായ സ്റ്റെകെലെൻബർഗിനെ മറികടന്ന് ഗോൾ നേടാൻ കഴിഞ്ഞില്ല.
ആദ്യ പകുതിയിൽ നിർത്തിയിടത്ത് നിന്നുമാണ് ഡച്ച് പട തുടങ്ങിയത്. വിങ്ങുകളിലൂടെയുള്ള മുന്നേറ്റത്തിൽ ശ്രദ്ധ ചെലുത്തിയ അവർക്ക് അതിൻ്റെ ഫലവും ലഭിച്ചു. ആദ്യ പകുതിയിൽ ടീമിൻ്റെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച ഡച്ച് ക്യാപ്റ്റനായ വൈനാൾഡം നേടിയ ഗോളിൽ അവർ കളിയിൽ ലീഡെടുത്തു. കളിയുടെ 52ആം മിനിറ്റിൽ വലതു വിങിൽ നിന്ന് ഡംഫ്രീസ് യുക്രെയ്ൻ ബോക്സിലേക്ക് നീട്ടി നൽകിയ പന്ത് ബോക്സിലുണ്ടായിരുന്ന ഡീപേയുടെ കാലുകളിൽ എത്താതിരിക്കാൻ യുക്രെയ്ൻ ഗോളി ബുഷ്കാൻ നടത്തിയ ശ്രമം വിഫലമാവുകയായിരുന്നു. ബുഷ്കാൻ തട്ടിയ പന്തിലേക്ക് ഓടിയടുത്ത വൈനാൾഡം അനായാസമായി പന്ത് വലയിലേക്ക് തിരിച്ചുവിട്ടു.
ആദ്യ ഗോളിന് പിന്നാലെ വീണ്ടും അവർക്ക് അവസരം ലഭിച്ചെങ്കിലും ഡീപേ തൊടുത്ത ഷോട്ട് യുക്രെയ്ൻ ഗോളി അത് തടഞ്ഞിട്ടു. ആദ്യ പകുതിയിൽ ചാൻസ് നഷ്ടപ്പെടുത്തിയതിന് രണ്ടാം പകുതിയിൽ അവരുടെ ആദ്യ ഗോളിന് അവസരം ഒരുക്കിയ ഡംഫ്രീസ് തന്നെ 58ആം മിനിറ്റിൽ വീണ്ടും അതേ രീതിയിൽ ഒരുക്കിയ മുന്നേറ്റത്തിൽ ഡച്ച് ടീം തങ്ങളുടെ ലീഡ് ഉയർത്തി. ബോക്സിലേക്ക് വന്ന പന്ത് ക്ലിയർ ചെയ്യുന്നതിൽ യുക്രെയ്ൻ താരം വരുത്തിയ പിഴവ് മുതലെടുത്തായിരുന്നു ഗോൾ. പന്ത് കാലിൽ ലഭിച്ച ഡച്ച് മുന്നേറ്റ താരം വേഘോർസ്റ്റ് തൊടുത്ത ഷോട്ട് ഗോളി ബുഷ് കാലിൽ തട്ടി ഗോൾ ആവുകയായിരുന്നു.
ഗോൾ വീണതോടെ ഉണർന്ന യുക്രെയ്ൻ താരങ്ങൾ ആക്രമണത്തിലേക്ക് തിരിഞ്ഞു. ഒരുപിടി മുന്നേറ്റങ്ങൾക്ക് ശേഷം അവർക്ക് അതിനുള്ള ഫലം ലഭിച്ചു. 75ആം മിനിറ്റിൽ യാർമേചുക് നടത്തിയ മുന്നേറ്റത്തിൽ നിന്ന് പന്ത് ലഭിച്ച യുക്രെയ്ൻ ക്യാപ്റ്റനായ യാർമൊലെങ്കോ ഡച്ച് ബോക്സിനു പുറത്ത് നിന്ന് എടുത്ത മനോഹരമായ കർവിംഗ് ഷോട്ട് ഡച്ച് ഗോളിയായ സ്റ്റെകെലെൻബർഗിന് ഒരു അവസരവും നൽകാതെ വലയിലേക്ക് ചാഞ്ഞിറങ്ങി. ഗോൾ വീണതോടെ ആവേശഭരിതരായ അവർ സമനില ഗോളിനായി പൊരുതി. നാല് മിനിറ്റിനുള്ളിൽ തന്നെ അവർ കളിയിൽ ഒപ്പമെത്തി. യുക്രെയ്ൻ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച യാർമെചുക് ആയിരുന്നു ഗോൾ നേടിയത്. മലിനോവ്സ്കി എടുത്ത ഫ്രീകിക്കിൽ ബോക്സിൽ ഡച്ച് നിരയെ മറികടന്ന് എത്തിയ യാർമെചുക് പന്തിനെ തൻ്റെ തല കൊണ്ട് ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു.
സമനിലായയതോടെ ആവേശകരമായ മത്സരത്തിൻ്റെ ഗതി എങ്ങോട്ടും തിരിയാമെന്നിരിക്കെയാണ് ഗോൾ നേടി ഡച്ച് ടീം വീണ്ടും മുന്നിലെത്തിയത്. ആദ്യ രണ്ട് ഗോളുകൾക്കും അവസരം സൃഷ്ടിച്ച ഡംഫ്രീസ് ആയിരുന്നു ഗോൾ നേടിയത്. ഇടത് ഭാഗത്ത് നിന്നും ഉയർന്ന് വന്ന പന്തിലേക്ക് തല വച്ച ഡംഫ്രീസിന് ഇത്തവണ ലക്ഷ്യം തെറ്റിയില്ല. യുക്രെയ്ൻ ഗോളിയേയും മറികടന്ന് പന്ത് വലയിൽ. അവസാന മിനിറ്റുകളിൽ പിഴവുകൾ ഒന്നും വരുത്താതെ യുക്രെയ്നിന് കളിയിൽ തിരിച്ചു വരാൻ അവസരം നൽകാതെ ഡച്ച് ടീം മത്സരം പൂർത്തിയാക്കി.
നേരത്തെ നടന്ന മറ്റൊരു മത്സരത്തിൽ യൂറോയിൽ അരങ്ങേറ്റക്കാരായ നോർത്ത് മാസിഡോണിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഓസ്ട്രിയ തോൽപ്പിച്ചത്.
Summary
Netherlands beat Ukraine in a thrilling match in the Euro Cup
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.