French Open 2021 | ഫ്രഞ്ച് ഓപ്പണ്‍ സെമി: ആവേശപ്പോരിൽ നദാലിനെ വീഴ്ത്തി ജോക്കോവിച്ച്; ഫൈനലിൽ എതിരാളി സിറ്റ്സിപാസ്
French Open 2021 | ഫ്രഞ്ച് ഓപ്പണ്‍ സെമി: ആവേശപ്പോരിൽ നദാലിനെ വീഴ്ത്തി ജോക്കോവിച്ച്; ഫൈനലിൽ എതിരാളി സിറ്റ്സിപാസ്
ആവേശകരമായ സെമി ഫൈനൽ മത്സരത്തിൽ നാല് മണിക്കൂറും 11 മിനിറ്റും നീണ്ട നാല് സെറ്റുകൾക്ക് ഒടുവിലാണ് സെർബിയൻ താരമായ ജോക്കോ നിലവിലെ ചാമ്പ്യനായ നദാലിനെ മറികടന്നത്.
കളിമൺ കോർട്ടിലെ റാഫേൽ നദാലിൻ്റെ തേരോട്ടത്തിന് കടിഞ്ഞാണിട്ട് നൊവാക് ജോക്കോവിച്ച്. ആവേശകരമായ സെമി ഫൈനൽ മത്സരത്തിൽ നാല് മണിക്കൂറും 11 മിനിറ്റും നീണ്ട നാല് സെറ്റുകൾക്ക് ഒടുവിലാണ് സെർബിയൻ താരമായ ജോക്കോ നിലവിലെ ചാമ്പ്യനായ നദാലിനെ മറികടന്നത്. മൽസരത്തിലെ തോൽവിയോടെ പുരുഷന്മാരുടെ ടെന്നിസിൽ കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ എന്ന ചരിത്ര നേട്ടത്തിലെത്താൻ നദാലിന് ഇനിയും കാത്തിരിക്കണം. നിലവിൽ പുരുഷ ടെന്നിസിൽ 20 വീതം ഗ്രാൻഡ്സ്ലാമുകളാണ് സ്പെയിൻ താരമായ നദാലിനും സ്വിസ് താരമായ റോജർ ഫെഡറർക്കുമുള്ളത്. 18 ഗ്രാൻഡ്സ്ലാം കിരീടങ്ങളുമായി ജോക്കോവിച്ച് ഇരുവർക്കും പുറകിൽ തന്നെയുണ്ട്.
നദാലിനെ മറികടന്ന് ഫൈനലിൽ എത്തിയ ജോക്കോവിച്ചിന് ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റിസിപാസാണ് എതിതാരളി. ജര്‍മന്‍ താരം അലക്സാണ്ടര്‍ സ്വെരേവിനെ തോല്‍പ്പിച്ചാണ് സിറ്റ്സിപാസ് ഫൈനലില്‍ കടന്നത്. നാളെ വൈകിട്ടാണ് ഫൈനൽ പോരാട്ടം നടക്കുന്നത്. അതേസമയം, ഫ്രഞ്ച് ഓപ്പണിലെ വനിതാ വിഭാഗത്തിലെ ചാമ്പ്യനെ ഇന്നറിയാം. വൈകിട്ട് 6.30ന് നടക്കുന്ന വനിതാ വിഭാഗം ഫൈനലില്‍ റഷ്യയുടെ അനസ്താസിയ പവ്ല്യുചെങ്കോവ ചെക്ക് റിപ്പബ്ലിക്കിൻ്റെ ബാര്‍ബോറ ക്രസിക്കോവയെ നേരിടും.
ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു 13 തവണ ഫ്രഞ്ച് ഓപ്പണ്‍ നേടിയ സ്പാനിഷ് താരത്തിനെതിരെ ജോക്കോവിച്ചിന്റെ ജയം.
സ്കോർ: 3-6, 6-3, 7-6, 6-2.
