ഐ പി എല്ലിന്റെ ഓരോ സീസണും ഒരുപാട് പുത്തന്‍ താരോദയങ്ങള്‍ക്ക് ദേശീയ ടീമിലേക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ ദേശീയ ടീമിലേക്ക് യുവതാരങ്ങളെ കണ്ടെത്തുന്നതില്‍ ഐ പി എല്ലിന്റെ സ്ഥാനം വളരെ വലുതാണ്. ജസ്പ്രീത് ബുമ്ര, രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ് തുടങ്ങി ഒട്ടേറെ താരങ്ങളുടെ കരിയറില്‍ വഴിത്തിരിവായത് ഐ പി എല്ലാണ്. ഇത്തവണത്തെ സീസണ് രാജ്യത്തെ കോവിഡ് പ്രതിസന്ധി മുന്‍നിര്‍ത്തി പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടേറെ പുതുമുഖ താരങ്ങള്‍ ആരാധകരുടെ മനസ്സ് കീഴടക്കിയിരുന്നു. അത്തരത്തില്‍ ഈ സീസണിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ ഒരു താരമാണ് പഞ്ചാബ് കിങ്സിന്റെ വമ്പനടിക്കാരനായി മധ്യനിരയില്‍ ഇറങ്ങിയ ഷാരൂഖ് ഖാന്.
തമിഴ്നാട്ടുകാരനായ താരത്തിന്റെ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളാണ് പഞ്ചാബ് ടീമിലേക്ക് വഴിയൊരുക്കുന്നത്. പറയത്തക്ക പ്രകടനങ്ങള്‍ താരത്തിന്റെ ബാറ്റില്‍ നിന്നും ഉണ്ടായില്ലെങ്കിലും രണ്ട് തവണ മധ്യനിരയില്‍ ഒറ്റയാള്‍ പോരാട്ടം നടത്താന്‍ ഷാരൂഖ് ഖാന് സാധിച്ചിരുന്നു. വമ്പന്‍ ബാറ്റിങ് നിര അപ്പാടെ നിലം പതിച്ച സാഹചര്യങ്ങളിലായിരുന്നു ഷാരൂഖ് ഖാന് ടീമിനെ ഇത്തരത്തില്‍ മുന്നോട്ട് നയിച്ചത്. ടീമിനെ വലിയ നാണക്കേടില്‍ നിന്നും രക്ഷിക്കുന്നതിനും ഇത് സഹായിച്ചിരുന്നു. ഉയര്‍ന്ന ശാരീരിക ക്ഷമതയുള്ള ഷാരൂഖ് കീറോണ്‍ പൊള്ളാര്ഡിനെപ്പോലെയുള്ള താരമാണെന്ന് മുഖ്യ പരിശീലകന് അനില്‍ കുംബ്ലെയും അഭിപ്രായപ്പെട്ടിരുന്നു. മധ്യനിരയില്‍ ഒറ്റയ്ക്ക് കളി ജയിപ്പിക്കാനുള്ള മികവ് ഷാരൂഖിനുണ്ടെന്നാണ് പഞ്ചാബ് പരിശീലകരടക്കം വിലയിരുത്തിയിരുന്നത്.
ഇപ്പോഴിതാ പൊള്ളാര്‍ഡുമായി താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് ഇരുപത്തഞ്ചുകാരനായ ഷാരൂഖ് ഖാന് പ്രതികരിച്ചിരിക്കുകയാണ്. 'പൊള്ളാര്‍ഡിനെപ്പോലൊരു താരവുമായി താരതമ്യം ചെയ്യുന്നതിനോട് സന്തോഷം മാത്രമാണുള്ളത്. എന്നാല്‍ എന്റേതായ വ്യക്തിത്വം കാട്ടണമെന്നാണ് ആഗ്രഹിക്കുന്നതെന്നാണ് ഷാരൂഖ് പറഞ്ഞത്. ആദ്യത്തെ ഐ പി എല്‍ സീസണ് മനോഹരമായിരുന്നു. അന്ന് അത് ടിവിയില്‍ കണ്ട് ആസ്വദിച്ചിരുന്ന എനിക്ക് ഐ പി എല്ലില്‍ കളിക്കാന്‍ അവസരം ലഭിച്ചത് തന്നെ അത്ഭുതമായാണ് കാണുന്നത്. എനിക്ക് ഒന്ന് രണ്ട് മികച്ച ഇന്നിങ്സുകള്‍ ഈ സീസണില്‍ കളിക്കാനായിയെന്ന് കരുതുന്നു'- ഷാരൂഖ് പറഞ്ഞു.
പഞ്ചാബ് ടീം ഒരു കുടുംബം പോലെയായിരുന്നെന്നും അതിനാല്‍ തന്നെ സാഹചര്യങ്ങളോട് പെട്ടെന്ന് പൊരുത്തപ്പെടാന്‍ കഴിഞ്ഞെന്നും ഷാരൂഖ് പറഞ്ഞു. സീനിയര്‍ താരമായ മന്ദീപ് സിങ്ങിനെതിരെ മത്സരങ്ങള്‍ കളിച്ചിട്ടുള്ളതിനാല്‍ എല്ലാവരുമായി വേഗത്തില്‍ സൗഹൃദത്തിലാകാന്‍ കഴിഞ്ഞെന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു. തമിഴ്നാട് താരമായ ഷാരൂഖ് ഖാനെ ഐ പി എല്ലില്‍ വാശിയേറിയ ലേലം വിളിക്കൊടുവിലാണ് പഞ്ചാബ് 5.25 കോടി രൂപ നല്കി ടീമിലെത്തിച്ചത്. ഷാരൂഖ് ഖാനുവേണ്ടി ഡല്‍ഹിയും ബാംഗ്ലൂരും ശക്തമായി രംഗത്ത് എത്തിയെങ്കിലും ഒടുവില്‍ പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.