നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Euro Cup | ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഹോളണ്ട് പ്രീ ക്വാര്‍ട്ടറിലേക്ക്, ഓസ്ട്രിയക്കെതിരെ ജയം എതിരില്ലാത്ത രണ്ട് ഗോളിന്

  Euro Cup | ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഹോളണ്ട് പ്രീ ക്വാര്‍ട്ടറിലേക്ക്, ഓസ്ട്രിയക്കെതിരെ ജയം എതിരില്ലാത്ത രണ്ട് ഗോളിന്

  ആതിഥേയരായ ഹോളണ്ട് 11ആം മിനിട്ടില്‍ തന്നെ ഓസ്ട്രിയക്കെതിരെ ആദ്യ ഗോള്‍ നേടി. പെനാല്‍റ്റിയിലൂടെയായിരുന്നു ഹോളണ്ട് മത്സരത്തില്‍ ലീഡ് നേടിയത്.

  • Share this:
   ഗ്രൂപ്പ് സിയില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഓസ്ട്രിയയെ തകര്‍ത്തുകൊണ്ട് ഓറഞ്ച് പട യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നിരിക്കുകയാണ്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ആതിഥേയരായ ഹോളണ്ട് ഓസ്ട്രിയയെ മറികടന്നത്. മെംഫിസ് ഡീപേ, ഡംഫ്രീസ് എന്നിവരാണ് ഹോളണ്ടിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. ഉക്രൈനെതിരെ സംഭവിച്ച പ്രതിരോധത്തിലെ പിഴവുകള്‍ പരിഹരിച്ചതാണ് ഹോളണ്ടിന്റെ വിജയത്തില്‍ നിര്‍ണായകമായത്.

   പ്രീ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ലക്ഷ്യമിട്ടുകൊണ്ടാണ് ഇരു ടീമുകളും ആംസ്റ്റര്‍ഡാം അറീനയില്‍ ഇന്നിറങ്ങിയത്. ആദ്യ മത്സരത്തില്‍ ദുര്‍ബലരായ നോര്‍ത്ത് മാസിഡോണിയയെ തോല്‍പ്പിച്ചെത്തിയ ഓസ്ട്രിയക്ക് ഹോളണ്ടിനെതിരായ മത്സരം തീര്‍ത്തും ശ്രമകരമായിരുന്നു. ആതിഥേയരായ ഹോളണ്ട് 11ആം മിനിട്ടില്‍ തന്നെ ഓസ്ട്രിയക്കെതിരെ ആദ്യ ഗോള്‍ നേടി. പെനാല്‍റ്റിയിലൂടെയായിരുന്നു ഹോളണ്ട് മത്സരത്തില്‍ ലീഡ് നേടിയത്. ഓസ്ട്രിയ ക്യാപ്റ്റന്‍ ഡേവിഡ് അലാബ ഹോളണ്ട് താരം ഡംഫ്രീസിനെ ബോക്‌സിനുള്ളില്‍ പ്രതിരോധിക്കുന്നതിനിടെയുണ്ടായ ഫൗളാണ് ആതിഥേയര്‍ക്ക് പെനാല്‍റ്റിക്ക് വഴിയൊരുക്കിയത്. മെംഫിസ് ഡീപേ എടുത്ത പെനാല്‍റ്റി കിക്ക് അനായാസം ലക്ഷ്യം മറി കടന്നു. ഗോള്‍ വീണതിന് ശേഷം ഓസ്ട്രിയ കൃത്യമായ ഇടവേളകളില്‍ അറ്റാക്കുകള്‍ നടത്തിയെങ്കിലും അവരുടെ പരിശ്രമങ്ങള്‍ ഒന്നും തന്നെ ഫലം കണ്ടില്ല. 40ആം മിനിട്ടില്‍ ഹോളണ്ടിന് ലീഡുയര്‍ത്താനുള്ള ഒരു ഓപ്പണ്‍ നെറ്റ് അവസരം മെംഫിസ് ഡീപേ നഷ്ടപ്പെടുത്തി. ബോക്‌സിനുള്ളില്‍ വച്ച് വെഹോസ്റ്റ് നല്‍കിയ കട്ട് പാസ് ഡീപേ ഫിനിഷ് ചെയ്തത് പോസ്റ്റിന് മുകളിലൂടെ പറന്നകലുകയായിരുന്നു.

