HOME » NEWS » Sports » NEYMAR OPENS UP AFTER HIS CONTRACT RENEWAL WITH PSG INT NAV

'പിഎസ്‌ജിയുടെ കൂടെ ചാമ്പ്യൻസ് ലീഗ് നേടാനാകുമെന്ന ഉറപ്പുണ്ട്' - ഫ്രഞ്ച് ക്ലബുമായി കരാർ പുതുക്കിയ ശേഷം പ്രതികരണവുമായി നെയ്‌മർ

അടുത്ത മൂന്ന് വര്‍ഷത്തിനിടെ പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് നേടുകയാണെങ്കില്‍ വലിയ ബോണസ് ലഭിക്കുന്ന രീതിയിലാണ് നെയ്മറിന്റെ ഇപ്പോഴത്തെ കരാര്‍. വര്‍ഷം 30 മില്യണ്‍ യൂറോയോളമാകും പുതിയ കരാറിലൂടെ നെയ്മര്‍ സമ്പാദിക്കുക‌.

News18 Malayalam | news18-malayalam
Updated: May 9, 2021, 5:51 PM IST
'പിഎസ്‌ജിയുടെ കൂടെ ചാമ്പ്യൻസ് ലീഗ് നേടാനാകുമെന്ന ഉറപ്പുണ്ട്' - ഫ്രഞ്ച് ക്ലബുമായി കരാർ പുതുക്കിയ ശേഷം പ്രതികരണവുമായി നെയ്‌മർ
നെയ്മര്‍
  • Share this:
ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയോടു തോറ്റു പിഎസ്‌ജി പുറത്തായതോടെ നെയ്‌മർ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നെങ്കിലും അതിനു നേരെ വിപരീതമാണ് സംഭവിച്ചത്. എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ടുകൊണ്ട് നെയ്മര്‍ പിഎസ്ജിയില്‍ തുടരുകയാണെന്ന് അറിയിച്ചിരിക്കുകയാണ്. 2025 ജൂണ്‍ 30 വരെയാണ് പുതിയ കരാര്‍. പിഎസ്‌ജിക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കഴിയുമെന്ന ഉറപ്പുണ്ടെന്ന് കരാർ ഒപ്പിട്ടതിനു ശേഷം താരം വ്യക്തമാക്കുകയും ചെയ്‌തു.

"ഇവിടെയെത്തുമ്പോൾ എന്റെ ഉദ്ദേശം പിഎസ്‌ജിയെ ഏറ്റവും മുൻപന്തിയിലെത്തിക്കുക എന്നതായിരുന്നു. ആ ലക്ഷ്യത്തിന് വളരെയടുത്തെത്താനും ഞങ്ങൾക്ക് കഴിഞ്ഞു. ഇതുപോലെയുള്ള മത്സരങ്ങളിൽ മുന്നേറാനുള്ള പരിചയസമ്പത്ത് ഞങ്ങൾ ഓരോ തവണയും ഉണ്ടാക്കിയെടുക്കുകയാണ്. ചാമ്പ്യൻസ് ലീഗിൽ എങ്ങിനെ കളിച്ച് മുന്നേറണമെന്ന

കാര്യത്തിൽ ഞങ്ങൾ സ്വീകരിച്ച മാർഗ്ഗം ശരിയായ പാതയിലാണ് എന്നത് ഞങ്ങളുടെ പ്രകടനം തെളിയിക്കുന്നു."

"ചാമ്പ്യൻസ് ലീഗ് വിജയം രുചിക്കുന്നതിന്റെ തൊട്ടരികിലേക്ക് ഞങ്ങൾ എത്തിക്കൊണ്ടേയിരിക്കുകയാണ്. ഞങ്ങൾക്കതു നേടാൻ കഴിയുമെന്ന കാര്യത്തിലും എനിക്കു പരിപൂർണ വിശ്വാസമുണ്ട്," പിഎസ്‌ജിയുടെ ഒഫിഷ്യൽ വെബ്‌സൈറ്റിനോട് സംസാരിക്കവെ നെയ്‌മർ വ്യക്തമാക്കി. ക്ലബിനോടുള്ള തന്റെ പ്രതിബദ്ധതയെക്കുറിച്ചും താരം പറഞ്ഞു.

"2025 വരെ പിഎസ്‌ജിയുമായി കരാർ പുതുക്കിയതിൽ ഞാൻ വളരെയധികം സന്തുഷ്ടനാണ്. ഒരു മനുഷ്യന്‍, വ്യക്തി, മികച്ച താരം എന്നീ നിലകളിലുള്ള വളര്‍ച്ചയെല്ലാം എനിക്ക് പി എസ് ജിയില്‍ നിന്നാണ് ഉണ്ടായത്, നാല് വർഷം കൂടി ഇവിടെ തുടരുന്നതിലും ക്ലബിന്റെ പ്രോജക്ട്, കിരീടങ്ങൾ വിജയിക്കാനുള്ള പദ്ധതികൾ, ചാമ്പ്യൻസ് ലീഗെന്ന ഏറ്റവും പ്രധാനപ്പെട്ട സ്വപ്‌നം എന്നിവയുടെയെല്ലാം ഭാഗമാകാൻ കഴിയുന്നതിലും എനിക്ക് സന്തോഷമുണ്ട്," നെയ്‌മർ കൂട്ടിച്ചേർത്തു.

ഇക്കഴിഞ്ഞ കാലങ്ങളിലുണ്ടായ അനുഭവങ്ങൾ തന്നിൽ വളരേയധികം മാറ്റങ്ങൾ ഉണ്ടാക്കിയെന്നും നെയ്‌മർ പറഞ്ഞു. ക്ലബിന്റെ ആഗ്രഹങ്ങളും ഉള്ളടക്കവുമാണ് തന്നെ വീണ്ടും കരാർ പുതുക്കാൻ പ്രേരിപ്പിച്ചതെന്നും ടീം മികച്ച രീതിയിൽ പുരോഗമിക്കുന്നത് കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ടെന്നും താരം പറഞ്ഞു. ഒരു കളിക്കാരനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും തനിക്ക് വന്ന മാറ്റങ്ങൾ കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണെന്നും ബ്രസീലിയൻ താരം വ്യക്തമാക്കി.

അതേസമയം, അടുത്ത മൂന്ന് വര്‍ഷത്തിനിടെ പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് നേടുകയാണെങ്കില്‍ വലിയ ബോണസ് ലഭിക്കുന്ന രീതിയിലാണ് നെയ്മറിന്റെ ഇപ്പോഴത്തെ കരാര്‍. വര്‍ഷം 30 മില്യണ്‍ യൂറോയോളമാകും പുതിയ കരാറിലൂടെ നെയ്മര്‍ സമ്പാദിക്കുക‌. ഇത്തവണ ചാമ്പ്യന്‍സ് ലീഗില്‍ പി എസ് ജി സെമിയില്‍ പുറത്തായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയോട് തോറ്റതോടെയാണ് പി എസ് ജിക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ കടന്ന ടീമാണ് പിഎസ്ജി. ചരിത്രത്തിലാദ്യമായി കഴിഞ്ഞ തവണ പിഎസ്ജി ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ അതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത് നെയ്മറായിരുന്നു. പിഎസ്ജിക്ക് വേണ്ടി താരം ഇതുവരെ 112 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 85 ഗോളുകള്‍ താരം ഈ സമയം കൊണ്ട് നേടി. ഒപ്പം 51 അസിസ്റ്റും താരം സംഭാവന ചെയ്തിട്ടുണ്ട്.

Summary- Neymar opens up after his contract renewal with PSG
Published by: Anuraj GR
First published: May 9, 2021, 5:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories