യുവേഫ ചാമ്പ്യൻസ് ലീഗിന് സമാന്തരമായി യൂറോപ്പിലെ 12 വമ്പൻ ക്ലബ്ബുകൾ നടത്താൻ ഉദ്ദേശിച്ച യൂറോപ്യൻ സൂപ്പർ ലീഗിൽ ആരാധകരുടെയും അസോസിയേഷനുകളുടേയും മുൻതാരങ്ങളുടേയും എന്നിങ്ങനെ എല്ലാ കോണിൽ നിന്നും ഉയർന്ന കടുത്ത പ്രതിഷേധങ്ങൾക്കൊടുവിൽ ലീഗിൽ നിന്നും പിന്മാറുകയാണെന്ന് അറിയിച്ച പന്ത്രണ്ടിൽ ഒൻപതു ക്ലബുകൾക്കും പിഴശിക്ഷ ഏറ്റു വാങ്ങേണ്ടി വരുമെന്നുറപ്പായി. അതേസമയം ഇത്രയും പ്രതിഷേധങ്ങൾ ഉയർന്നിട്ടും ഇതുവരെയും സൂപ്പർലീഗിനുള്ള പദ്ധതികൾ ഉപേക്ഷിച്ചിട്ടില്ലാത്ത റയൽ മാഡ്രിഡ്, ബാഴ്‌സിലോണ, യുവന്റസ് എന്നീ ക്ലബുകൾക്ക് പിഴശിക്ഷയേക്കാൾ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് ഉറപ്പായി. യുവേഫ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ യൂറോപ്പിലെ പന്ത്രണ്ടു വമ്പൻ ക്ലബുകൾ ഒരുമിച്ചു ചേർന്നു നടത്താൻ പദ്ധതിയിട്ട സൂപ്പർ ലീഗിൽ നിന്നും ആഴ്‌സണൽ, എസി മിലാൻ, ചെൽസി, അത്ലറ്റികോ മാഡ്രിഡ്, ഇന്റർ മിലാൻ, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടനം ഹോസ്‌പർ എന്നിവരാണ് പിന്നീട് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചത്. ഫുട്ബോൾ അസോസിയേഷനുകളുടെയും ആരാധകരുടെയും കടുത്ത എതിർപ്പാണ് ഇതിനു പിന്നിലെ കാരണമായതെങ്കിലും റയൽ മാഡ്രിഡ്, ബാഴ്‌സലോണ, യുവന്റസ് ക്ലബുകൾ ലീഗിനുള്ള പദ്ധതികൾ ഉപേക്ഷിക്കാൻ തയ്യാറായില്ല. ഈ പദ്ധതി തത്കാലത്തേക്ക് മാത്രമാണ് ഉപേക്ഷിക്കുന്നതെന്നും എല്ലാവർക്കും സ്വീകാര്യമായ രീതിയിൽ ലീഗ് വീണ്ടും അവതരിപ്പിക്കുമെന്നും ലീഗിൻ്റെ ചെയർമാനായ റയൽ മാഡ്രിഡിൻ്റെ പ്രസിഡൻ്റ് ഫ്ലോറൻ്റീനോ പെരെസ് പറഞ്ഞിരുന്നു.
Also Read-
Laureus Sports Awards 2021 | ലോറസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; നദാലും ഒസാക്കയും താരങ്ങള്‍; ബയേണ്‍ ക്ലബ്ബ്"സൂപ്പർലീഗ് പ്രോജക്ട് തങ്ങളുടെ ഭാഗത്ത് നിന്നും സംഭവിച്ച ഒരു പിഴവാണെന്ന് സമ്മതിച്ച് ആരാധകർ, ദേശീയ അസോസിയേഷനുകൾ, നാഷണൽ ലീഗുകൾ, മറ്റു യൂറോപ്യൻ ക്ലബുകൾ, യുവേഫ എന്നിവരോട് ഒൻപതു ക്ലബുകൾ ക്ഷമാപണം നടത്തിയിരുന്നു. യുവേഫയുടെ നിയന്ത്രണങ്ങളുടെയും നിയമങ്ങളുടെയും പരിധിയിൽ സൂപ്പർലീഗ് വരില്ലെന്നും അവർ മനസിലാക്കിയിട്ടുണ്ട്." ഔദ്യോഗിക പ്രസ്‌താവനയിൽ യുവേഫ വ്യക്തമാക്കി.
യുവേഫയിൽ നിന്നും ഒരു സീസണിൽ ലഭിക്കുന്ന വരുമാനത്തിന്റെ അഞ്ചു ശതമാനമാണ് നിലവിൽ ഈ ക്ലബുകൾ പിഴയായി നൽകേണ്ടി വരിക. അതേസമയം സൂപ്പർലീഗടക്കം യുവേഫയുടെ നിയമസാധുത ഇല്ലാത്ത മറ്റേതെങ്കിലും ടൂർണമെന്റുകളിൽ ഈ ടീമുകൾ ഭാവിയിൽ കളിക്കുകയാണെങ്കിൽ 100 മില്യൺ യൂറോയും പിഴയായി ലഭിക്കുമെന്നും മറ്റെന്തെങ്കിലും വ്യവസ്ഥ ലംഘിക്കുകയാണെങ്കിൽ ഇതേ പിഴയുടെ പകുതി തുക പിഴയായി നൽകേണ്ടിവരും എന്ന് കൂടി യൂവേഫയുടെ പ്രസ്താവനയിൽ പറഞ്ഞു.
സൂപ്പർ ലീഗ് പദ്ധതികൾ ഇതുവരെ ഉപേക്ഷിച്ചിട്ടില്ലാത്ത ക്ലബുകൾക്ക് ഉചിതമായ ശിക്ഷ നൽകാനുള്ള എല്ലാ അവകാശവും തങ്ങളിൽ നിക്ഷിപ്‌തമാണെന്നും യുവേഫ വ്യക്തമാക്കി. യുവേഫയുടെ അച്ചടക്ക സമിതിയിലേക്ക് ഈ വിഷയം നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെന്നും അവരുടെ അന്വേഷണത്തിനു ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നും യുവേഫ വ്യക്തമാക്കിയതോടെ രണ്ടു സീസണുകളിൽ ഈ ടീമുകൾക്ക് യൂറോപ്യൻ മത്സരങ്ങളിൽ വിലക്കു ലഭിക്കുമെന്ന റിപ്പോർട്ടുകൾ ശക്തമാണ്.
Summary- UEFA issues financial sanctions to nine clubs which were part of European Super league, the other three to face strict actions
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.