   ആദ്യ പകുതിയില്‍ നിന്നും വളരെയേറെ വ്യത്യസ്തമായ ഓസ്ട്രിയന്‍ ടീമിനെയാണ് രണ്ടാം പകുതിയില്‍ കണ്ടത്. എന്നാല്‍ ഗോള്‍ എന്നത് അവര്‍ക്ക് വിദൂര സ്വപ്നമായി തന്നെ നില കൊണ്ടു. 61ആം മിനിട്ടില്‍ ഒരു കോര്‍ണര്‍ കിക്കിലൂടെ ഹോളണ്ടിന് ലീഡുയര്‍ത്താന്‍ ലഭിച്ച മറ്റൊരു സുവര്‍ണാവസരം ഓസ്ട്രിയന്‍ ഗോളിയുടെയും പ്രതിരോധ നിരയുടെയും തകര്‍പ്പന്‍ സേവില്‍ മുങ്ങിപ്പോയി. ശേഷം മൂന്ന് സബ്സ്റ്റിട്യൂഷന്‍ ഹോളണ്ട് ടീം നടത്തി. നാല് മിനിട്ടിനുള്ളില്‍ ഡംഫ്രീസിലൂടെ ഹോളണ്ട് രണ്ടാം ഗോള്‍ നേടി. ഡീപേ മൈതാന മധ്യത്തു നിന്നു നല്‍കിയ പാസ് സ്വീകരിച്ച് കുതിച്ച മലെന്‍ ഗോള്‍ പോസ്റ്റിന് മുന്നില്‍ വെച്ച് നിസ്വാര്‍ത്ഥതയോടെ പന്ത് ഡംഫ്രൈസിന് കൈമാരുകയായിരുന്നു. ഡംഫ്രീസ് അത് അനായാസം വലയില്‍ എത്തിച്ചു.

   ഗ്രൂപ്പ് ബിയില്‍ നടന്ന മറ്റൊരു പോരാട്ടത്തില്‍ ഡെന്‍മാര്‍ക്കിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയമാണ് ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയം സ്വന്തമാക്കിയത്. ജയത്തോടെ പ്രീക്വാര്‍ട്ടറില്‍ എത്താനും ബെല്‍ജിയത്തിന് കഴിഞ്ഞു. ആദ്യ പകുതിയില്‍ പിന്നിലായ ബെല്‍ജിയത്തെ തന്റെ മികവിലൂടെ തിരിച്ചുകൊണ്ടുവന്ന സൂപ്പര്‍ താരം കെവിന്‍ ഡിബ്രുയ്നെയാണ് കളിയിലെ താരം. മത്സരത്തില്‍ ബെല്‍ജിയത്തിന്റെ വിജയഗോള്‍ നേടിയ താരം തന്നെയാണ് തന്റെ ടീമിന്റെ ആദ്യ ഗോളിന് വഴിയൊരുക്കിയതും. പരുക്ക് മൂലം ആദ്യ മത്സരം നഷ്ടപെട്ട താരം ഇന്നത്തെ മത്സരത്തില്‍ ആദ്യ ഇലവനില്‍ ഉണ്ടായിരുന്നില്ല. രണ്ടാം പകുതിയില്‍ ഇറങ്ങിയ താരം ശെരിക്കും ഒരു സൂപ്പര്‍ സബ്ബ് ആവുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്.
   Published by:Sarath Mohanan
   First published:
   )}