HOME /NEWS /Sports / PAK vs NZ |'ന്യൂസിലന്‍ഡ് പാകിസ്താന്‍ ക്രിക്കറ്റിനെ കൊന്നു, ഇനി ഐസിസിയില്‍ വെച്ച് കാണാം', രൂക്ഷവിമര്‍ശനവുമായി പാക് താരങ്ങള്‍

PAK vs NZ |'ന്യൂസിലന്‍ഡ് പാകിസ്താന്‍ ക്രിക്കറ്റിനെ കൊന്നു, ഇനി ഐസിസിയില്‍ വെച്ച് കാണാം', രൂക്ഷവിമര്‍ശനവുമായി പാക് താരങ്ങള്‍

News18

News18

വൈകിട്ട്‌ മൂന്നു മണിക്ക് മത്സരം ആരംഭിക്കാനിരിക്കെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ന്യൂസിലന്‍ഡ് താരങ്ങള്‍ കളത്തിലിറങ്ങാന്‍ വിസമ്മതിക്കുകയായിരുന്നു.

  • Share this:

    സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ടോസ്സിന് മിനിറ്റുകള്‍ക്ക് മുമ്പ് പാകിസ്താന്‍ പര്യടനത്തില്‍ നിന്ന് പിന്മാറിയ ന്യൂസിലന്‍ഡ് ടീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാകിസ്താന്‍ ക്രിക്കറ്റ് ലോകം. പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും മുന്‍ താരവുമായ റമീസ് രാജ അടക്കമുള്ളവര്‍ ശക്തമായ രീതിയില്‍ ന്യൂസിലന്‍ഡ് ടീമിന്റെ നടപടിക്കെതിരെ തുറന്നടിച്ചു.

    ന്യൂസിലന്‍ഡുകാര്‍ ഏതു ലോകത്താണ് ജീവിക്കുന്നതെന്ന് ചോദിച്ച റമീസ് രാജ, ഇനി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലില്‍ (ഐസിസി) വച്ചു കാണാമെന്ന് ന്യൂസിലന്‍ഡിനെ വെല്ലുവിളിച്ചു. റമീസ് രാജയ്ക്കു പുറമേ പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം, മുഹമ്മദ് ഹഫീസ്, മുന്‍ താരങ്ങളായ ഷോയിബ് അക്തര്‍, ഷാഹിദ് അഫ്രീദി തുടങ്ങിയവരും ന്യൂസിലന്‍ഡിനെതിരെ രംഗത്തെത്തി.

    'ന്യൂസിലന്‍ഡ് പാകിസ്താന്‍ ക്രിക്കറ്റിനെ കൊന്നുകളഞ്ഞിരിക്കുന്നു' എന്ന ഒറ്റ വാചകമാണ് ഷോയിബ് അക്തര്‍ ട്വിറ്ററില്‍ കുറിച്ചത്.

    'അനാവശ്യമായി ടൂര്‍ണമെന്റ് നീട്ടിവച്ചത് വളരെയധികം നിരാശപ്പെടുത്തുന്നു. പാകിസ്താനിലെ കോടിക്കണക്കിന് ക്രിക്കറ്റ് ആരാധകരുടെ ചുണ്ടുകളില്‍ വീണ്ടും പുഞ്ചിരി സമ്മാനിക്കാന്‍ കഴിയുന്ന പരമ്പരയായിരുന്നു ഇത്. പാകിസ്താന്റെ സുരക്ഷാ ഏജന്‍സികളുടെ വിശ്വാസ്യതയിലും കഴിവിലും എനിക്ക് സമ്പൂര്‍ണ വിശ്വാസമുണ്ട്. അവര്‍ എക്കാലവും ഞങ്ങളുടെ അഭിമാനമാണ്. പാകിസ്താന്‍ സിന്ദാബാദ്'- ബാബര്‍ അസം ട്വിറ്ററില്‍ കുറിച്ചു.

    മൂന്ന് ഏകദിനങ്ങളും രണ്ട് ടി-20 മത്സരങ്ങളുമാണ് പര്യടനത്തില്‍ ഉണ്ടായിരുന്നത്. 18 വര്‍ഷത്തിന് ശേഷമാണ് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം പാകിസ്താനിലെത്തിയത്. സെപ്റ്റംബര്‍ 17 മുതല്‍ തുടങ്ങുന്ന മൂന്നു മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയും അഞ്ച് ടി20 യും കളിക്കാനായിരുന്നു സന്ദര്‍ശനം. സെപ്റ്റംബര്‍ 17, 19, 21 ദിവസങ്ങളില്‍ റാവല്‍പിണ്ടിയില്‍ ഏകദിന മത്സരങ്ങളും ലാഹോറില്‍ ടി 20 മത്സരങ്ങളുമാണ് സംഘടിപ്പിച്ചിരുന്നത്.

    വൈകിട്ട്‌ മൂന്നു മണിക്ക് മത്സരം ആരംഭിക്കാനിരിക്കെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ന്യൂസിലന്‍ഡ് താരങ്ങള്‍ കളത്തിലിറങ്ങാന്‍ വിസമ്മതിക്കുകയായിരുന്നു. ന്യൂസിലന്‍ഡ് ടീമിലെ താരങ്ങളില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍, സുരക്ഷാ കാരണങ്ങളാല്‍ പരമ്പര തന്നെ റദ്ദാക്കുകയാണെന്ന് പിന്നാലെ ന്യൂസീലന്‍ഡ് ബോര്‍ഡ് അറിയിച്ചു. പാകിസ്താനില്‍ എന്തുതരം സുരക്ഷാ പ്രശ്നമാണ് ഉണ്ടായതെന്നതിനെക്കുറിച്ച് പ്രതികരിക്കില്ലെന്ന് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

    First published:

    Tags: New zealand cricket, Pakistan Cricket, Rameez raja, Shoaib Akhtar