• HOME
  • »
  • NEWS
  • »
  • sports
  • »
  • Novak Djokovic | ടെന്നീസ് താരം ജോക്കോവിച്ചിനെ വിമാനത്താവളത്തിൽ തടഞ്ഞ് ഓസ്‌ട്രേലിയ; വിസ റദ്ദാക്കി

Novak Djokovic | ടെന്നീസ് താരം ജോക്കോവിച്ചിനെ വിമാനത്താവളത്തിൽ തടഞ്ഞ് ഓസ്‌ട്രേലിയ; വിസ റദ്ദാക്കി

വാക്സിൻ ഇളവ് നേടി ഓസ്‌ട്രേലിയൻ ഓപ്പണിൽ മത്സരിക്കാൻ എത്തിയ ജോക്കോവിച്ചിനെ മെൽബൺ വിമാനത്താവളത്തിൽ വെച്ച് തടഞ്ഞു.

നൊവാക് ജോക്കോവിച്ച് (ഫയൽ ചിത്രം, AP Photo/Kirsty Wigglesworth)

നൊവാക് ജോക്കോവിച്ച് (ഫയൽ ചിത്രം, AP Photo/Kirsty Wigglesworth)

  • Share this:
മെൽബൺ: സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് (Novak Djokovic) രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ച് ഓസ്‌ട്രേലിയ (Australia). ഓസ്‌ട്രേലിയൻ ഓപ്പണിൽ (Australian Open) പങ്കെടുക്കാനെത്തിയ സെർബിയൻ താരത്തെ മെൽബൺ വിമാനത്താവളത്തിൽ  വെച്ച് തടയുകയും താരത്തിന്റെ വിസ (VISA) റദ്ദാക്കുകയും ചെയ്തു. വിസ രേഖകളിലെ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് താരത്തെ തടഞ്ഞതെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഓസ്‌ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കുന്നതിനായി കോവിഡ് വാക്സിൻ (Covid Vaccine) വ്യവസ്ഥയിൽ താരത്തിന് പ്രത്യേകം ഇളവ് നൽകിയത് വലിയ വിവാദമായിരുന്നു. രാജ്യത്തെ വിവിധ സംഘടനകൾ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ വിസയിലെ അപാകതകൾ ചൂണ്ടിക്കാണിച്ച് താരത്തെ തിരിച്ചയയ്ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് സൂചന.

രാജ്യത്ത് ഒമിക്രോൺ (Omicron) കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ കോവിഡ് വാക്സിൻ സ്വീകരിച്ചോ ഇല്ലയോ എന്നത് വ്യക്തമാക്കാത്ത താരത്തെ തിരിച്ചയയ്ക്കണമെന്ന് ഓസ്‌ട്രേലിയയിലെ ചില സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിക്കാത്ത വിധം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ രേഖകള്‍ ഇല്ലെങ്കില്‍ ജോക്കോവിച്ചിനെ തിരിച്ചയക്കും എന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയും വ്യക്തമാക്കിയിരുന്നു.

'മെല്‍ബണ്‍ വിമാനത്താവളത്തിലെത്തിയ ജോക്കോവിച്ചിനെ സെര്‍ബിയയിലേക്ക് തിരികെ അയക്കും. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ് എന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസ് പറഞ്ഞു. രാജ്യത്തെ മരണ നിരക്ക് കുറച്ച് നിര്‍ത്തുന്നതില്‍ ഈ നിയന്ത്രണങ്ങള്‍ നിര്‍ണായകമാണ്. ആരും നിയമത്തിന് അതീതരല്ല.' - സ്‌കോട്ട് മോറിസന്‍ (Scott Morrison) വ്യക്തമാക്കി.

അതേസമയം, ജോക്കോവിച്ചിന് ഓസ്‌ട്രേലിയ പ്രവേശനാനുമതി നൽകണമെന്ന് പറഞ്ഞുകൊണ്ട് സെർബിയൻ പ്രസിഡന്റ് അലക്‌സാണ്ടർ വുസിച്ച് (Alexander Vusic) രംഗത്ത് വന്നു. ജോക്കോവിച്ചുമായി താൻ സംസാരിച്ചതായും ലോകത്തിലെ ഏറ്റവും മികച്ച ടെന്നീസ് താരത്തിന് നേരിടേണ്ടി വന്ന ദുരവസ്ഥ ഉടനടി പരിഹരിക്കുമെന്നും രാജ്യം മുഴുവനും ജോക്കോയ്ക്ക് ഒപ്പമുണ്ടെന്നും വുസിച്ച് പറഞ്ഞു.

ബെൽഗ്രേഡിലെ ഓസ്‌ട്രേലിയൻ അംബാസഡറെ വിളിച്ചുവരുത്തി ജോക്കോവിച്ചിനെ ഉടൻ തന്നെ കളിക്കാൻ വിട്ടയക്കണമെന്ന് വുസിക് ആവശ്യപ്പെട്ടതായി സെർബിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഓസ്‌ട്രേലിയൻ ഓപ്പണിലൂടെ തന്റെ കരിയറിലെ 21-ാ൦ ഗ്രാൻഡ്സ്ലാം കിരീടം നേടി ചരിത്രം കുറിക്കാൻ എത്തിയ ജോക്കോവിച്ചിന് ഓസ്‌ട്രേലിയൻ സർക്കാരിന്റെ നടപടി ഓർക്കാപ്പുറത്തേറ്റ അടിയായി. നിലവിൽ 20 ഗ്രാൻഡ്സ്ലാമുകൾ നേടിയ താരം പുരുഷ ടെന്നീസിൽ കൂടുതൽ ഗ്രാൻഡ്സ്ലാമുകൾ എന്ന റെക്കോർഡ് സമകാലികരായ റോജർ ഫെർഡറർക്കും (Roger Federer) റാഫേൽ നദാലിനുമൊപ്പം (Rafael Nadal) പങ്കിടുകയാണ്. ഓസ്‌ട്രേലിയയിൽ കിരീടം ചൂടിയാൽ ഈ റെക്കോർഡ് ഒറ്റയ്ക്ക് സ്വന്തമാക്കാൻ ജോക്കോയ്ക്ക് കഴിയു൦. പരിക്ക് മൂലം ഫെഡററും കോവിഡ് ബാധിച്ചത് മൂലം റാഫേൽ നദാലും ഓസ്‌ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കുന്നില്ല എന്നത് അറിയിച്ചിരുന്നു. ഇതോടെയാണ് റെക്കോർഡ് സ്വന്തമാക്കാൻ ജോക്കോയ്ക്ക് അവസരം ഒരുങ്ങിയത്.
Published by:Naveen
First published: