കോപ്പ അമേരിക്കയിൽ അർജന്റീന - കൊളംബിയ സെമി മത്സരത്തിൽ അർജന്റീനയെ പിന്തുണച്ച് ബ്രസീൽ സൂപ്പർ താരം നെയ്മർ. നാളെ നടക്കുന്ന സെമി പോരാട്ടത്തിൽ അർജന്റീന ജയിക്കണമെന്നും അവരെയാണ് ഫൈനലിൽ എതിരാളികളായി കിട്ടാൻ ആഗ്രഹിക്കുന്നതെന്നും നെയ്മർ വെളിപ്പെടുത്തി. ഇന്ന് നടന്ന ആദ്യ സെമിയിൽ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബ്രസീൽ താരം തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. ബ്രസീലിലെ വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തിൽ വെച്ചാണ് കോപ്പയിലെ ഫൈനൽ മത്സരം നടക്കുന്നത്. ചരിത്രപ്രസിദ്ധമായ സ്റ്റേഡിയത്തിൽ ഫുട്‍ബോൾ പ്രേമികളും ആഗ്രഹിക്കുന്നത് ബ്രസീലും അർജന്റീനയും തമ്മിലുള്ള സ്വപ്ന ഫൈനലിന് വേണ്ടിയാണ്.
നാളത്തെ സെമിയിൽ തന്റെ പിന്തുണ അർജന്റീനക്ക് ആണെന്ന് പറയുമ്പോഴും ഫൈനലിൽ വിജയം ബ്രസീൽ തന്നെ നേടുമെന്നാണ് പറയുന്നത്. ‘ഫൈനലിൽ അർജന്റീനയെ എതിരാളികളായി ലഭിക്കണമെന്നാണ് എന്റെ ആഗ്രഹം. അർജന്റീന ടീമിൽ എനിക്ക് വളരെയധികം സുഹൃത്തുക്കളുണ്ട്. അതുകൊണ്ടാണ് ഞാൻ അവരെ പിന്തുണയ്ക്കുന്നത്. ഫൈനലിൽ ബ്രസീൽ തന്നെ ജയിക്കും’ – നെയ്മർ പറഞ്ഞു.
അർജന്റീന ടീമിലെ പല താരങ്ങളും നെയ്മറുടെ സുഹൃത്തുക്കളാണ്. ഇതിൽ അർജന്റീന ക്യാപ്റ്റനായ മെസ്സിയുമായി താരത്തിന് വളരെ അടുത്ത ബന്ധമാണുള്ളത്. നെയ്മർ ലാലിഗയിൽ ബാഴ്‌സിലോണക്കായി കളിച്ചിരുന്ന കാലത്ത് തുടങ്ങിയ ബന്ധമാണ് അത്. ഇപ്പോഴും ആ ആത്മബന്ധം ഇരുവരും സൂക്ഷിക്കുന്നുണ്ട്. ഇതിനുപുറമെ നെയ്മർ ഇപ്പോൾ കളിക്കുന്ന പിഎസ്‌ജിയിലെ സഹതാരങ്ങളായ ഡി മരിയയും ലിയാൻഡ്രോ പരേദസും അർജന്റീനയുടെ താരങ്ങളാണ്.
ഇന്ന് നടന്ന ആദ്യ സെമിയിൽ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീൽ തോൽപ്പിച്ചത്. കളിയിലെ 35ാം മിനിറ്റിൽ ലൂക്കാസ് പക്വേറ്റ നേടിയ ഗോളിലാണ് ബ്രസീൽ വിജയം നേടിയത്. കളിയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ബ്രസീൽ ടീം സാംബനൃത്ത ചുവടുകളുമായി മുന്നേറിയപ്പോൾ പെറു അതിന്റെ മുന്നിൽ നിറം മങ്ങിപ്പോയി. ആദ്യ പകുതിയിൽ ബ്രസീൽ നടത്തിയ ആക്രമണങ്ങൾക്ക് മുന്നിൽ പ്രതിരോധത്തിലായി അവർ രണ്ടാം പകുതിയിൽ ആക്രമണങ്ങളുമായി തിരിച്ചുവരാൻ ശ്രമം നടത്തിയെങ്കിലും അതിനെയെല്ലാം വളരെ സമർത്ഥമായി തന്നെ ബ്രസീൽ നേരിട്ടു.
അതേസമയം, നാളെ നടക്കുന്ന സെമി മത്സരം മെസ്സിക്കും സംഘത്തിനും അഭിമാനപ്പോരാട്ടമായി മാറിയിരിക്കുകയാണ്. പെറുവിനെ തോൽപ്പിച്ച് ബ്രസീൽ ഫൈനൽ ടിക്കറ്റ് എടുത്തതോടെ സ്വപ്ന ഫൈനലിനായി കാത്തിരിക്കുന്ന ആരാധകരെ നിരാശരാക്കാതിരിക്കാൻ അവർക്ക് നാളെ ജയിച്ചേ തീരൂ. നാളത്തെ മത്സരത്തിൽ അർജന്റീന ഇറങ്ങുമ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത് മെസ്സിയിലേക്കാണ്. അർജന്റീന ജേഴ്‌സിയിൽ ഒരു കിരീടം തന്റെ കൂടെ ചേർത്തവെക്കുക എന്ന ദീർഘകാലത്തെ സ്വപ്നം ഈ പ്രാവശ്യം എന്ത് വില കൊടുത്തും പൂർത്തീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് മെസ്സി. മിന്നും ഫോമിൽ കളിക്കുന്ന താരത്തിന് കിരീടം നേടി തന്റെ വിമർശകരുടെ വായടപ്പിക്കാനുള്ള സുവർണാവസരമാണിത്. അർജന്റീന ആരാധകർ കാത്തിരിക്കുന്നതും ഈ ഒരു കാഴ്ച കാണാനാണ്.
നാളത്തെ സെമിയിൽ ജയിച്ച് അർജന്റീന മുന്നേറി ഫൈനലിൽ എത്തുകയാണെങ്കിൽ അത് കോപ്പയിലും ആവേശം നിറയ്ക്കും. യൂറോ കപ്പിന്റെ ആവേശത്തിനിടയിൽപ്പെട്ട് മുങ്ങിപ്പോയ കോപ്പയ്ക്ക് ഒരു ഉയിർത്തെഴുന്നേൽപ്പ് നൽകാൻ ഈ ഒരു സ്വപ്ന ഫൈനലിന് മാത്രമേ സാധിക്കുകയുള്ളൂ. ലോകമെമ്പാടുമുള്ള ആരാധകരെ പോലെ ടൂർണമെന്റിന്റെ സംഘാടകരും ഇത് തന്നെയാണ് ആഗ്രഹിക്കുന്നത്.
Summary
Brazil superstar Neymar says that he would like to have Argentina as opposite team in the Copa America Final
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Argentina vs Brazil, Copa America, Lionel messi, Neymar