• HOME
  • »
  • NEWS
  • »
  • sports
  • »
  • P R Sreejesh | 'വിജയശ്രീ'; വേൾഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം ശ്രീജേഷിന്; നേട്ടത്തിലെത്തുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരം

P R Sreejesh | 'വിജയശ്രീ'; വേൾഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം ശ്രീജേഷിന്; നേട്ടത്തിലെത്തുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരം

റാണി രാംപാലിന് ശേഷം പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശ്രീജേഷ്

News18

News18

  • Share this:
    ഇന്ത്യന്‍ ഹോക്കി ടീമിന്റെ മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന് (PR Sreejesh) അന്താരാഷ്ട്ര കായിക പുരസ്‌കാരം. 2021ൽ ശ്രീജേഷ് നടത്തിയ തകർപ്പൻ പ്രകടനമാണ് മികച്ച താരത്തിനുള്ള വേള്‍ഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദി ഇയര്‍ (World Games Athlete of the Year) പുരസ്‌കാരത്തിന് താരത്തെ അർഹനാക്കിയത്. ഈ പുരസ്കാരം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് ശ്രീജേഷ്. 2020ൽ ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാലാണ് ഈ പുരസ്കാരം ആദ്യമായി സ്വന്തമാക്കിയത്. തൊട്ടുമുമ്പുള്ള വര്‍ഷം നടത്തിയ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പുരസ്‌കാരം. സമീപ വർഷങ്ങളിൽ ഇന്ത്യ ഹോക്കിയിൽ നടത്തുന്ന മികച്ച പ്രകടനങ്ങൾ ഇവരുടെ പുരസ്‌കാര നേട്ടത്തെ സാധൂകരിക്കുന്നു.

    2021ലെ ടോക്യോ ഒളിമ്പിക്സിൽ ഹോക്കിയില്‍ ഇന്ത്യ വെങ്കല മെഡല്‍ നേടി ചരിത്രം കുറിച്ചപ്പോൾ ആ നേട്ടത്തിൽ നിര്‍ണായക പങ്ക് വഹിച്ചത് ഇന്ത്യയുടെ ഗോൾവല കാത്ത ഈ മലയാളി ഗോൾകീപ്പർ ആയിരുന്നു. വോട്ടിങ് പ്രക്രിയയിലൂടെയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്. ഇതിൽ 1,27,647 വോട്ടുകള്‍ നേടിയാണ് ശ്രീജേഷ് ഒന്നാമതെത്തിയത്. സ്പാനിഷ് സ്‌പോര്‍ട് ക്ലൈംബിങ് താരം അല്‍ബര്‍ട്ടോ ജിനെസ് ലോപസ്, ഇറ്റാലിയന്‍ വുഷു താരം മിഷേല്‍ ജിയോര്‍ഡനോ എന്നിവരെയാണ് ശ്രീജേഷ് പിന്തള്ളിയത്. ലോപ്പസിനും ജിയോർഡനും യഥാക്രമം 67,428, 52,046 വോട്ടുകളാണ് ലഭിച്ചത്.


    ഇന്ത്യയില്‍ നിന്ന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഏക താരവും ശ്രീജേഷായിരുന്നു. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷനാണ് ശ്രീജേഷിന്റെ പേര് നിര്‍ദ്ദേശിച്ചത്. തന്നെ പുരസ്‌കാരത്തിന് അർഹനാക്കിയ കായിക പ്രേമികളോട് നന്ദിയുണ്ടെന്ന് ശ്രീജേഷ് പ്രതികരിച്ചു. “ഈ അവാർഡ് നേടാനായതിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു. ആദ്യം, എന്നെ ഈ അവാർഡിനായി നാമനിർദ്ദേശം ചെയ്ത എഫ്‌ഐ‌എച്ചിനോട് വലിയ നന്ദി, രണ്ടാമതായി എനിക്ക് വോട്ട് ചെയ്ത ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യൻ ഹോക്കി പ്രേമികൾക്കും നന്ദി, ”ശ്രീജേഷ് പറഞ്ഞു.

    “ഇന്ത്യന്‍ ഹോക്കിയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു നിമിഷമാണ്. ലോകത്തുള്ള എല്ലാ ഹോക്കി ഫെഡറേഷനുകളും എനിക്ക് വോട്ട് ചെയ്തു. ഹോക്കി കുടുംബത്തില്‍ നിന്നും ലഭിച്ച പിന്തുണ വളരെയധികം സന്തോഷം നല്‍കുന്നു,” ശ്രീജേഷ് പറഞ്ഞു.

    ടോക്കിയൊ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടാന്‍ സഹായിച്ച ടീമിലെ ഓരോ അംഗങ്ങള്‍ക്കും പുരസ്‌കാരം സമര്‍പ്പിക്കുന്നതായും മുന്‍ ഇന്ത്യന്‍ നായകന്‍ പറഞ്ഞു. “33 അംഗ ടീം മാത്രമല്ല. നിരവധി പേരുടെ കഷ്ടപ്പാടുകള്‍ പിന്നിലുണ്ട്. പരിശീലക സംഘം, സപ്പോര്‍ട്ട് സ്റ്റാഫ്, ഹോക്കി ഇന്ത്യ പോലൊരു വലിയ സംഘടന,” ശ്രീജേഷ് വിശദമാക്കി.

    ഒക്ടോബറിൽ നടന്ന FIH സ്റ്റാർസ് അവാർഡിൽ, 2021-ലെ ഗോൾകീപ്പറായി ശ്രീജേഷ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
    Published by:Naveen
    First published: