ഇന്റർഫേസ് /വാർത്ത /Sports / Ngolo Kante | ബാലൺ ഡി ഓർ കാൻ്റെ നേടും, പ്രവചനങ്ങൾക്ക് മറുപടിയുമായി കാൻ്റെ

Ngolo Kante | ബാലൺ ഡി ഓർ കാൻ്റെ നേടും, പ്രവചനങ്ങൾക്ക് മറുപടിയുമായി കാൻ്റെ

Kante

Kante

'വളരെ മഹത്തായ വ്യക്തിഗത പുരസ്‌കാരമാണത്. താരങ്ങൾ മികച്ച രീതിയിൽ സീസൺ പൂർത്തിയാക്കിയതിൻ്റെ ഫലമായാണ് അത് ലഭിക്കുന്നത്'

  • Share this:

എൻഗോളോ കാൻ്റെ എന്ന ഫ്രഞ്ച് ഫുട്ബോൾ താരമാണ് നിലവിൽ ഫുട്ബോൾ ലോകത്തെ ട്രെൻഡ് സെറ്റർ. സമീപകാലത്തെ മികച്ച പ്രകടനങ്ങൾ കൊണ്ട് ഫുട്ബോൾ ലോകത്തിൻ്റെ നെറുകയിൽ നിൽക്കുകയാണ് താരം. മികച്ച പ്രകടനങ്ങൾ നടത്തി മുന്നേറുന്ന കാൻ്റെയെ പ്രശംസിക്കാനുള്ള മത്സരത്തിലാണ് ഫുട്ബോൾ ലോകം. ഇതിനോട് ചേർന്നാണ് ഫുട്ബോളിലെ മികച്ച താരത്തിനുള്ള പുരസ്കാരമായ ബാലൺ ഡി ഓർ താരം നേടുമെന്ന തരത്തിലുള്ള പ്രവചനങ്ങൾ ഉയർന്നു വന്നത്. ഫ്രഞ്ച് താരമായ കാൻ്റെയുടെ ദേശീയ ടീമിലെ സഹതാരമായ പോൾ പോഗ്ബ കൂടി ഈ സാധ്യത പ്രവച്ചിച്ച് രംഗത്ത് വന്നിരുന്നു. ഫുട്ബോളിലെ വൻമരങ്ങളായ മെസ്സിയേയും റൊണാൾഡോയേയും മറികടന്ന് താരം ഈ പുരസ്കാരം നേടുമെന്നാണ് പോഗ്‌ബ പ്രവചിച്ചത്.

ഇപ്പോഴിതാ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കാൻ തനിക്കുള്ള സാധ്യതകളെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് എൻഗോളോ കാന്റെ. നിരവധി ഉയർച്ചയും താഴ്ച്ചയും കണ്ട ഈ സീസണിൽ തൻ്റെ ടീമായ ചെൽസിയെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരം ഇപ്പോൾ തൻ്റെ ദേശീയ ടീമായ ഫ്രാൻസിനൊപ്പം യൂറോ കപ്പിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ്.

Also Read- Euro Cup | സെർജിയോ ബുസ്ക്വറ്റ്സിന് കോവിഡ്; സ്പെയിനിന് കനത്ത തിരിച്ചടി

ഫുട്ബോളിലെ ഏറ്റവും ഉയർന്ന പുരസ്കാരമായ ബാലൺ ഡി ഓർ അപൂർവമായി മാത്രമേ പ്രതിരോധ ശൈലിയിലൂന്നി കളിക്കുന്ന താരങ്ങൾക്ക് ലഭിക്കാറുള്ളൂ. കൂടുതലും ഇത് മുൻനിരയിൽ കളിക്കുന്ന താരങ്ങൾക്കാവും ലഭിക്കുക. ആറ് തവണ ഈ പുരസ്കാരം നേടിയ ലയണൽ മെസ്സി ഇതിനുള്ള മികച്ച ഉദാഹരണമാണ്. പക്ഷേ ഈ വർഷത്തെ ബാലൺ ഡി ഓറിനു സാധ്യതയുള്ള താരങ്ങളിൽ കാന്റെയുടെ സാധ്യത വളരെ കൂടുതലാണ് എന്ന് പറഞ്ഞാൽ ആരും നിഷേധിക്കുകയില്ല. അത്രക്കും മികച്ച പ്രകടനമാണ് താരം ഈ സീസണിൽ പുറത്തെടുത്തത്. ഇനി ഫ്രാൻസിനൊപ്പം യൂറോ കപ്പ് കൂടി നേടിയാൽ കാൻ്റെക്ക് ഈ പുരസ്കാരം ലഭിക്കാനുള്ള സാധ്യത ഉറപ്പായും കൂടും. ഇത്തരത്തിൽ അഭിപ്രായങ്ങൾ തനിക്ക് ചുറ്റും ഉയരുമ്പോഴും താരം തൻ്റെ സ്വതസിദ്ധമായ വിനയം കൈവെടിയാതെ പറയുന്നത് തനിക്കത് ലഭിക്കാൻ അർഹതയുണ്ടെന്നു പറയുന്നത് അനാവശ്യമാണെന്നാണ്.

"അതേക്കുറിച്ച് ഇത്ര നേരത്തെ തന്നെ സംസാരിക്കുന്നതു ശരിയായ കാര്യമല്ല. ഈ വർഷത്തിൻ്റെ പകുതി മാത്രമാണ് പൂർത്തിയായിരിക്കുന്നത്, ഇനിയും ആറു മാസങ്ങൾ ബാക്കിയുണ്ട്, അതിനു പുറമെ നിരവധി മത്സരങ്ങളും ടൂർണമെന്റുകളും കളിക്കാനിരിക്കുന്നു. ഇപ്പോൾ തന്നെ അതു ഞാൻ അർഹിക്കുന്നുവെന്നു പറയുന്നത് അനാവശ്യമാണ്," കാന്റെ പറഞ്ഞു.

"ഏതാനും വർഷങ്ങൾക്കു മുൻപ് ഞാൻ പുരസ്ക്കാര പട്ടികയിൽ ആദ്യ പത്തു സ്ഥാനങ്ങളിൽ എത്തിയിരുന്നു. അന്നത് ആദ്യാനുഭവം ആയിരുന്നത് കൊണ്ട് ഞാൻ വളരെയധികം സന്തോഷവാൻ ആയിരുന്നു. എന്നാൽ പുരസ്‌കാരം നേടുകയെന്നത് മറ്റൊരു അനുഭവമാണ്. വളരെ മഹത്തായ വ്യക്തിഗത പുരസ്‌കാരമാണത്. താരങ്ങൾ മികച്ച രീതിയിൽ സീസൺ പൂർത്തിയാക്കിയതിൻ്റെ ഫലമായാണ് അത് ലഭിക്കുന്നത്. എന്നെ സംബന്ധിച്ച് അതല്ല ലക്ഷ്യം. മുൻപ് ഈ പുരസ്‌കാരം നേടിയ താരങ്ങളെല്ലാം കരിയറിൽ ഐതിഹാസികമായ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുമുണ്ട്." കാൻ്റെ കൂട്ടിച്ചേർത്തു.

ടീമിന്റെ നേട്ടങ്ങൾ മാത്രമാണ് തൻ്റെ ലക്ഷ്യം അതിനായാണ് താൻ കൂടുതൽ പ്രയ്തനിക്കുന്നതെന്നും അത്തരം പ്രകടനങ്ങൾക്കാണ് തന്നെ കൂടുതൽ സ്വാധീനിക്കാൻ കഴിയുകയെന്നും വ്യക്തമാക്കിയ കാന്റെ മൈതാനത്ത് ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാൻ ശ്രമിക്കുമെന്നും വ്യക്തമാക്കി. തനിക്ക് കിട്ടുന്ന പ്രശംസ അതിശയോക്തി കലർന്നതാണെന്നും യഥാർഥത്തിൽ അതിൻ്റെ ആവശ്യമില്ലെന്നും താരം കൂട്ടിച്ചേർത്തു.

യൂറോ കപ്പിനായി ഒരുങ്ങുന്ന കാൻ്റെയുടെ ടീമായ ഫ്രാൻസിന് തന്നെയാണ് എല്ലാവരും കൂടുതൽ കിരീട സാധ്യത നൽകുന്നത്. ഇംഗ്ലണ്ട് ഇതിഹാസ താരമായ വെയ്ൻ റൂണി, സൂപ്പർ പരിശീലകനായ ഹോസെ മൗറീഞ്ഞോ എന്നിവരും ഫ്രാൻസിനാണ് കൂടുതൽ കിരീട സാധ്യത എന്ന് പ്രവചിച്ച് രംഗത്ത് വന്നിരുന്നു.

അതേസമയം, യൂറോ കപ്പിനായി ഇറങ്ങുന്ന ടീമുകളില്‍ കിരീട സാധ്യത ഏറ്റവും കൂടുതല്‍ കല്‍പ്പിക്കപ്പെടുന്ന ടീമുകളില്‍ മുന്‍പന്തിയിലാണ് ഫ്രാൻസെങ്കിലും ഇത്തവണത്തെ ടൂര്‍ണമെന്റില്‍ മരണ ഗ്രൂപ്പിലാണ് അവര്‍ ഇടം പിടിച്ചിരിക്കുന്നത്. ഫ്രാന്‍സിന് പുറമെ ജര്‍മനി, നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍, ഹംഗറി എന്നീ ടീമുകളാണ് ഗ്രൂപ്പിലുള്ളത്. മികച്ച പ്രകടനം നടത്തിയാൽ മാത്രമേ ഫ്രാൻസിന് ടൂർണമെൻ്റിലെ മുന്നോട്ട് പോക്ക് സാധ്യമാകൂ.

Summary- Ngolo Kante would receive Ballon d'Or; he stays humble as ever, more time left to decide on it and the talks that he would receive it is unnecessary

First published:

Tags: Ballon d'Or awards, Christiano ronaldo, Football News, Lionel messi, Ngolo Kante