വനിതാ ബാഡ്മിന്റണില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷയായിരുന്ന പി വി സിന്ധു ഫൈനലിലെത്താതെ പുറത്തായിരിക്കുകയാണ്. വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സ് സെമിയില്‍ ലോക മൂന്നാം നമ്പറായ ചൈനീസ് തായ്പേയുടെ തായ് സുയിങ്ങിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ തോല്‍വി. ഇന്ത്യക്ക് കടുത്ത നിരാശ സമ്മാനിക്കുന്നതായിരുന്നു ഈ വാര്‍ത്ത.
ടൂര്‍ണമെന്റില്‍ മികച്ച ഫോമില്‍ കളിച്ചിരുന്ന രണ്ട് താരങ്ങള്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആവേശോജ്വലമായ പോരാട്ടത്തിനാണ് അരങ്ങുണര്‍ന്നത്. ആദ്യ സെറ്റില്‍ ഒപ്പത്തിനൊപ്പം നിന്ന് പോരാടിയതിന് ശേഷമായിരുന്നു സുയിങ് സെറ്റ് സ്വന്തമാക്കിയതെങ്കില്‍ അതുവരെ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തി എത്തിയ സിന്ധുവിനെ നിഷ്പ്രഭമാക്കുന്ന പ്രകടനം കാഴ്ചവച്ചാണ് സുയിങ് രണ്ടാം സെറ്റും മത്സരവും സ്വന്തമാക്കിയത്.
സെമിക്ക് മുമ്പുള്ള എല്ലാ മത്സരങ്ങളിലും മിന്നുന്ന ഫോമിലായിരുന്നു സിന്ധു. എന്നാല്‍ മെഡല്‍ നേടാതെ മടങ്ങാന്‍ തോന്നുന്നില്ലെന്ന് സിന്ധു പറയുന്നു. സ്വര്‍ണത്തിനായുള്ള എന്റെ പോരാട്ടം അവസാനിച്ചിരിക്കുകയാണ്. പക്ഷേ വെങ്കലമെങ്കിലും നേടി ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തണമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും സിന്ധു വ്യക്തമാക്കി. 'തീര്‍ച്ചയായും ഫൈനലിലേക്ക് എത്താന്‍ സാധിക്കത്തില്‍ വലിയ സങ്കടമുണ്ട്. കാരണം തോറ്റത് സെമി ഫൈനലിലാണ്. എന്റെ എല്ലാ കഴിവും ഉപയോഗിച്ചാണ് സെമിയില്‍ കളിച്ചത്. പക്ഷേ എന്ത് ചെയ്യാം, എന്റെ ദിനമായിരുന്നില്ല അത്. അവസാനം വരെ ഞാന്‍ പൊരുതിയിരുന്നു'- സിന്ധു പറഞ്ഞു.
'തീര്‍ച്ചയായും തോല്‍വി സങ്കടപ്പെടുത്തുന്നതാണ്. എന്നാല്‍ അത് തന്നെ ആലോചിച്ച് ഇരിക്കാന്‍ സാധിക്കില്ല. ഇനിയുള്ള എല്ലാ ശ്രദ്ധയും വെങ്കല മെഡല്‍ നേടുന്നതിലാണ്. എല്ലാം കഴിഞ്ഞുവെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എനിക്കിനിയും മെഡല്‍ നേടാനുള്ള സാധ്യതയുണ്ട്. എന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ വെങ്കല പോരാട്ടത്തില്‍ നല്‍കാനാവുമെന്നാണ് കരുതുന്നത്. മത്സരത്തിന് മുന്‍പ് ഇന്ത്യയില്‍ നിന്ന് ഒരുപാട് പേര് തന്നെ പിന്തുണച്ചിരുന്നു. ഫൈനലില്‍ എത്താന്‍ സാധിക്കാത്തതില്‍ അതുകൊണ്ട് തന്നെ നല്ല നിരാശയുണ്ട്. ഇന്ന് നേടാനാവാത്ത ജയം അടുത്ത ദിവസം നേടാനാവുമെന്ന് തന്നെയാണ് പ്രതീക്ഷ.'- സിന്ധു കൂട്ടിച്ചേര്‍ത്തു.
സെമി മത്സരം വരെ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ എത്തിയ സിന്ധുവിന് സുയിങ്ങിനെതിരെ ഒരു സെറ്റ് പോലും നേടാനായില്ല എന്നത് ശെരിക്കും നിരാശ നല്കുന്നുണ്ടാകും. റിയോയില്‍ നേടിയ വെള്ളി മെഡല്‍ സ്വര്‍ണത്തിലേക്ക് മാറ്റാനുറച്ച് ഇറങ്ങിയ ഇന്ത്യന്‍ താരത്തിന്റെ തോല്‍വി ആരാധകര്‍ക്കും നിരാശ പകരുന്നതായിരുന്നു. സെമിയില്‍ പുറത്തായ താരം ഇനി വെങ്കല മെഡലിനായി മത്സരിക്കും. ആദ്യ സെമിയില്‍ ചെന്‍ യൂഫെയിയോട് തോറ്റ ഹി ബിംഗ്ജിയാവോയാണ് സിന്ധുവിന്റെ എതിരാളി. ഇന്ന് വൈകീട്ട് അഞ്ച് മണിക്കാണ് വെങ്കല മെഡല്‍ പോരാട്ടം നടക്കുക. ഇതിന് ശേഷമാണ് ഗോള്‍ഡ് മെഡല്‍ മത്സരം നടക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Badminton, PV Sindhu, Tokyo Olympics, Tokyo PV Sindhu