കഴിഞ്ഞ തവണത്തെ വെള്ളി മെഡല്‍ നേട്ടം ഇത്തവണ സ്വര്‍ണമാക്കുമെന്ന് മനസ്സില്‍ ഉറപ്പിച്ചാണ് ഇന്ത്യയുടെ മിന്നും താരം പി വി സിന്ധു ഇത്തവണ ടോക്യോയിലേക്ക് വിമാനം കയറിയത്. സ്വര്‍ണം നേടാനുള്ള ശ്രമം തകര്‍ന്നിട്ടും പതറാതെ പൊരുതി വെങ്കലം നേടിയാണ് പിവി സിന്ധു ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയിരിക്കുന്നത്. ചൈനീസ് താരമായ ഹി ബിങ് ജിയാവോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു വെങ്കലം സ്വന്തമാക്കിയത്. ടോക്യോയില്‍ വെങ്കലം നേടിയതോടെ സിന്ധു ചരിത്ര നേട്ടത്തിന് ഉടമയാവുക കൂടി ചെയ്തു. തുടര്‍ച്ചയായി രണ്ട് ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന നേട്ടമാണ് സിന്ധു സ്വന്തമാക്കിയത്. ടോക്യോയില്‍ വെങ്കലം നേടിയ താരം കഴിഞ്ഞ റിയോ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടിയിരുന്നു.
ഇപ്പോഴിതാ മെഡല്‍ നേട്ടത്തിന് ശേഷം മനസ്സ് തുറക്കുകയാണ് സിന്ധു. ടോക്യോയില്‍ സമ്മര്‍ദം അതിശക്തമായിരുന്നുവെന്നും താന്‍ ഇതുവരെ കളിച്ചതില്‍ ഏറ്റവും കടുപ്പമേറിയ ഒളിമ്പിക്സാണിതെന്നും സിന്ധു പറഞ്ഞു. ഇവിടെ വെങ്കലം നേടിയത് റിയോ ഒളിമ്പിക്സില്‍ വെള്ളി നേടിയതിനേക്കാള്‍ കടുപ്പമേറിയതായിരുന്നുവെന്ന് സിന്ധു വ്യക്തമാക്കി. റിയോയില്‍ 2016ല്‍ മത്സരിക്കാനിറങ്ങുമ്പോള്‍ എനിക്ക് സമ്മര്‍ദമില്ലായിരുന്നു. കാരണം ഞാന്‍ വെള്ളി നേടുമെന്നോ ഫൈനലിലേക്ക് മുന്നേറുമെന്നോ ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ വെള്ളി നേടിയതോടെ പ്രതീക്ഷയും വര്‍ധിച്ചിരുന്നു. ടോക്യോയില്‍ ഫേവറിറ്റുകളിലൊരാളായിരുന്നു ഞാന്‍. അതുകൊണ്ട് തന്നെ സമ്മര്‍ദം കടുപ്പമായിരുന്നു'- സിന്ധു പറഞ്ഞു.
ഇത്തവണ സിന്ധുവിന് സെമിയില്‍ ചൈനീസ് തായ്പേയുടെ തായ് സു യിങ്ങിനോട് കാലിടറുകയായിരുന്നു. മികച്ച ഫോമില്‍ കളിച്ച തായ്പേയ് താരത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ തോല്‍വി. ഇതോടെയാണ് വെങ്കല മെഡല്‍ ഉറപ്പിക്കാനായി ആദ്യ സെമിയില്‍ ചൈനീസ് താരമായ ചെന്‍ യൂഫെയിയോട് തോറ്റ ഹി ബിങ് ജിയാവോനെ സിന്ധുവിന് നേരിടേണ്ടി വന്നത്.
അതേസമയം, ചരിത്ര നേട്ടത്തിന് ശേഷം വന്‍ അഭിനന്ദന പ്രവഹമാണ് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. രാജ്യത്തിന് വേണ്ടി വെങ്കല മെഡല്‍ നേടി ചരിത്രം കുറിച്ച സിന്ധുവിനെ അഭിനന്ദിച്ച് ഇന്ത്യയുടെ രാഷ്ട്രപതിയായ രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു.
'രണ്ട് ഒളിമ്പിക്സുകളില്‍ തുടര്‍ച്ചയായി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി പിവി സിന്ധു. സ്ഥിരതയുടെയും സമര്‍പ്പണത്തിന്റെയും മികവിന്റെയും ഒരു പുതിയ അളവുകോലാണ് സ്ഥാപിച്ചിരിക്കുന്നത്. മികച്ച വിജയത്തിലൂടെ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ സിന്ധുവിന് അഭിനന്ദനങ്ങള്‍.' - രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.
'സിന്ധുവിന്റെ ജയത്തില്‍ രാജ്യത്തെ എല്ലാവരും അതീവ സന്തുഷ്ടരാണ്. വെങ്കല മെഡല്‍ നേട്ടത്തില്‍ സിന്ധുവിന് അഭിനന്ദനങ്ങള്‍. സിന്ധു നമ്മുടെ രാജ്യത്തിന്റെ അഭിമാനവും ഇന്ത്യയുടെ മികച്ച ഒളിമ്പ്യാന്മാരില് ഒരാളുമാണ്.' - പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ടോക്യോയിലെ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണ് ഇത്. നേരത്തെ ഭാരോദ്വഹനത്തില്‍ മീരാഭായി ചാനുവാണ് ഇന്ത്യക്കായി ഈ ഒളിമ്പിക്സിലെ ആദ്യ മെഡല്‍ നേടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.