ഐ സി സിയുടെ പ്രധാന ടൂര്‍ണമെന്റുകളിലെല്ലാം അവസാന നിമിഷങ്ങളില്‍ കാലിടറുന്ന പതിവുകള്‍ തെറ്റിച്ചുകൊണ്ട് കെയ്ന്‍ വില്യംസണിന്റെ നേതൃത്വത്തിലുള്ള ന്യൂസിലന്‍ഡ് ടീം ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് തകര്‍ത്തുകൊണ്ട് അവര്‍ കിരീടത്തില്‍ മുത്തമിട്ടിരിക്കുന്നു. നീണ്ട 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കിവീസ് ടീം ഒരു ഐ സി സി ട്രോഫി നേടുന്നത്. 2000ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലാണ് ന്യൂസിലന്‍ഡ് ആദ്യ ഐ സി സി കിരീടം നേടുന്നത്.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മേസുമായി നാട്ടില്‍ വിമാനമിറങ്ങിയപ്പോള്‍ മുതല്‍ ഗംഭീര ആഘോഷങ്ങളാണ് ന്യൂസിലന്‍ഡില്‍ നടക്കുന്നത്. എയര്‍പോര്‍ട്ടില്‍ താരങ്ങള്‍ക്ക് ഗംഭീര സ്വീകരണവും ഉണ്ടായിരുന്നു. എന്നാല്‍ ന്യൂസിലാന്‍ഡ് ടീമിന്റെ ആഘോഷങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. നിലവില്‍ രാജ്യം മുഴുവന്‍ ചുറ്റുന്ന ഒരു ആഴ്ച നീണ്ടു നില്ക്കുന്ന പര്യടനത്തിന് ഒരുങ്ങുകയാണ് ന്യൂസിലന്‍ഡ് താരങ്ങള്‍. ജൂലൈ 26നാണ് ടീമിന്റെ കിരീടവുമായുള്ള പര്യടനം ആരംഭിക്കുന്നത്. ഓഗസ്റ്റ് ഒന്നിന് അവസാനവും. ഒക്ലാന്‍ഡിലെ ഈഡന് പാര്‍ക്ക്, ഹാമില്ട്ടന്, ന്യൂ പ്ലൈമൗത്ത്, വെല്ലിങ്ടണ്‍, ക്രൈസ്റ്റ്ചര്‍ച്ച്, ഡ്യൂന്‍ഡിന്‍ എന്നിവിടങ്ങളിലെല്ലാം ടീം എത്തും.
എന്നാല്‍ നായകന് കെയ്ന്‍ വില്യംസണ്, കെയില്‍ ജാമിസണ്, ഡിവോണ്‍ കോണ്‍വേ, ഗ്രാന്‍ഡ്ഹോം എന്നിവര്‍ ടീമിന്റെ യാത്രയില്‍ ഭാഗമായേക്കില്ല. ഇവരെല്ലാം നിലവില്‍ കൗണ്ടിയുടെയും ദി ഹണ്ട്രഡ് ടൂര്‍ണമെന്റിന്റെയും ഭാഗമായി യു കെയിലാണ്. സീനിയര്‍ പേസര്‍ ടിം സൗത്തിയാണ് യാത്രക്ക് പച്ചക്കൊടി വീശുക.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയതിന് പിന്നാലെ അമിത ആഹ്ലാദം വേണ്ടെന്ന നിലപാടിലായിരുന്നു ന്യൂസിലന്‍ഡ് നായകന് കെയ്ന്‍ വില്യംസണ്. ഇന്ത്യക്കാര്‍ ഇഷ്ടപ്പെടുന്ന രണ്ടാമത്തെ ടീം തങ്ങളാണ് എന്ന ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വില്യംസണിന്റെ തീരുമാനം. എന്നാല്‍ വില്യംസണിന്റെ സഹതാരങ്ങല്‍ ഈ നിര്‍ദേം അനുസരിച്ചരുന്നില്ല. അതിനു കാരണവും വില്യംസണ് വെളിപ്പെടുത്തിയിരുന്നു. ഇതിന് മുമ്പ് കൈയ്യകലത്ത് നഷ്ടപ്പെട്ട പല കിരീടങ്ങളുടെയും ഭാഗമായവര്‍ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. അതിനാലാണ് അവര്‍ നന്നായി തന്നെ കിരീടനേട്ടം ആഘോഷിച്ചതെന്നായിരുന്നു വില്യംസണ് വിശദമാക്കിയത്.
ആവേശകരമായ ഫൈനലില്‍ എട്ട് വിക്കറ്റിനാണ് ന്യൂസിലാന്‍ഡ് ടീം ഇന്ത്യയെ മറികടന്ന് പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കിയത്. ബാറ്റിങ്ങിനൊപ്പം ബൗളിങ്ങിലും ഫൈനലില്‍ ഇന്ത്യന്‍ ടീം പരാജയമായി മാറിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. അതേസമയം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേടിയെത്തിയ ന്യൂസിലന്‍ഡ് ടീം ഇന്ത്യക്ക് മേല്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ പ്രാക്ടീസ് മത്സരങ്ങളുടെ കുറവ് ഇന്ത്യയുടെ പ്രകടനത്തില്‍ കാണമായിരുന്നു. കിവീസിന്റെ ഉയരക്കേമന്‍ കെയ്ല്‍ ജാമിസണിന്റെ തകര്‍പ്പന്‍ ബോളിംഗ് പ്രകടനമാണ് ഇന്ത്യന്‍ നിരയുടെ കഥ കഴിച്ചത്. ജാമിസണെ തന്നെയാണ് പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മികച്ച താരമായി തിരഞ്ഞെടുത്തതും. ന്യൂസിലന്‍ഡ് നായകന് കെയ്ന്‍ വില്യംസണ് രണ്ടാം ഇന്നിങ്സില്‍ അര്‍ദ്ധസെഞ്ച്വറിയും നേടിയിരുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.