അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (IOC) 2023-ലെ യോഗത്തിന് മുംബൈ (Mumbai) ആതിഥേയത്വം (host) വഹിക്കുന്നതില്‍ സന്തോഷം പങ്കുവെച്ച് ഒളിമ്പിക് കമ്മിറ്റി (ഐഒസി) അംഗം നിത അംബാനി (Nita Ambani). 40 വര്‍ഷത്തിനു ശേഷമാണ് ഐഒസി സെഷന് ഇന്ത്യയില്‍ വീണ്ടും ചേരാന്‍ പോകുന്നത്. 1983ല്‍ ഡല്‍ഹിലാണ് ആദ്യമായി ഐഒസി സെഷന് ഇന്ത്യയില്‍ നടന്നത്.
ഐഒസി സെഷന് 2022ല്‍ വോട്ടിംഗിലൂടെയാണ് മുംബൈയെ അടുത്ത യോഗത്തിനുള്ള ആതിഥേയ നഗരമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മൊത്തം 82 ഐഒസി അംഗങ്ങള്‍ വോട്ടുചെയ്യാന്‍ യോഗ്യരായിരുന്നു, അതില്‍ 6 പേര് വിട്ടുനില്‍ക്കാന്‍ വോട്ട് ചെയ്തു, 75 അംഗങ്ങള്‍ മുംബൈയ്ക്ക് അനുകൂലമായി വോട്ട് ചെയ്തു. അടുത്ത ഐഒസി സെഷന്റെ ആതിഥേയത്വത്തിനായി മുംബൈയ്ക്കെതിരെ ഒരു വോട്ട് മാത്രമാണ് ലഭിച്ചത്.
40 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഐഒസി സെഷന് ഇന്ത്യയില്‍ തിരിച്ചെത്തുന്നുവെന്ന് നിത അംബാനി പറഞ്ഞു. '2023ല്‍ മുംബൈയില്‍ ഇന്ത്യയില്‍ ഐഒസി സെഷന് ചേരുന്നതിന് തീരുമാനിച്ച ഒളിമ്പിക് കമ്മിറ്റിയോട് നന്ദിയുണ്ട്. ഇന്ത്യയുടെ ഒളിമ്പിക് സ്വപ്നങ്ങള്‍ക്ക് ഇത് വലിയ പ്രചോദനമാകും. ഇന്ത്യന്‍ കായിക ലോകത്തിന് പുതിയ യുഗവുമായിരിക്കും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ പ്രതീക്ഷയും പ്രചോദനവുമാണ് സ്പോര്‍ട്സ്. ഭാവിയില്‍ ഇന്ത്യയില്‍ ഒളിമ്പിക്സ് എത്തിക്കുക എന്ന സ്വപ്നത്തിന് ശക്തിപകരുന്നതാണ് ഈ തീരുമാനം.'- നിത അംബാനി പറഞ്ഞു.
'ഐഒസിയുടേത് പോലെ ശക്തമായ ആഗോള ബന്ധങ്ങളുള്ള ശക്തമായ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. രാജ്യത്തുടനീളം 1.5 ബില്യണ്‍ വാക്സിനുകള്‍ നല്‍കുകയും ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിലേക്ക് ദശലക്ഷക്കണക്കിന് വാക്സിനുകള്‍ നിര്‍മ്മിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. ഇന്ത്യയുടെ അടുത്ത തലമുറ ഒട്ടേറെ പ്രതീക്ഷകളും സ്വപ്നങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.'- അവര്‍ പറഞ്ഞു.
'ഒളിമ്പിക്സ് മൂവ്മെന്റിനൊപ്പം ഇന്ത്യ വളരെ സവിശേഷമായ എന്തെങ്കിലും സൃഷ്ടിക്കുന്നതിന്റെ വക്കിലാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒളിമ്പിക്സ് സ്പോര്‍ട്സ് ഉള്‍പ്പെടെ എല്ലാ മേഖലകളിലും ഇന്ത്യ പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ പകുതിയോളം, 600 ദശലക്ഷത്തിലധികം ആളുകള്‍ 25 വയസ്സിന് താഴെയുള്ളവരാണ്, ഇത് ഒളിമ്പിക് പ്രസ്ഥാനത്തെ പരിപോഷിപ്പിക്കുന്നതിനും വളര്‍ത്തുന്നതിനുമുള്ള ഏറ്റവും നിര്‍ണായകവും ആവേശകരവുമായ സ്ഥലങ്ങളില്‍ ഒന്നാണ്.'- നിത അംബാനി കൂട്ടിച്ചേര്‍ത്തു.
'ഭാവിയില്‍ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കുകയെന്നത് ഞങ്ങളുടെ ആഗ്രഹമാണ്. സൗഹൃദം, മികവ്, ബഹുമാനം തുടങ്ങിയ ഒളിമ്പിക് മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഓരോ യുവ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുക എന്നത് ഞങ്ങളുടെ അഭിലാഷമാണ്. 2023-ല്‍ ഇന്ത്യയില്‍ നടക്കുന്ന ഐഒസി സെഷന് ഇന്ത്യയുടെ ഒളിമ്പിക് ആതിഥേയത്വം എന്ന സ്വപ്നത്തിന് ഒരു സുപ്രധാന ചുവടുവെയ്പ്പായിത്തീരും.'- അവര്‍ പറഞ്ഞു.
അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി അംഗ രാജ്യങ്ങളുടെ പൊതുയോഗമാണ് ഐഒസി സെഷന്. ഇത് IOC യുടെ ഏറ്റവും ഉന്നതമായ കൂടിച്ചേരലാണ്. ഈ യോഗത്തില്‍വെച്ചാണ് ഒളിംപിക്സ് വേദി ഉള്‍പ്പടെയുള്ള സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.