ടോക്യോ: ടെന്നീസിലെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് ഒളിംപിക്സ് സിംഗിള്‍സില്‍ സെമി ഫൈനലില്‍ പ്രവേശിച്ചു. ഇന്ന് നടന്ന മത്സരത്തില്‍ ആതിഥേയരായ ജപ്പാന്‍റെ മെഡൽ പ്രതീക്ഷയായിരുന്ന കെയ് നിഷികോരിയെ ആണ് സെർബിയക്കാരനായ ജോക്കോവിച്ച് തോല്‍പ്പിച്ചത്. 6-2, 6-0 എന്ന സ്കോറിനായിരുന്നു ജോക്കോവിച്ചിന്‍റെ ജയം. വെറും 72 മിനിട്ട് കൊണ്ട് മത്സരം അവസാനിപ്പിക്കാനും സെർബിയൻ താരത്തിനായി.
അനായാസ ജയം ആണ് ജോകോവിച്ച് നേടിയത്. മത്സരത്തിന്‍റെ ഒരു ഘട്ടത്തിൽ പോലും ജോക്കോവിച്ചിന് വെല്ലുവിളി ഉയർത്താൻ ജാപ്പനീസ് താരത്തിന് സാധിച്ചില്ല. ജപ്പാന്‍റെ പ്രതീക്ഷയായ മുന്‍ ഒളിമ്ബിക്സ് വെങ്കല മെഡല്‍ ജേതാവ് ആയിരുന്നു കെയ്.
ഈ വർഷം ഓസ്‌ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ഒരു സീസണിൽ നാല് ഗ്രാൻസ്ലാമുകളും സ്വർണ്ണ മെഡലും നേടുന്ന ആദ്യ വ്യക്തിയായി മാറാനുള്ള തയ്യാറെടുപ്പിലാണ് ജോക്കോവിച്ച്. ഒളിംപിക്സ് സ്വർണവും യു എസ് ഓപ്പണും നേടിക്കഴിഞ്ഞാൽ ഗോൾഡൻ സ്ലാം നേട്ടം അദ്ദേഹത്തിന് കൈവരിക്കാം. വനിതാ ടെന്നീസ് ഇതിഹാസം സ്റ്റെഫാനി ഗ്രാഫ് 1988 ൽ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.
“മത്സരങ്ങൾ എളുപ്പമാകുന്നില്ല, പക്ഷേ എന്റെ ടെന്നീസ് നിലവാരം കൂടുതൽ മെച്ചപ്പെടുന്നുണ്ട്” ജോക്കോവിച്ച് ITFtennis.com നോട് പറഞ്ഞു. “ഞാൻ മികച്ച ഒരു കളിക്കാരനാണെന്ന് എനിക്കറിയാം, ടൂർണമെന്റ് കൂടുതൽ മുന്നോട്ട് പോകുമ്പോൾ, കോർട്ടിൽ എനിക്ക് നന്നായി കളിക്കാൻ തോന്നും. അതാണ് ഇവിടെ സ്ഥിതി. ഇന്ന് രാത്രി ടൂർണമെന്റിലെ എന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു അത്.
Also read: Tokyo Olympics | ഇന്ത്യക്ക് നിരാശ; ബോക്‌സിങ്ങില്‍ മേരി കോം പുറത്ത്
"കെയുടെ കളി എനിക്ക് നന്നായി അറിയാം. അദ്ദേഹം ജപ്പാനിൽ കളിക്കുന്നു, അദ്ദേഹത്തിന് ധാരാളം വിജയങ്ങൾ ലഭിച്ചതാണ് ഈ കോർട്ട്. അദ്ദേഹം വളരെ വേഗത്തിൽ കളിക്കാൻ പോകുകയാണെന്ന് തുടക്കം മുതൽ എനിക്ക് മനസിലായി. അതുകൊണ്ടുതന്നെ എതിരാളിക്ക് കൂടുതൽ സമയം നൽകാതെ ആക്രമിക്കാനാണ് ഞാനും ശ്രമിച്ചത്. അദ്ദേഹത്തിന്‍റെ പക്കലുള്ള എല്ലാത്തിനും എനിക്ക് ഉത്തരമുണ്ടെന്ന് അറിയാമായിരുന്നു"- ജോക്കോവിച്ച് പറഞ്ഞു.
Tokyo Olympics | ഇടിക്കൂട്ടില്‍ മെഡല്‍ പ്രതീക്ഷയുമായി സതീഷ് കുമാര്‍; ജമൈക്കന്‍ താരത്തെ വീഴ്ത്തി ക്വാര്‍ട്ടറില്‍
ടോക്യോ ഒളിമ്പിക്‌സിലെ ബോക്‌സിംങ്ങ് ഹെവിവെയ്റ്റ് വിഭാഗത്തില്‍ ഇന്ത്യയുടെ സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പ്രീ ക്വാര്‍ട്ടറില്‍ ജമൈക്കയുടെ റിക്കാര്‍ഡോ ബ്രൗണിനെ 4-1ന് തകര്‍ത്താണ് സതീഷ് കുമാറിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. പുരുഷന്‍മാരുടെ 91 കിലോ സൂപ്പര്‍ ഹെവി വെയ്റ്റ് വിഭാഗത്തിലായിരുന്നു ജയം. രണ്ട് താരങ്ങളുടെയും ആദ്യ ഒളിമ്ബിക്സ് കൂടിയാണിത്. ഉസ്ബെക്കിസ്ഥാന്റെ ബാക്കോധിര്‍ ജലോലോവിനോടാണ് സതീഷിന്റെ അടുത്ത മത്സരം. എന്നാല്‍ഈ പോരാട്ടത്തില്‍ തീ പാറുമെന്നുറപ്പാണ്. ജലോലോവ് നിലവിലെ ഏഷ്യന്‍-ലോക ചാമ്പ്യനാണ്.
ആദ്യ ഒളിമ്പിക്‌സിന്റെ പതര്‍ച്ചയൊന്നും സതീഷിന് ഉണ്ടായിരുന്നില്ല. മികച്ച പ്രകടനം തന്നെയാണ് താരം കാഴച വെച്ചത്. രണ്ട് തവണ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ താരമാണ് സതീഷ് കുമാര്‍. ജമൈക്കന്‍ താരത്തിന്റെ പാദചലനങ്ങള്‍ മോശമായതും മത്സരത്തില്‍ സതീഷിന് ഗുണകരമായി വന്നു. അതേസമയം സതീഷ് കുമാറിന്റെ പാദചലനങ്ങള്‍ വളരെ മികച്ചതും വേഗമേറിയതുമായിരുന്നു. മത്സരത്തില്‍ വലത് കൈ ഉപയോഗിച്ചുള്ള പഞ്ചുകള്‍ക്കാണ് താരം പ്രാധാന്യം നല്‍കിയത്.
നേരത്തെ വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങളായ ലോവ്‌ലിന ബോര്‍ഗോഹൈനും, പൂജ റാണിയും ക്വാര്‍ട്ടറില്‍ ഇടം പിടിച്ചിരുന്നു. അള്‍ജീരിയന്‍ യുവതാരം ഇച്ചാര്‍ക്ക് കൈബിനെതിരേ ആധികാരിക വിജയത്തോടെയാണ് പൂജ അവസാന എട്ടിലെത്തിയത്. അള്‍ജീരിയന്‍ താരത്തിനെതിരെ 5-0ന്റെ വിജയമാണ് ഇന്ത്യന്‍ ബോക്സര്‍ പൂജാ റാണി നേടിയത്. 69-75 കിലോ വിഭാഗം മിഡില്‍ വെയിറ്റ് മത്സരത്തിലാണ് പൂജാ റാണി ജയം കരസ്ഥമാക്കിയത്. അടുത്ത മല്‍സരവും ജയിക്കാനായാല്‍ ഇന്ത്യന്‍ താരത്തിന് മെഡല്‍ ഉറപ്പിക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Novac Djokovic, Tokyo Olympics 2020, Tokyo Olympics 2020 Date, Tokyo Olympics 2020 Events, Tokyo Olympics 2020 fixture, Tokyo Olympics 2020 schedule