റോളണ്ട് ഗാരോസിൽ തുടർച്ചയായി അഞ്ചാം തവണ കിരീടം തേടിയിറങ്ങിയ നദാൽ തന്നെയാണ് ആദ്യ സെറ്റ് സ്വന്തമാക്കിയത്. ആദ്യ ഘട്ടത്തിൽ തന്നെ ജോക്കോവിച്ചിൻ്റെ രണ്ട് സെര്‍വുകള്‍ ബ്രേക്ക് ചെയ്ത നദാല്‍ 5-0ത്തിന്റെ ലീഡ് നേടി. തുടക്കത്തിൽ നഷ്ട്ടപ്പെട്ട താളം അവസാനം വീണ്ടെടുത്ത ജോക്കോ തുടർച്ചയായി മൂന്നു പോയിൻ്റ് നേടിയെങ്കിലും അപ്പോഴേക്കും സെറ്റ് കൈവിട്ട് പോയിരുന്നു. എങ്കിലും മത്സരം നദാലിന് എളുപ്പത്തിൽ സ്വന്തമാക്കാൻ കഴിയില്ല എന്ന ശക്തമായ സൂചനകൾ നൽകുന്നതായിരുന്നു ജോക്കോവിച്ചിൻ്റെ പ്രകടനം.
രണ്ടാം സെറ്റില്‍ നദാലിൻ്റെ രണ്ട് സെർവുകൾ ബ്രേക്ക് ചെയ്ത ജോക്കോവിച്ച് ലീഡ് എടുത്തെങ്കിലും തിരിച്ചും രണ്ട് സെർവുകൾ ബ്രേക് ചെയ്ത് നദാൽ സെറ്റ് ഒപ്പം പിടിച്ചു. എന്നാൽ പിന്നീട് നദാലിന് അധികം അവസരം നൽകാതെ ജോക്കോ സെറ്റ് 6-3ന് സ്വന്തമാക്കി.
മൂന്നാം സെറ്റില്‍ കടുത്ത പോരാട്ടത്തിനാണ് സെന്റര്‍ കോര്‍ട്ട് സാക്ഷ്യം വഹിച്ചത്. ആദ്യ രണ്ട് സെറ്റുകളിൽ ഇരുവരും ഓരോന്ന് വീതം നേടി നിൽക്കുന്ന ഘട്ടത്തിൽ മൂന്നാമത്തെ സെറ്റ് സ്വന്തമാക്കിയാൽ കളിയിൽ മേധാവിത്വം ലഭിക്കുമെന്നിരിക്കെ കടുത്ത പോരാട്ടമാണ് പിന്നീട് നടന്നത്. വിട്ടുകൊടുക്കാൻ തയാറാകാതിരുന്ന ഇരുവരും ഒപ്പത്തിനൊപ്പമാണ് മുന്നേറിയത്. 92 മിനിറ്റ് നീണ്ട മൂന്നാം സെറ്റിൽ ടൈബ്രേക്കറിലൂടെയാണ് ജോക്കോവിച്ച് സെറ്റ് സ്വന്തമാക്കിയത്.
മൂന്നാം സെറ്റ് നഷ്ടപ്പെട്ട നദാൽ നാലാം സെറ്റില്‍ ജോക്കോയുടെ സമ്പൂര്‍ണാധിപത്യത്തിന് മുന്നിൽ അടിയറവു പറയുകയായിരുന്നു. തുടക്കത്തില്‍ ജോക്കോയുടെ ഒരു സര്‍വ് നദാൽ ബ്രേക്ക് ചെയ്തെങ്കിലും പിന്നീട് തുടരെ നദാലിൻ്റെ സെർവ് ബ്രേക്ക് ചെയ്ത ജോക്കോ 6-2ന് സെറ്റും മത്സരവും ജോക്കോവിച്ച് സ്വന്തമാക്കി.
നേരത്തെ നടന്ന ആദ്യ പുരുഷ സെമി ഫൈനൽ പോരാട്ടത്തിൽ ജർമൻ താരമായ അലക്സാണ്ടർ സ്വെരേവിനെതിരെ 3-6, 3-6, 6-4, 6-4, 3-6 എന്ന സ്കോറിനായിരുന്നു ഗ്രീക് താരമായ സിറ്റ്സിപാസിന്റെ ജയം. സിറ്റ്സിപാസിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്. ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്ന ആദ്യ ഗ്രീക്ക് താരം കൂടിയാണ് സിറ്റ്സിപാസ്.
Summary
Djokovic dethrones Nadal to enter French Open Final, will face Sitsipas
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.