നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഒളിമ്പ്യൻ, മുൻ ഇന്ത്യൻ ഫുട്‍ബോൾ പരിശീലകൻ - സയ്യദ് ഷാഹിദ് ഹക്കീം അന്തരിച്ചു

  ഒളിമ്പ്യൻ, മുൻ ഇന്ത്യൻ ഫുട്‍ബോൾ പരിശീലകൻ - സയ്യദ് ഷാഹിദ് ഹക്കീം അന്തരിച്ചു

  ഹക്കീം 'സാബ്' എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന് അഞ്ച് ദശകത്തോളം നീണ്ട ബന്ധമാണ് ഇന്ത്യന്‍ ഫുട്‌ബോളുമായി ഉണ്ടായിരുന്നത്.

  • Share this:
   മുൻ ഇന്ത്യൻ ഫുട്‍ബോളറും ഒളിമ്പിക്സിൽ ഫുട്‍ബോളിൽ ഇന്ത്യ അവസാനമായി പങ്കെടുത്ത 1960 റോം ഒളിമ്പിക്സിലെ ഫുട്‍ബോൾ ടീമിലെ അംഗവുമായ സയ്യദ് ഷഹിദ് ഹക്കിം അന്തരിച്ചു. 82 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ കർണാടകയിലെ കൽബുർഗയിലെ വെച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ തന്നെയാണ് മരണവിവരം പുറത്തുവിട്ടത്.

   ഹക്കീം 'സാബ്' എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന് അഞ്ച് ദശകത്തോളം നീണ്ട ബന്ധമാണ് ഇന്ത്യന്‍ ഫുട്‌ബോളുമായി ഉണ്ടായിരുന്നത്. ഫുട്‍ബോളിൽ മിഡ്ഫീൽഡിൽ കളിച്ചിരുന്ന അദ്ദേഹം റോം ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ ഉൾപ്പെട്ടിരുന്നെങ്കിലും കളത്തിൽ ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിൻറെ പിതാവ് സയിദ് അബ്ദുൾ റഹിം ആയിരുന്നു റോം ഒളിമ്പിക്സിലെ ഇന്ത്യൻ സംഘത്തിന്റെ പരിശീലകനെങ്കിലും മകന്റെ പേര് പിതാവ് അവസാന ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല.


   രാജ്യാന്തര റഫറി എന്ന നിലയില്‍ ഫിഫ ബാഡ്ജ് ഹോള്‍ഡറായ അദ്ദേഹം ഏഷ്യൻ ക്ലബ് കപ്പ് മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. 1982 ഏഷ്യന്‍ കപ്പിൽ ഇന്ത്യയുടെ ഇതിഹാസ താരമായിരുന്ന പികെ ബാനര്‍ജിയുടെ സഹ പരിശീലകനായിരുന്ന താരം പിന്നീട് മെർഡേകയിലെ ഒരു ടൂർണമെന്റിൽ ഇന്ത്യയുടെ മുഖ്യ പരിശീലക വേഷവും അണിഞ്ഞിട്ടുണ്ട്.

   Also read- എ എഫ് സി കപ്പിൽ ഗംഭീര വിജയവുമായി മോഹൻ ബഗാൻ, ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്; ബെംഗളൂരുവിന് സമനില

   1988ല്‍ ഡുറന്റ് കപ്പില്‍ മഹിന്ദ്ര ആന്‍ഡ് മഹീന്ദ്ര അദ്ദേഹത്തിന്റെ കീഴിൽ അക്കാലത്തെ പ്രതാപശാലികളായിരുന്ന എസ് സി ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് കിരീടം നേടിയതാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച നേട്ടമായി വിലയിരുത്തപ്പെടുന്നത്. പിന്നീട് സാൽഗോക്കർ എഫ് സിയെ പരിശീലിപ്പിച്ച അദ്ദേഹം അവസാനമായി ബംഗാൾ മുംബൈ എഫ് സിയെയാണ് പരിശീലിപ്പിച്ചത്.

   ഇന്ത്യന്‍ എയര്‍ ഫോഴ്‌സിലെ മുന്‍ സ്‌ക്വാഡ്രന്‍ ലീഡറായ അദ്ദേഹത്തെ രാജ്യം ദ്രോണാചാര്യ അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്. ധ്യാൻ ചന്ദ് അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

   താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഫുട്‍ബോൾ രംഗത്ത് നിന്നും മറ്റ് മേഖലകളിൽ നിരവധി പ്രമുഖർ ട്വീറ്റ് ചെയ്തിട്ടുണ്ട്.
   Published by:Naveen
   First published: