• HOME
 • »
 • NEWS
 • »
 • sports
 • »
 • ബാറ്റിങ്ങിൽ മാത്രമല്ല, വിക്കറ്റിന് പിന്നിലും ധോണിക്ക് ഇത് മോശം സമയം

ബാറ്റിങ്ങിൽ മാത്രമല്ല, വിക്കറ്റിന് പിന്നിലും ധോണിക്ക് ഇത് മോശം സമയം

പുറത്താക്കിയത് നാലുപേരെ മാത്രം; വഴങ്ങിയത് 19 ബൈ റണ്ണും

dhoni

dhoni

 • News18
 • Last Updated :
 • Share this:
  അവസാന ഓവറുകളിലെ അതിവേഗ ഫിനിഷിങ്ങിന്റെയും വിക്കറ്റിന് പിന്നിലെ ചടുലതയാർന്ന നീക്കങ്ങളുടെയും പേരിലാണ് മഹേന്ദ്ര സിംഗ് ധോണി അറിയപ്പെടുന്നത്. രണ്ട് തവണ ലോകകപ്പ് നേടിയ ക്യാപ്റ്റൻ തന്റെ 15 വർഷത്തെ കളിജീവിതത്തിനിടെ ഒട്ടേറെ തവണ അതു ശരിയാണെന്ന് തെളിയിച്ചിട്ടുമുണ്ട്. പക്ഷേ, ഇപ്പോൾ പ്രായം 37 ആണ്. ചെറിയ പിഴവുപോലും ഉണ്ടാകാത്ത ആ വിശ്വസ്തന് ഈ ലോകകപ്പിൽ കാര്യങ്ങൾ അത്ര പന്തിയല്ല.

  ബാറ്റിങ്ങില്‍ ധോണിക്ക് ഇപ്പോൾ മോശം സമയമാണ്. മനസ്സിനൊത്ത് ബാറ്റ് ചലിപ്പിക്കാൻ കഴിയുന്നില്ല. ആറു മത്സരങ്ങളിൽ നിന്ന് 188 റൺസ് മാത്രമാണ് ധോണിയുടെ സംഭാവന. ഇംഗ്ലണ്ടിനെതിരായ മത്സരത്തോടുകൂടി വിമർശകർ വീണ്ടും വിമർശനങ്ങളുയർത്തുകയാണ്. അതിവേഗത്തിൽ സ്കോർ ഉയർത്തേണ്ട കളിയിൽ 31 പന്തിൽ 42 റൺസെടുത്ത് പുറത്താകാതെ നിൽക്കുകയായിരുന്നു ധോണി. 31 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്.

  വിക്കറ്റിന് പിന്നിലെ പ്രകടനവും ഈ ലോകകപ്പിൽ മോശമായിരുന്നുവെന്ന് പറയേണ്ടിവരും. ധോണിയുടെ പതിവ് നിലവാരത്തിലേക്ക് പ്രകടനങ്ങളൊന്നും എത്തിയില്ല. 2019 ലോകകപ്പിലെ കണക്കുകളെടുത്താൽ പുറത്താക്കലുകളുടെ കാര്യത്തിൽ മൂന്നാമത്തെ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച വിക്കറ്റ് കീപ്പറാണ് ധോണി. ആറുകളിൽ രണ്ട് ക്യാച്ചും രണ്ട് സ്റ്റംപിങ്ങും മാത്രമാണ് അദ്ദേഹത്തിന്റെ സംഭാവന. ഓസ്ട്രേലിയയുടെ അലക്സ് കേരി എട്ടുകളികളിൽ 18 പേരെയാണ് പുറത്താക്കിയത്. ആഫ്ഗാനിസ്ഥാന് വേണ്ടി ഗ്ലൗസണിഞ്ഞ ഇക്രാം അലിഖിലും മുഹമ്മദ് ഷഹ്സാദും മാത്രമാണ് മോശം വിക്കറ്റ് കീപ്പർമാരുടെ കൂട്ടത്തിൽ ധോണിക്ക് മുന്നിലുള്ളത്.

  ഏറ്റവും കൂടുതൽ ബൈ റണ്ണുകൾ വിട്ടുകൊടുത്തതിലും ധോണി മുന്നിലാണ്. ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള അലക്സ് കേരിയുടെ ഇരട്ടി റൺസാണ് (20) ധോണി വഴങ്ങിയത്. ഡി ആർ എസ് സംവിധാനത്തെ ധോണി റിവ്യൂ സിസ്റ്റം എന്നാണ് പലരും പരസ്യമായും രഹസ്യമായും വിളിച്ചിരുന്നത്. ധോണി പറഞ്ഞാൽ പിന്നെ തേർഡ് അംപയറിൽ നിന്ന് മറിച്ചൊരു തീരുമാനം ഉണ്ടാകില്ലെന്നാണ് വിശ്വാസം. എന്നാൽ ഇക്കാര്യത്തിലും ധോണിക്ക് പിഴയ്ക്കുന്നതിന് ലോകകപ്പ് സാക്ഷ്യം വഹിച്ചു. ഇംഗ്ലീഷ് ബാറ്റ്സ്മാൻ ജേസൺ റോയിയെ 20 റൺസിന് പുറത്താക്കാനുള്ള അവസരമാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. അപ്പീൽ പോണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടി വരുമ്പോൾ ക്യാപ്റ്റൻ വിരാട് കോഹ്ലി പോലും ധോണിയെയാണ് വിശ്വാസത്തിലെടുക്കാറുള്ളത്.

  പാക് അംപയറായ അലീംദാര്‍ ഔട്ടല്ലെന്ന് വിധിച്ചു. ധോണി ഉറപ്പിച്ചുപറഞ്ഞതിനാൽ കോഹ്ലി റിവ്യൂ ചോദിച്ചതുമില്ല. എന്നാൽ വീഡിയോ ദൃശ്യങ്ങളിൽ റോയിയുടെ ബാറ്റിൽ പന്തുരസ്സിയെന്ന് വ്യക്തമായി. അങ്ങനെ അതിപ്രധാനമായ വിക്കറ്റ് സ്വന്തമാക്കാനുള്ള സുവർണാവസരം ഇന്ത്യ പാഴാക്കി. പാകിസ്ഥാനെതിരായ മത്സരത്തിലും എൽബിഡബ്ല്യു എന്ന് വ്യക്തമായ ഒരവസരത്തിൽ റിവ്യൂവിന് പോകേണ്ടതില്ലെന്നായിരുന്നു ധോണി കോഹ്ലിയെ ഉപദേശിച്ചത്. ഇനി രണ്ട് മത്സരങ്ങളാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യക്ക് അവശേഷിക്കുന്നത്. ഇന്ന് ബംഗ്ലാദേശിനെതിരെയും, ശനിയാഴ്ച ശ്രീലങ്കയ്ക്കെതിരെയും. ഈ മത്സരങ്ങളിൽ വിക്കറ്റിന് പിന്നിലും മുന്നിലും ധോണി മാജിക് കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. വിമർശകർക്ക് കളിക്കളത്തിലെ പ്രകടനത്തിലൂടെ മറുപടി പറയുന്നത് കാണാൻ ആരാധകർ കാത്തിരിക്കുകയാണ്.

  First published: