• HOME
  • »
  • NEWS
  • »
  • sports
  • »
  • ഇന്ത്യക്കെതിരെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ്, സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി അജാക്‌സ് പട്ടേലും ടീമില്‍

ഇന്ത്യക്കെതിരെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ്, സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി അജാക്‌സ് പട്ടേലും ടീമില്‍

കോളിന്‍ ഗ്രാന്‍ഡ്ഹോം അടക്കം ആറ് പേസര്‍മാരെയാണ് ന്യൂസിലന്‍ഡ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി അജാക്സ് പട്ടേലും ടീമില്‍ ഇടം പിടിച്ചു.

  • Share this:
പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ആരംഭിക്കാന്‍ ഇനി വെറും മൂന്ന് ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ജൂണ്‍ 18ന് ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം നടക്കുന്നത്. നിലവിലെ ടെസ്റ്റ് റാങ്കിങ്ങില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഉള്ള ന്യൂസിലന്‍ഡും ഇന്ത്യയും ആണ് കലാശപ്പോരില്‍ ഏറ്റുമുട്ടുക. ഇരു ടീമുകളും അവസാന വട്ട തയ്യാറെടുപ്പുകളുമായി മുന്നോട്ട് പോവുകയാണ്. മികച്ച മുന്നൊരുക്കം നടത്തിയ ആത്മവിശ്വാസത്തിലാണ് ന്യൂസീലന്‍ഡ് ടീം. ഫൈനലിന് മുന്‍പ് അവിടത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ വേണ്ടി ഇംഗ്ലണ്ടിനെതിരെ രണ്ട് മത്സര ടെസ്റ്റ് പരമ്പര കളിച്ച അവര്‍ ആതിഥേയരെ തകര്‍ത്ത് പരമ്പര നേട്ടത്തിന്റെ നിറവില്‍ നില്‍ക്കുകയാണ്. ഇതോടെ അവര്‍ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തുകയും ചെയ്തു. ഇപ്പോഴിതാ ഇന്ത്യക്കെതിരെയുള്ള ഫൈനലിനായി 15 അംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ന്യൂസിലന്‍ഡ് ടീം. കോളിന്‍ ഗ്രാന്‍ഡ്ഹോം അടക്കം ആറ് പേസര്‍മാരെയാണ് ന്യൂസിലന്‍ഡ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി അജാക്സ് പട്ടേലും ടീമില്‍ ഇടം പിടിച്ചു. 

നാല് പേസര്‍മാരും ഒരു സ്പിന്നറുമായിരിക്കും ഇന്ത്യക്കെതിരായ ഫൈനലില്‍ അണിനിരക്കുക. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച ഡിവോണ്‍ കോണ്‍വെയും ടീമിലിടം നേടി. അതേസമയം പരിക്കിലുള്ള വില്യംസണിന് കളിക്കാനായില്ലെങ്കില്‍ ടോം ലാഥമാകും ന്യൂസിലന്‍ഡിനെ നയിക്കുക. കോളിന്‍ ഗ്രാന്‍ഡ്‌ഹോം, വില്‍ യങ്, ടോം ബ്ലണ്ടല്‍, എന്നിവരും ടീമില്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. ജേക്കബ് ഡഫി,ഡാരില്‍ മിച്ചല്‍, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍ എന്നിവരെയാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് പിന്നാലെ ഒഴിവാക്കിയിട്ടുള്ളത്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ നാല് വിക്കറ്റ് വീഴ്ത്തിയ അജാക്‌സ് പട്ടേല്‍ ഫൈനലില്‍ ടീമിന് മുതല്‍ക്കൂട്ടാവുമെന്ന് കിവീസ് മുഖ്യ പരിശീലകന്‍ ഗാരി സ്റ്റെഡ് പറഞ്ഞു. നായകന്‍ വില്യംസണിനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ബി ജെ വാള്‍ട്ടിങ്ങിനും ഫൈനല്‍ ആവുമ്പോഴേക്കും ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബൗളിങ്ങില്‍ ടിം സൗത്തിയും നീല്‍ വാഗ്നറും, ട്രെന്റ് ബോള്‍ട്ടും അണിനിരക്കുന്ന പേസ് നിര വളരെയേറെ ശക്തമാണ്. ഇംഗ്ലണ്ടും ന്യൂസീലന്‍ഡും തമ്മിലുള്ള പരമ്പര വ്യക്തമാക്കുന്നത് ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ പേസര്‍മാര്‍ക്ക് അനുകൂലമാണെന്നാണ്. ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്ന സതാംപ്ടണിലും പിച്ചിന്റെ സ്വഭാവത്തിന് വലിയ മാറ്റം വരാന്‍ സാധ്യതയില്ല. റോസ് ടെയ്ലര്‍, ഹെന്റി നിക്കോള്‍സ്, വില്‍ യങ്, ബിജെ വാട്ടലിങ്, ടോം ബ്ലണ്ടല്‍ എന്നിവരെല്ലാം തന്നെ ബാറ്റിങ്ങില്‍ തിളങ്ങാന്‍ കഴിയുന്നവരാണ്. ഫോമിലില്ലാത്ത ടോം ലാഥമും പരിക്കിലായ വില്യംസണും മാത്രമാണ് ടീമിന് തലവേദന സൃഷ്ടിക്കുന്നത്.

ന്യൂസിലാന്‍ഡ് ടീം:

കെയ്ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), ടോം ബ്ലണ്ടല്‍(വിക്കറ്റ് കീപ്പര്‍), ട്രെന്റ് ബോള്‍ട്ട്, ഡെവോണ്‍ കോണ്‍വേ, കോളിന്‍ ഗ്രാന്‍ഡ്‌ഹോം, മാറ്റ് ഹെന്റി, കെയ്ല്‍ ജാമിസണ്‍, ടോം ലഥാം, ഹെന്റി നിക്കോള്‍സ്, അജാക്‌സ് പട്ടേല്‍, ടിം സൗത്തി, റോസ് ടെയ്‌ലര്‍, വാഗ്‌നര്‍, ബിജെ വാള്‍ട്ടിങ്, വില്‍ യങ്.
Published by:Sarath Mohanan
First published: