റിയോ ഡി ജനീറോ: നെയ്മറിനെ ഉൾപ്പെടുത്താതെ ബ്രസീൽ ടോക്യോ ഒളിംപിക്സിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ഡാനി ആൽവേസാണ് ബ്രസീലിന്റെ ഒളിംപിക്സ് ടീം ക്യാപ്റ്റൻ. 18 അംഗ ടീമിനെയാണ് ഒളിംപിക്സിനായി ബ്രസിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഒളിംപിക്സ് ടീമിൽ നെയ്മറിന്റെ ഒഴിവാക്കലും, അപ്രതീക്ഷിതമായുള്ള ആൽവേസിന്റെ വരവുമാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. 38കാരനായ ആൽവേസിനെ ടീമിൽ ഉൾപ്പെടുത്തുക മാത്രമല്ല, ക്യാപ്റ്റനാക്കുക കൂടി ചെയ്തു. കാൽമുട്ടിനേറ്റ പരിക്ക് കാരണം ആൽവേസ് ഇപ്പോൾ നടന്നു വരുന്ന കോപ്പ അമേരിക്ക ചാംപ്യൻഷിപ്പിൽ കളിക്കുന്നില്ല. നെയ്മറിനെ മാത്രമല്ല, പി.എസ്.ജിയില്‍ സഹതാരമായ മാര്ക്വിഞ്ഞോസിനെയും 18 അംഗ ടീമിൽ ബ്രസീൽ ഉൾപ്പെടുത്തിയിട്ടില്ല.
സ്വന്തം നാട്ടിൽ നടന്ന കഴിഞ്ഞ ഒളിംപിക്സിൽ ഫുട്ബോൾ സ്വർണം ബ്രസീലിനായിരുന്നു. അന്ന് ഫൈനലിൽ പെനാൽറ്റിയിലൂടെ ബ്രസീലിന്റെ വിജയഗോൾ കുറിച്ചത് നെയ്മറായിരുന്നു. ഇത്തവണ ഒളിംപിക്സിൽനിന്ന് ഒഴിവാക്കിയതിൽ നെയ്മർക്ക് അതൃപ്തിയുണ്ട്. തന്നെ ടീമിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതർ അത് തള്ളിക്കളയുകയായിരുന്നുവെന്നാണ് സൂചന.
അതേസമയം ടീമിൽ ഉൾപ്പെടുത്താവുന്ന നിശ്ചിത എണ്ണം സീനിയർ താരങ്ങളിൽ നെയ്മർ ഇടം നേടിയില്ലെങ്കിലും വെറ്ററൻ താരങ്ങളായ ഡീഗോ കാർലോസ്, ഗോളി സാന്റോസ് എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ടോക്യോ ഒളിംപിക്സിൽ ജര്‍മനി, ഐവറി കോസ്റ്റ്, സൗദി അറേബ്യ എന്നിവരുള്‍പെടുന്ന ഗ്രൂപ് ഡിയിലാണ് ബ്രസീല്‍ സ്വർണം നിലനിർത്താനായി മാറ്റുരയ്ക്കുന്നത്. ജൂലൈ 22ന് ജര്‍മനിക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം.
ടോക്യോ ഒളിംപിക്സിനുള്ള ബ്രസീൽ ടീം: സാന്റോസ്, ബ്രെന്നോ, ഗബ്രിയേല്‍ മെനിനോ, ഗിഹേണ് അറാന, ഗബ്രിയേല്‍ മാഗലേസ്, നിനോ, ഡീഗോ കാര്‍ലോസ്, ഡഗ്ലസ് ലൂയിസ്, ബ്രൂണോ ഗ്വിമെറാസ്, ഗേഴ്സണ്‍, േക്ലാഡീഞ്ഞോ, മാത്യൂസ് ഹെന്റിക്, മാത്യൂസ് കുന്‍ഹ, മാല്‍ക്കം, ആന്റണി, പോളീഞ്ഞോ, പെഡ്രോ.
