ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ അഞ്ചാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് എന്ന നിലയില്‍ കളി ആരംഭിച്ച ന്യൂസിലന്‍ഡ് 249 റണ്‍സിന് ഓള് ഔട്ട്. മുഹമ്മദ് ഷമിയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിന് മുന്നിലാണ് കിവീസ് നിര മുട്ടുമടക്കിയത്. ന്യൂസിലന്‍ഡ് നിരയിലെ നാല് വിക്കറ്റുകളാണ് ഷമി പിഴുതത്. ഇന്ത്യക്ക് വേണ്ടി ഇഷാന്ത് ശര്‍മ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. 54 റണ്‍സ് നേടിയ ഓപ്പണര്‍ ഡിവോണ്‍ കോണ്‍വേയാണ് ന്യൂസിലന്‍ഡ് നിരയിലെ ടോപ് സ്കോറര്‍. നായകന് കെയ്ന്‍ വില്യംസണ് 49 റണ്‍സ് നേടി പുറത്തായി.
അഞ്ചാം ദിനത്തില്‍ മഴ മൂലം വൈകി തുടങ്ങിയ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ 37 ബോളുകള്‍ നേരിട്ട് 11 റണ്‍സ് മാത്രം കുറിച്ച റോസ് ടെയ്ലറെ മുഹമ്മദ് ഷമി ഗില്ലിന്റെ കൈകളിലെത്തിച്ചു. ശേഷമെത്തിയ ഹെന്റ്റി നിക്കോള്‍സ് 23 പന്തുകള്‍ നേരിട്ട് ഏഴ് റണ്‍സ് നേടി മടങ്ങി. ഇത്തവണ ഇഷാന്ത് ശര്‍മ ആയിരുന്നു വിക്കറ്റ് വീഴ്ത്തിയത്. ആറാമനായി എത്തിയ ബി ജെ വാട്ലിംഗിനെ വെറും മൂന്ന് പന്തിനുള്ളില്‍ ഷമി ബൗള്‍ഡാക്കി. ഒരു കിടിലന്‍ ഗുഡ് ലെങ്ത് പന്ത് താരത്തിന്റെ മിഡില്‍ സ്റ്റമ്പ് പിഴുതെറിയുകയായിരുന്നു. പിന്നീടെത്തിയ കോളിന് ഡി ഗ്രാന്‍ഡ് ഹോമിനെയും 13 റണ്‍സ് നേടുമ്പോഴേക്കും ഷമി മടക്കി. എന്നാല്‍ ന്യൂസിലന്‍ഡ് നായകന് കെയ്ന്‍ വില്യംസണ് ശക്തമായ പ്രതിരോധത്തില്‍ ക്രീസില്‍ നിലയുറപ്പിച്ചുകൊണ്ടേയിരുന്നു.
ന്യൂസിലന്‍ഡിന് ലീഡ് നേടിക്കൊടുത്തതിന് ശേഷമാണ് വില്യംസണിന്റെ വിക്കറ്റ് വീണത്. അര്‍ദ്ധസെഞ്ച്വറി നേടാന്‍ വെറും ഒരു റണ്‍ മാത്രം അകലെ ഇഷാന്ത് ശര്‍മ സ്ലിപ്പില്‍ വിരാട് കോഹ്ലിയുടെ കൈകളില്‍ എത്തിക്കുകയായിരുന്നു. ശേഷം വാലറ്റത്ത് ടിം സൗത്തി ലീഡ് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും രവീന്ദ്ര ജഡേജ സൗത്തിയെ കൂടാരം കയറ്റി. ഇതോടെ ന്യൂസിലന്‍ഡ് ഇന്നിങ്സ് 32 റണ്‍സ് ലീഡുമായി അവസാനിക്കുകയായിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 217 റണ്‍സില്‍ പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കൈല്‍ ജാമിസനാണ് ഇന്ത്യന്‍ നിരയുടെ കഥ കഴിച്ചത്. 49 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ വിരാട് കോഹ്ലി 44 റണ്‍സെടുത്തു. നീല്‍ വാഗ്നറും ട്രെന്റ് ബോള്‍ട്ടും ന്യൂസിലന്‍ഡിനായി രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
വെളിച്ചക്കുറവ് കാരണം രണ്ടാം ദിനത്തില്‍ കളി നേരത്തെ അവസാനിപ്പിച്ചപ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെന്ന ഭേദപ്പെട്ട നിലയിലായിരുന്നു. മൂന്ന് വിക്കറ്റിന് 146 റണ്‍സ് എന്ന ഭേദപ്പെട്ട നിലയില്‍ നിന്നാണ് ഇന്ത്യ 217 റണ്‍സിന് പുറത്തായത്. മികച്ച ഒരു ടോട്ടല്‍ ലക്ഷ്യം വച്ചിറങ്ങിയ ഇന്ത്യന്‍ ടീം പേസ് കെണിയില്‍ വീഴുന്നതാണ് കണ്ടത്. മൂന്നാം ദിനം തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് വിരാട് കോഹ്ലിയുടെ വിക്കറ്റ് നഷ്ടമായി. തലേ ദിവസത്തെ തന്റെ സ്കോറായ 44ലേക്ക് ഒരു റണ്‍ പോലും ചേര്‍ക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കഴിഞ്ഞില്ല. ജാമിസന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയാണ് കോഹ്ലി പുറത്തായത്. പിന്നാലെ ക്രീസില്‍ വന്ന യുവതാരം ഋഷഭ് പന്തിനും കാര്യമായ സംഭാവനയൊന്നും നല്കാന് കഴിഞ്ഞില്ല. 22 പന്ത് നേരിട്ട താരത്തിന് വെറും നാല് റണ്‍സ് മാത്രമാണ് നേടാനായത്. ഓഫ് സ്റ്റമ്പിന് പുറത്ത് വന്ന പന്തില്‍ കവര്‍ ഡ്രൈവ് ചെയ്യാന്‍ ശ്രമിച്ച താരത്തെ സ്ലിപ്പില്‍ ലാതം പിടികൂടുകയായിരുന്നു. മധ്യനിരയ്ക്കും വാലറ്റത്തിനും ക്രീസില്‍ പിടിച്ചു നില്ക്കാന് കഴിയാതെ വന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: India vs New Zealand, Indian cricket team, Newzealand cricket team, World test championship final