• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Live TV
 • Year Ender 2018

ഒരു കൈയും ഒരു കാലും പിന്നെ ആവോളം ട്രോളും!


Updated: July 2, 2018, 9:06 PM IST
ഒരു കൈയും ഒരു കാലും പിന്നെ ആവോളം ട്രോളും!

Updated: July 2, 2018, 9:06 PM IST
ഒരു കൈയും ഒരു കാലും! സ്പെയിനിനെ ഏറെക്കാലം ഇതു പേടിസ്വപ്നം പോലെ പിന്തുടരുമെന്നുറപ്പ്. ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ സ്പെയിൻ ബോക്സിലേക്ക് ഉയർന്നു വന്ന പന്തിനു കുറുകെ വച്ച ജെറാർഡ് പിക്വെയുടെ ഇടംകൈ. പിന്നെ ഷൂട്ടൗട്ടിലെ നിർണായക ഷോട്ടിൽ കൈകളും ശരീരത്തിന്റെ ഭൂരിഭാഗവും മറുദിശയിലേക്കു നീങ്ങിക്കഴിഞ്ഞിട്ടും ഇയാഗോ ആസ്പ തൊടുത്ത പന്ത് കുത്തിയകറ്റിയ റഷ്യൻ ഗോളി ഇഗോർ അക്കിൻഫീവിന്റെ ഇടംകാൽ!

പാസിംഗ് ഫെസ്റ്റിവൽ നടത്തി രസിക്കുന്നതിനിടയിൽ ഗോളടിക്കാൻ മറന്ന സ്പെയിനിന് മറ്റാരെയും കുറ്റം പറയാനാവില്ല. പന്ത്രണ്ടാം മിനിറ്റിൽ ഗോൾമുഖത്തേക്ക് ഇരച്ചുകയറിയ റാമോസിനെ പൂട്ടാനുള്ള തത്രപ്പാടിനിടയിൽ സ്വന്തം പോസ്റ്റിനുള്ളിലേക്ക് പന്ത് തട്ടിയിട്ടത് സെർജി ഇഗ്നാഷെവിക്. നെഞ്ചിലിടിച്ച് അതു സ്വന്തം ഗോൾ പോലെ ആഘോഷിച്ച റാമോസിനെ ട്രോളൻമാർ ഇപ്പോഴും വേട്ടയാടുന്നു! വിരമിച്ച ശേഷം ലോകകപ്പിനായി റഷ്യൻ ടീമിൽ തിരിച്ചെത്തിയ ഇഗ്നാഷെവിക് ഇതിനിടയിൽ രക്ഷപ്പെട്ടു. സ്വയംഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന ഖ്യാതി ഇതിനിടയിൽ പലരും ശ്രദ്ധിച്ചില്ല.

ഇഗ്നാഷെവിക്കിന്റെ മഹാമനസ്കതയ്ക്ക് പ്രത്യുപകാരമെന്ന വണ്ണമാണ് ഉയർന്നു വന്ന പന്തിനു നേരെ കൈയ്യുയർത്തി പിക്വെ കളിച്ചത്. കിട്ടിയ പെനൽറ്റി ഇടിവെട്ട് ഷോട്ടിലൂടെ ഗോളാക്കി അർച്യൂം ദ്സ്യൂബ. ഒപ്പമെത്തിയതോടെ റഷ്യയുടെ താളം മാറി. പരസ്പരം പാസ് ചെയ്തു രസിക്കാൻ സ്പെയിനിനെ വിട്ട ആതിഥേയർ സ്വന്തം കോട്ട വാശിയോടെ കാത്തു.
Loading...

ആതിഥേയരായതു കൊണ്ടു മാത്രം ലോകകപ്പ് കളിക്കുന്നവർ, ചരിത്രത്തിലെ ഏറ്റവും ദുർബലമായ റഷ്യൻ ടീം, ഈ ലോകകപ്പിലെ ഏറ്റവും മോശം ടീം… പാവം റഷ്യക്കാർ കേട്ട പഴി ചില്ലറയല്ല. കടലാസിലും കണക്കിലും കുറെയൊക്കെ കാര്യവുമുണ്ട്. റാങ്കിംഗിലെ 70-ാം സ്ഥാനം ഈ ലോകകപ്പ് കളിക്കുന്ന ടീമുകളിൽ ഏറ്റവും മോശം സ്ഥാനം തന്നെയാണ്. കളിച്ച എട്ടു സന്നാഹമൽസരങ്ങളിൽ വിജയിച്ചത് ഒരിക്കൽ മാത്രം. നാലു തോൽവിയും മൂന്നു സമനിലയുമായിരുന്നു മറ്റു കളികളിൽ. പക്ഷേ ടൂർണമെന്റ് തുടങ്ങിയതോടെ അവരുടെ മട്ടു മാറി. ആദ്യരണ്ടു കളിയും ജയിച്ച് ആദ്യം പ്രീക്വാർട്ടർ ഉറപ്പിച്ച ആതിഥേയർ ഇതാ സ്പെയിനിനെയും കെട്ടുകെട്ടിച്ചിരിക്കുന്നു.

ലുഷ്നികി സ്റ്റേഡിയത്തിലെ പതിനായിരങ്ങൾക്കൊപ്പം ഒരു രാജ്യമാകെ ആനന്ദനൃത്തമാടി. സോവിയറ്റ് യൂണിയൻ വിഭജിച്ച് റഷ്യയായ ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണ് ഈ ക്വാർട്ടർ ഫൈനൽ ബർത്ത്. അവിഭക്ത സോവിയറ്റ് യൂണിയൻ 1966ൽ സെമിയിലെത്തിയതാണ് ഇതിനു മുമ്പത്തെ മികവ്. അതിനൊപ്പമെത്താൻ ഇനി ഒരു കടമ്പ മാത്രം – ക്രോയേഷ്യ.

കിക്കോഫ് എന്നു പറയും മുമ്പ് ആദ്യഗോളടിച്ച ഡെൻമാർക്കിനെ മിന്നൽ പോലെ തിരിച്ചടിച്ച ക്രോയേഷ്യ തന്നെയാണ് കടലാസിൽ റഷ്യയെക്കാൾ മുന്നിൽ. കളത്തിലെ ഇതു വരെയുള്ള പ്രകടനവും കേമം. എങ്കിലും കളിയല്ലേ… ആരാധകർക്ക് ആർത്തുവിളിക്കാൻ ഒരവസരം കൂടി! 
First published: July 2, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