• HOME
 • »
 • NEWS
 • »
 • sports
 • »
 • IPL 2021| ഐപിഎൽ രണ്ടാം പാദത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ച് ന്യൂസിലൻഡ് താരങ്ങൾ

IPL 2021| ഐപിഎൽ രണ്ടാം പാദത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ച് ന്യൂസിലൻഡ് താരങ്ങൾ

കിവീസ് താരങ്ങൾ പങ്കെടുക്കുമെന്നുള്ളത് ടൂർണമെന്റിലെ ഫ്രാഞ്ചൈസികളെ സംബന്ധിച്ച് ഏറെ ആശ്വാസം പകരുന്ന കാര്യമാണ്

kane_williamson

kane_williamson

 • Share this:


  കോവിഡ് വ്യാപനം മൂലം നിർത്തിവെക്കേണ്ടി വന്ന ഐപിഎല്ലിന്റെ രണ്ടാം പാദം യുഎഇയിൽ പുനരാരംഭിക്കുമ്പോൾ അതിന്റെ ഭാഗമാവാൻ ന്യുസിലൻഡ് താരങ്ങളും ഉണ്ടാകും. ഐപിഎൽ ടീമുകളുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് കിവീസ് താരങ്ങളുടെ സേവനം രണ്ടാം പാദത്തിൽ ലഭിക്കുമെന്ന കാര്യം സ്ഥിരീകരിച്ചത്. തങ്ങളുടെ സേവനം ലഭിക്കുമെന്ന് ന്യൂസിലാന്‍ഡ് താരങ്ങള്‍ തന്നെയാണ് അറിയിച്ചത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കിവീസ് താരങ്ങൾ പങ്കെടുക്കുമെന്നുള്ളത് ടൂർണമെന്റിലെ ഫ്രാഞ്ചൈസികളെ സംബന്ധിച്ച് ഏറെ ആശ്വാസം പകരുന്ന കാര്യമാണ്. നേരത്തെ, ബയോ ബബിള്‍ സംവിധാനത്തില്‍ കഴിഞ്ഞിട്ടും ചില താരങ്ങള്‍ക്ക് കോവിഡ് പിടിപെട്ടത് താരങ്ങള്‍ക്കിടയില്‍ ആശങ്ക പടരാന്‍ ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇനി ഐപിഎല്‍ പുനരാരംഭിച്ചാലും വിദേശ രാജ്യങ്ങളിലെ കളിക്കാർ ടൂര്‍ണമെന്റിന് ഉണ്ടാവുകയില്ല എന്ന് പറഞ്ഞത്. ഇതുകൂടാതെ അന്താരാഷ്ട്ര മത്സരങ്ങള്‍ നടക്കുന്ന സമയമായതിനാല്‍ തങ്ങളുടെ ദേശീയ ടീമിന് വേണ്ടി കളിക്കുക എന്നതിന് മുന്‍ഗണന നല്‍കുമെന്നും വിദേശ ക്രിക്കറ്റ് ബോര്‍ഡുകള്‍ പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിലായിട്ടായിരിക്കും ടൂർണമെന്റിലെ ശേഷിച്ച മത്സരങ്ങൾ യുഎഇയിൽ നടക്കുക.

  ന്യുസിലൻഡ് താരങ്ങളുടെ സ്ഥിരീകരണം വന്നതോടെ ബാക്കിയുള്ള വിദേശ താരങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കാനായി ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ക്രിക്കറ്റ് ബോര്‍ഡുകളുമായി ചര്‍ച്ചകള്‍ നടത്തുകയാണ് ബിസിസിഐ. ഇതിനിടെയാണ് ന്യുസിലൻഡ് താരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ചുള്ള സ്ഥിരീകരണം വന്നിരിക്കുന്നത്.