Also Read-
യൂറോ കപ്പ്: സൂപ്പർ സബ്ബായി ഡിബ്രുയ്നെ; ഡെൻമാർക്കിനെതിരെ വിജയം നേടി ബെൽജിയം പ്രീക്വാർട്ടറിൽ
അതിനിടെ അമേരിക്കയില്‍ വിജയത്തുടര്‍ച്ചയുമായി നെയ്മറും സംഘവും. ഇന്ന് നടന്ന മത്സരത്തില്‍ പെറുവിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് കാനറിപ്പട തകര്‍ത്തത്. ബ്രസീലിനായി അലക്സ് സാന്‍ഡ്രോ, നെയ്മര്‍, റിബൈറോ, റിച്ചാര്ലിസണ് എന്നിവരാണ് ഗോളുകള്‍ നേടിയത്. തുടര്‍ച്ചയായ ഒമ്പതാം ജയമാണ് ബ്രസീല്‍ ഇതിലൂടെ നേടിയിരിക്കുന്നത്. 2014ലെ ലോകകപ്പിന് ശേഷം ഇതുവരെ ബ്രസീലിനെ തട്ടകത്തില്‍ തോല്‍പ്പിക്കാന്‍ ആര്‍ക്കുമായിട്ടില്ല. ഗോളടിച്ചും ഗോളടിപ്പിച്ചും കളം നിറഞ്ഞു കളിച്ച നെയ്മറെ പൂട്ടുക പെറുവിന്റെ യുവനിരയ്ക്ക് അത്ര എളുപ്പമായിരുന്നില്ല.
നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് തന്നെയാണ് സ്വന്തം തട്ടകത്തില്‍ ഇന്നിറങ്ങിയത്. ഉദ്ഘാടന മത്സരത്തില്‍ വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവും മത്സരത്തിലുടനീളം അവര്‍ക്കുണ്ടായിരുന്നു. ആദ്യ ഇലവനില്‍ അഞ്ചു മാറ്റങ്ങളാണ് ടിറ്റേ ഇന്നത്തെ മത്സരത്തില്‍ ബ്രസീലില്‍ വരുത്തിയിരുന്നത്. ആദ്യ മത്സരത്തില്‍ കളിച്ച മാര്‍ക്കിഞ്ഞോ, കാസമിറോ, ഗോള്‍ കീപ്പര്‍ അല്ലിസണ് എന്നിവരെ പുറത്തിരുത്തിക്കൊണ്ട് തിയാഗോ സില്‍വ, ഗോള്‍ കീപ്പര്‍ എഡേഴ്സണ്, ഗബ്രിയേല്‍ ബര്‍ബോസ എന്നിവരെല്ലാം ആദ്യ ഇലവനില്‍ ഇടം നല്കി. ആദ്യ പത്തു മിനിട്ടുകള്‍ക്ക് ശേഷമാണ് ബ്രസീല്‍ തങ്ങളുടെ യഥാര്‍ത്ഥ കളി പുറത്തെടുക്കുന്നത്. മത്സരത്തിന്റെ പന്ത്രണ്ടാം മിനിട്ടില്‍ തന്നെ അലക്സ് സാന്‍ഡ്രോയിലൂടെ ബ്രസീല്‍ ആദ്യ ഗോള്‍ നേടി. ബോക്സിനുള്ളില്‍ നിന്ന് ഗബ്രിയേല്‍ ജീസസ് നല്കിയ ക്രോസ് പെറുവിന്റെ പ്രതിരോധ നിരയെ കാഴ്ചക്കാരാക്കികൊണ്ട് അലക്സ് സാന്‍ഡ്രോ ഗോള്‍ വര കടത്തുകയായിരുന്നു.
40ആം മിനിട്ടില്‍ പെറു താരം യോഷിമര്‍ യോട്ടണിന്റെ ഗോള്‍ ശ്രമം കീപ്പര്‍ എഡേഴ്സണില്‍ നിന്നും മിസ്സ് ആയെങ്കിലും ബ്രസീല്‍ ഡിഫെന്‍ഡര്‍ മിലിറ്റാവോ സമയോചിത ഇടപെടലിലൂടെ അത് പ്രതിരോധിക്കുകയായിരുന്നു. ആദ്യ പകുതിയില്‍ അവസാന കുറച്ചു മിനിട്ടുകള്‍ ഒഴിച്ചാല്‍ അറ്റാക്കിങ്ങിലും പൂര്‍ണ ആധിപത്യം ബ്രസീലിന് തന്നെയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ രണ്ട് മാറ്റങ്ങള്‍ ബ്രസീല്‍ വരുത്തിയിരുന്നു. ഗബ്രിയേല്‍ ബര്ബോസയെയും എവെര്ടണിനെയും പിന്‍വലിച്ച് റിച്ചാര്‍ലിസനെയും റിബൈറോയെയുമാണ് ടിറ്റേ ഇറക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.