• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആ മൂന്ന് വമ്പൻമാരിൽ ഒരു ടീമെങ്കിലും ഇല്ലാത്ത ആദ്യ സെമി


Updated: July 8, 2018, 2:21 PM IST
ആ മൂന്ന് വമ്പൻമാരിൽ ഒരു ടീമെങ്കിലും ഇല്ലാത്ത ആദ്യ സെമി

Updated: July 8, 2018, 2:21 PM IST
ലോകകപ്പ് ഫുട്ബോൾ എന്ന് കേൾക്കുമ്പോൾ മനസിലേക്ക് ഓടിയെത്തുന്ന മൂന്നു ടീമുകളാണ് ബ്രസീലും ജർമനയിയും അർജന്‍റീനയും. ലോക ഫുട്ബോളിലെ അതികായൻമാരാണ് ഇവർ. അഞ്ചു തവണ ജേതാക്കളായിട്ടുള്ള ബ്രസീൽ, നാലു തവണ ജേതാക്കളായിട്ടുള്ള ജർമനി രണ്ടു തവണ ലോകജേതാക്കളായ അർജന്‍റീന എന്നീ ടീമുകളിൽ ഒന്നില്ലാത്ത ആദ്യ സെമിഫൈനൽ ലൈനപ്പാണ് റഷ്യയിലേത്. കഴിഞ്ഞ 20 ലോകകപ്പുകളുടെയും സെമിയിൽ ഈ മൂന്നു ടീമുകളിലൊന്ന് ഉണ്ടായിരുന്നു. 12 തവണ സെമിയിൽ ഇടംനേടിയിട്ടുള്ള ജർമനിയാണ് ഏറ്റവുമധികം തവണ ലോകകപ്പ് സെമിയിൽ എത്തിയിട്ടുള്ളത്. ബ്രസീൽ 11 തവണയും അർജന്‍റീന അഞ്ച് തവണയും ലോകകപ്പ് സെമിയിലെത്തിയിട്ടുണ്ട്.

ഫ്രാൻസ്, ബെൽജിയം, ഇംഗ്ലണ്ട്, ക്രൊയേഷ്യ എന്നീ ടീമുകൾ സെമിയിലേക്ക് മുന്നേറിയപ്പോൾ ഒട്ടനവധി സവിശേഷതകൾക്ക് ഈ ലോകകപ്പ് സാക്ഷ്യം വഹിച്ചു. 1930 മുതൽ ആരംഭിക്കുന്ന ലോകകപ്പ് ചരിത്രത്തിൽ മേൽപ്പറഞ്ഞ വമ്പൻമാരിൽ ഒരാളെങ്കിലും അവസാന നാലിൽ ഇടംകണ്ടെത്താറുണ്ട്. ഫുട്ബോളിന്‍റെ ഈറ്റില്ലമായ ബ്രസീലിൽ 2014ൽ നടന്ന ലോകകപ്പിൽ ഈ പറഞ്ഞ മൂന്നു ടീമുകളും സെമിയിൽ എത്തിയിരുന്നു. ഒടുവിൽ അർജന്‍റീനയെ കീഴടക്കി ജർമനി ലോകകിരീടം സ്വന്തമാക്കുകയും ചെയ്തു. എന്നാൽ ഇത്തവണ ജർമനിയ്ക്കായി റഷ്യ കാത്തുവെച്ചത് ദുരന്തമായിരുന്നു. ഏഷ്യൻ ടീമായ ദക്ഷിണകൊറിയയോട് തോറ്റ് ജർമനി രണ്ടാം റൌണ്ട് കാണാതെ പുറത്തായി. 1938ന് ശേഷം ഇതാദ്യമായാണ് ജർമനി പ്രീ ക്വാർട്ടറിൽ എത്താതെ പുറത്താകുന്നത്. പ്രീ ക്വാർട്ടറിൽ ഫ്രാൻസിനോട് തോറ്റ് അർജന്‍റീനയും ക്വാർട്ടറിൽ ബെൽജിയത്തോട് തോറ്റ് ബ്രസീലും പുറത്തായതോടെ ലോകകപ്പ് പാരമ്പര്യം പേറിയിരുന്ന വമ്പൻമാരൊക്കെ സെമി കാണാതെ പുറത്തായി.

ഇത്തവണ സെമിയിലെത്തിയ ടീമുകളിൽ ഫ്രാൻസും ഇംഗ്ലണ്ടു മാത്രമാണ് മുമ്പ് ലോക കിരീടം ചൂടിയിട്ടുള്ളത്. ഫ്രാൻസ് 1998ലും ഇംഗ്ലണ്ട് 1966ലും സ്വന്തം നാടുകളിൽവെച്ച് വിശ്വവിജയികളായി. അതേസമയം ബെൽജിയവും ക്രൊയേഷ്യയും ഇത് രണ്ടാം തവണയാണ് സെമിയിലെത്തുന്നത്. 1986ൽ സെമിയിലെത്തിയ ബെൽജിയം അന്ന് നാലാം സ്ഥാനത്തും 1998ൽ സെമിയിലെത്തിയ ക്രൊയേഷ്യ മൂന്നാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ലോകകപ്പിന് പുതിയ അവകാശികളായി ബെൽജിയം, ക്രൊയേഷ്യ ടീമുകളിലൊന്ന് വരുമോ അതോ മുമ്പ് ജേതാക്കളായിട്ടുള്ള ഫ്രാൻസോ ഇംഗ്ലണ്ടോ രണ്ടാം കിരീടം ചൂടുമോ? ജൂലൈ 15ന് മോസ്ക്കോയിൽ നടക്കുന്ന ഫൈനൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകും..
First published: July 8, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