  ന്യുസിലൻഡ് നായകനായ കെയ്ന്‍ വില്ല്യംസണ്‍, ട്രെന്റ് ബോള്‍ട്ട്, കൈല്‍ ജാമിസൻ എന്നിവരടക്കം ന്യൂസിലന്‍ഡിന്റെ എട്ടു കളിക്കാരാണ് വിവിധ ഫ്രാഞ്ചൈസികള്‍ക്കായി ഐപിഎല്ലില്‍ കളിക്കുന്നത്. ഐപിഎല്‍ നടക്കുന്ന അതേസമയത്തു തന്നെ കിവീസ് ടീമിന് പാകിസ്താനുമായി പരമ്പരയുണ്ടെങ്കിലും പല താരങ്ങളും ഇതില്‍ നിന്നും പിന്മാറി ഐപിഎല്ലില്‍ കളിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ടൂർണമെന്റിൽ കളിക്കുന്ന പല കിവീസ് താരങ്ങളും അവരുടെ ഐപിൽ ടീമുകളുടെ നിർണായക താരങ്ങളാണ്. ഇതിൽ പ്രമുഖരാണ് വില്യംസണും ബോൾട്ടും ജാമിസനും. സണ്‍റൈസസേഴ്‌സ് ഹൈദരാബാദിന്റെ നായകനാണ് വില്യംസൺ. സീസണിന്റെ ആദ്യപകുതിയില്‍ ടീമിന്റെ പ്രകടനം മോശമായതിനെ തുടർന്ന് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഡേവിഡ് വാര്‍ണറെ നീക്കുകയും അദ്ദേഹത്തിൻറെ പകരമായാണ് വില്യംസൺ സ്ഥാനം ഏറ്റെടുക്കയും ചെയ്തത്. തുടർന്നുള്ള മത്സരത്തിലും ടീം തോറ്റിരുന്നു. അടുത്ത മത്സരത്തിനായി തയ്യാറെടുക്കവെയാണ് ടൂർണമെന്റ് നിർത്തിവെച്ചത്.

  അതേസമയം, നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ തുറുപ്പുചീട്ടാണ് ബോള്‍ട്ട്. ബുംറ- ബോള്‍ട്ട് ജോടി ഐപിഎല്ലിലെ ഏറ്റവും അപകടകാരികളായ പേസ് ജോടികള്‍ കൂടിയാണ്. 2020ലെ ഐപിഎല്ലില്‍ മുംബൈയ്ക്കു അഞ്ചാം കിരീടം നേടിക്കൊടുക്കുന്നതില്‍ ഇവര്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. മികച്ച പ്രകടനം നടത്തി ഈ സീസണിലും ടീമിന് കിരീടം നേടിക്കൊടുക്കാനാനാകും താരം ലക്ഷ്യമിടുന്നത്. ഈ സീസണിലും മുംബൈ കിരീടം നേടുകയാണെങ്കിൽ ഐപിഎല്ലിൽ തുടർച്ചയായി മൂന്നു തവണ കിരീടം നേടിയ ആദ്യ ടീം എന്ന ചരിത്രം കുറിക്കാൻ അവർക്കാകും.

  ജാമിസനാവട്ടെ വിരാട് കോഹ്ലി ക്യാപ്റ്റനായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ താരമാണ്. ഐപിഎല്ലില്‍ ജാമിസന്റെ അരങ്ങേറ്റ സീസണ്‍ കൂടിയായിരുന്നു ഇത്. മോശമല്ലാത്ത പ്രകടനമാണ് താരം കാഴ്ചവെച്ചത്. തങ്ങളുടെ ആദ്യ കിരീടം എന്ന സ്വപ്നനേട്ടത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കെയാണ് രോഗവ്യാപനം കാരണം ടൂർണമെന്റ് നിർത്തിവെച്ചത്. നിർത്തിവെച്ച ടൂർണമെന്റ് വീണ്ടും ആരംഭിക്കുമ്പോൾ ഈ സ്വപ്നനേട്ടം സാക്ഷാത്കരിക്കുക എന്ന ലക്ഷ്യവുമായാകും വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ ബാംഗ്ലൂർ സംഘം ഇറങ്ങുക.

  Summary

  New Zealand players would be available for the second leg of IPL
  Published by:Naveen
  First published: