• HOME
  • »
  • NEWS
  • »
  • sports
  • »
  • PAK vs NZ | സുരക്ഷാ ഭീഷണി: ടോസ്സിന് മിനിറ്റുകള്‍ക്ക് മുമ്പ് പാക് പര്യടനം ഉപേക്ഷിച്ച് ന്യൂസിലന്‍ഡ്

PAK vs NZ | സുരക്ഷാ ഭീഷണി: ടോസ്സിന് മിനിറ്റുകള്‍ക്ക് മുമ്പ് പാക് പര്യടനം ഉപേക്ഷിച്ച് ന്യൂസിലന്‍ഡ്

മത്സരത്തിനായി ഇരു താരങ്ങളും ഗ്രൗണ്ടില്‍ ഇറങ്ങാതിരുന്നത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. കാണികളെ സ്റ്റേഡിയത്തിലേക്ക് കടത്തിവിടാതിരുന്നതും സംശയത്തിനിടയാക്കി.

News18

News18

  • Share this:
    സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ടോസ്സിന് മിനിറ്റുകള്‍ക്ക് മുമ്പ് പാകിസ്താന്‍ പര്യടനത്തില്‍ നിന്ന് ന്യൂസിലാന്‍ഡ് പിന്മാറി. ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ നല്‍കിയ സുരക്ഷാ മുന്നറിയിപ്പ് അനുസരിച്ചാണ് പിന്‍മാറ്റമെന്ന് കിവീസ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ന്യൂസിലാന്‍ഡ് താരങ്ങള്‍ എത്രയും വേഗം പാകിസ്താന്‍ വിടുമെന്നും ബോര്‍ഡ് വ്യക്തമാക്കി.

    മൂന്ന് ഏകദിനങ്ങളും രണ്ട് ടി-20 മത്സരങ്ങളുമാണ് പര്യടനത്തില്‍ ഉണ്ടായിരുന്നത്. 18 വര്‍ഷത്തിന് ശേഷമാണ് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം പാകിസ്താനിലെത്തിയത്. സെപ്റ്റംബര്‍ 17 മുതല്‍ തുടങ്ങുന്ന മൂന്നു മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയും അഞ്ച് ടി20 യും കളിക്കാനായിരുന്നു സന്ദര്‍ശനം. സെപ്റ്റംബര്‍ 17, 19, 21 ദിവസങ്ങളില്‍ റാവല്‍പിണ്ടിയില്‍ ഏകദിന മത്സരങ്ങളും ലാഹോറില്‍ ടി 20 മത്സരങ്ങളുമാണ് സംഘടിപ്പിച്ചിരുന്നത്.

    'ഇത്തരത്തില്‍ പര്യടനം ഉപേക്ഷിക്കുന്നത് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് കനത്ത തിരിച്ചടിയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഏറ്റവും മികച്ച രീതിയിലാണ് അവര്‍ ഞങ്ങളെ ഇവിടെ സ്വീകരിച്ചതും മത്സരങ്ങള്‍ക്കായി വേദികളൊരുക്കിയതും. പക്ഷേ, താരങ്ങളുടെ സുരക്ഷ അവഗണിക്കാനാകാത്തതിനാല്‍ പരമ്പരയില്‍നിന്ന് പിന്‍മാറുക മാത്രമാണ് പോംവഴി' - ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഡേവിഡ് വൈറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.


    മത്സരത്തിനായി ഇരു താരങ്ങളും ഗ്രൗണ്ടില്‍ ഇറങ്ങാതിരുന്നത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. കാണികളെ സ്റ്റേഡിയത്തിലേക്ക് കടത്തിവിടാതിരുന്നതും സംശയത്തിനിടയാക്കി. തുടര്‍ന്ന് സംഭവത്തില്‍ വ്യക്തത വരുത്തി ന്യൂസിലന്‍ഡ് ക്രിക്കറ്റ് രംഗത്തുവരികയായിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പാകിസ്താനിലെ സുരക്ഷാ ഏര്‍പ്പാടുകളില്‍ സംശയമുണ്ടെന്ന് അധികൃതര്‍ അറിയിച്ചതിനാല്‍ പര്യടനത്തില്‍ നിന്ന് പിന്മാറാന്‍ ന്യൂസിലന്‍ഡ് തീരുമാനിക്കുകയായിരുന്നു.

    വൈകിച്ച് മൂന്നു മണിക്ക് മത്സരം ആരംഭിക്കാനിരിക്കെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ന്യൂസിലന്‍ഡ് താരങ്ങള്‍ കളത്തിലിറങ്ങാന്‍ വിസമ്മതിക്കുകയായിരുന്നു. ന്യൂസിലന്‍ഡ് ടീമിലെ താരങ്ങളില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍, സുരക്ഷാ കാരണങ്ങളാല്‍ പരമ്പര തന്നെ റദ്ദാക്കുകയാണെന്ന് പിന്നാലെ ന്യൂസീലന്‍ഡ് ബോര്‍ഡ് അറിയിച്ചു. പാക്കിസ്താനില്‍ എന്തുതരം സുരക്ഷാ പ്രശ്‌നമാണ് ഉണ്ടായതെന്നതിനെക്കുറിച്ച് പ്രതികരിക്കില്ലെന്ന് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

    Read also: വിരാട് കോഹ്ലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന പ്രഖ്യാപനം; പ്രതികരണവുമായി സൗരവ് ഗാംഗുലി

    2003 ല്‍ നടന്ന ഏകദിന പരമ്പരയില്‍ പാക്കിസ്ഥാന്‍ 5-0 ന് വിജയിച്ച ശേഷം ആദ്യമായാണ് ന്യൂസിലാന്‍ഡ് ഇവിടെ കളിക്കാനെത്തിയത്. ഡിസിഷന്‍ റിവ്യൂ സൗകര്യമില്ലാത്തതിനാല്‍ (ഡി ആര്‍ എസ്) പാകിസ്താന്‍- ന്യൂസിലാന്‍ഡ് ഏകദിന പരമ്പര ഐ.സി.സി ക്രിക്കറ്റ് വേള്‍ഡ് കപ്പ് സൂപ്പര്‍ ലീഗ് ഫിക്‌സച്ചറിന് പുറത്തായിരുന്നു. ഉഭയക്ഷി മത്സരമായി പരമ്പര നടത്താന്‍ പാക്കിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും ന്യൂസിലാന്‍ഡ് ക്രിക്കറ്റ് അധികൃതരും ധാരണയിലെത്തുകയായിരുന്നു.
    Published by:Sarath Mohanan
    First published: