ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടാന്‍ സാധിക്കാതെ വന്നതിന് പിന്നാലെ സ്റ്റേഡിയം അടിച്ചുതകര്‍ത്ത് നൈജീരിയന്‍ ആരാധകര്‍. ഘാനക്കെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ രണ്ടാം പാദത്തില്‍ നൈജീരിയ 1-1ന് സമനിലയില്‍ കുടുങ്ങുകയായിരുന്നു. എവേ ഗോളിന്റെ ബലത്തില്‍ ഘാന ജയം നേടി. പിന്നാലെയാണ് ആരാധകര്‍ സ്റ്റേഡിയം തകര്‍ത്തത്.
നൈജീരിയയിലെ അബൂജ നാഷണല്‍ സ്റ്റേഡിയത്തിലായിരുന്നു മത്സരം. കണ്ണീര്‍വാതകം പ്രയോഗിച്ചാണ് ആരാധകരെ പൊലീസ് പിരിച്ചുവിട്ടത്. ഘാന ടീമിലെ കളിക്കാര്‍ക്ക് നേരേയും ആരാധകര്‍ക്ക് നേരേയും നൈജീരിയയുടെ ആരാധകര്‍ ആക്രമിക്കാന്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
മത്സരത്തിന്റെ 10ആം മിനിറ്റില്‍ മധ്യനിര താരം തോമസ് പാര്‍ട്ടിയാണ് ഘാനക്കായി ഗോള്‍ നേടിയത്. 22ആം മിനിറ്റില്‍ നൈജീരിയ പ്രതിരോധനിര താരം വില്യം ട്രൂസ്റ്റിലൂടെ സമനില പിടിച്ചു. എന്നാല്‍ ഘാന പ്രതിരോധത്തെ മറികടന്ന് വിജയ ഗോള്‍ നേടാന്‍ നൈജീരിയക്ക് കഴിഞ്ഞില്ല. ഇതോടെ അവരുടെ ലോകകപ്പ് സ്വപ്നവും അവസാനിക്കുകയായിരുന്നു.
ഫൈനല്‍ വിസില്‍ മുഴങ്ങിയതിന് തൊട്ടുപിന്നാലെ നൈജീരിയന്‍ ആരാധകര്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങി. ആരാധകരുടെ പ്രതിഷേധം അടങ്ങുന്നത് വരെ ഘാന താരങ്ങള്‍ക്ക് അവരുടെ ഡ്രസ്സിങ് റൂമില്‍ തന്നെ തുടരേണ്ടതായി വന്നു.
FIFA World Cup |റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ലോകകപ്പിലേക്ക്; നോര്‍ത്ത് മാസിഡോണിയയെ തകര്‍ത്തത് എതിരില്ലാത്ത രണ്ട് ഗോളിന്ലോകകപ്പ് യോഗ്യതക്കുള്ള പ്ലേ ഓഫ് ഫൈനല്‍ മത്സരത്തില്‍ നോര്‍ത്ത് മാസിഡോണിയയെ തകര്‍ത്ത് പോര്‍ച്ചുഗല്‍. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയം കരസ്ഥമാക്കിയാണ് പോര്‍ച്ചുഗല്‍ 2022 ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയത്. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ വകയായിരുന്നു പോര്‍ച്ചുഗലിന്റെ രണ്ട് ഗോളും.
തന്റെ അഞ്ചാം ലോകകപ്പിനായി ക്രിസ്റ്റ്യാനോ ഖത്തറിലേയ്ക്ക് എത്തുന്നതും കാത്തിരുന്ന ആരാധകരെ ആവേശത്തിലാക്കിയാണ് പറങ്കിപ്പട മുന്നേറിയത്. ഇറ്റലിയെ അട്ടിമറിച്ച മാസിഡോണിയയുടെ ഒരു മികവും പോര്‍ച്ചുഗലിന് മേല്‍ കണ്ടില്ല.
ഇറ്റലിയെ വീഴ്ത്തി പ്ലേ ഓഫ് ഫൈനലിന് എത്തിയ നോര്‍ത്ത് മാസിഡോണിയക്കെതിരെ മത്സരത്തിന്റെ 32ആം മിനുറ്റിലാണ് പോര്‍ച്ചുഗല്‍ ആദ്യ ഗോള്‍ നേടിയത്. നോര്‍ത്ത് മാസിഡോണിയ നായകന് സ്റ്റെഫാന്‍ റിസ്റ്റോവ്സ്കിയുടെ പിഴവാണ് ബ്രൂണോയുടെ ഗോളിന് വഴിവെച്ചത്.
റിസ്റ്റോവ്സ്കിയുടെ പിന്നിലോട്ടുള്ള പാസ് പിടിച്ചെടുത്ത ബ്രൂണോ പന്ത് റൊണാള്‍ഡോക്ക് നല്‍കുകയും, പോര്‍ച്ചുഗീസ് നായകന്റെ റിട്ടേണ്‍ പാസില്‍ നിന്ന് വലകുലുക്കുകയുമായിരുന്നു.
65ആം മിനുറ്റില്‍ ബ്രൂണോയിലൂടെ പോര്‍ച്ചുഗല്‍ തങ്ങളുടെ രണ്ടാം ഗോളും നേടി. പെപെയുടെ ഒരു മികച്ച ടാക്കിളില്‍ നിന്ന് തുടങ്ങിയ പ്രത്യാക്രമണത്തില്‍ നിന്നാണ് ബ്രൂണോ വീണ്ടും നോര്‍ത്ത് മാസിഡോണിയന്‍ വലകുലുക്കിയത്. ഡിയഗോ ജോട്ടയായിരുന്നു ഗോളിന് അസിസ്റ്റ് നല്‍കിയത്.
ലോകറാങ്കിംഗില്‍ 67-ാം സ്ഥാനം മാത്രമുള്ള നോര്‍ത്ത് മാസിഡോണിയ ഇത്തവണ ഗ്രൂപ്പ് ജെയില്‍ രണ്ട് മുന്‍ ലോകചാമ്പ്യന്മാരെ അട്ടിമറിച്ചാണ് പ്ലേ ഓഫ് ഫൈനലിലേയ്ക്ക് എത്തിയത്. ഗ്രൂപ്പില്‍ ആദ്യം ജര്‍മ്മനിയേയും പിന്നീട് ഇറ്റലിയേയും തോല്‍പ്പിച്ചതിനാല്‍ പോര്‍ച്ചുഗലിനെതിരേയും അട്ടിമറി ആവര്‍ത്തിക്കുമോ എന്നതാണ് ഫുട്ബോള്‍ ലോകം കാത്തിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.