HOME » NEWS » Sports » PAKISTAN PLAYERS SELECTED ON BASIS OF CONNECTIONS VETERAN PAKISTANI CRICKETER SHOAIB MALIK EXPOSES PCB JK INT

ഉന്നതങ്ങളില്‍ പിടിയുള്ളവരെ ടീമില്‍ കുത്തിനിറക്കുന്നു; പാക് ക്രിക്കറ്റ് ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷോയിബ് മാലിക്

പാക് ക്രിക്കറ്റില്‍ ഇപ്പോള്‍ പൂര്‍ണ്ണമായി നടക്കുന്നത് ചിലരുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ മാത്രമാണെന്ന് മാലിക് തുറന്നു പറഞ്ഞു

News18 Malayalam | news18-malayalam
Updated: May 16, 2021, 7:51 PM IST
ഉന്നതങ്ങളില്‍ പിടിയുള്ളവരെ ടീമില്‍ കുത്തിനിറക്കുന്നു; പാക് ക്രിക്കറ്റ് ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷോയിബ് മാലിക്
ഷോയിബ് മാലിക്
  • Share this:
പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് സീനിയര്‍ താരം ഷോയിബ് മാലിക്. പാകിസ്ഥാന്‍ ക്രിക്കറ്റ് സ്വജനപക്ഷപാതത്തിന്റെ കൂത്തരങ്ങാണെന്ന് മാലിക് തുറന്നടിച്ചു. സിംബാബ്വെ പര്യടനത്തിനുള്ള ടീമിലേക്ക് ക്യാപ്റ്റന്‍ ബാബര്‍ അസം പറഞ്ഞ താരങ്ങളെ ഉള്‍പ്പെടുത്താന്‍ തയ്യാറാകാതിരുന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടി ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഇതിനു പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി ഷോയിബ് മാലിക് രംഗത്തെത്തിയത്. പാക് ക്രിക്കറ്റില്‍ ഇപ്പോള്‍ പൂര്‍ണ്ണമായി നടക്കുന്നത് ചിലരുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ മാത്രമാണെന്ന് മാലിക് തുറന്നു പറഞ്ഞു.

പാക് ക്രിക്കറ്റ് അധികൃതര്‍ താരങ്ങളെ തിരഞ്ഞെടുക്കുന്നത് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അല്ലെന്നും താരങ്ങളുടെ ബന്ധങ്ങള്‍ മാനദണ്ഡമാക്കിയാണെന്നും മുന്‍ നായകന്‍ കൂടിയായ ഷോയിബ് പറഞ്ഞു. ഒരു പാക് മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഇത്തരത്തില്‍ ബോര്‍ഡിനെതിരെ രംഗത്തെത്തിയത്. നായകന്‍ ബാബര്‍ അസമിന്റെ വാക്കുകള്‍ അവഗണിച്ച ബോര്‍ഡിന്റെ നിലപാടിനെയാണ് ഷോയിബ് പ്രധാനമായും വിമര്‍ശിച്ചത്.

Also Read-പാക് സൂപ്പർ ലീഗിനെക്കാൾ മികച്ചത് ഐ പി എൽ: തുറന്നുപറഞ്ഞ് വഹാബ് റിയാസ്

'ബാബര്‍ പറഞ്ഞ നിരവധി താരങ്ങളുണ്ട്. എന്നാല്‍ അവരൊയൊന്നും ടീമിലേക്ക് പരിഗണിക്കാന്‍ ബോര്‍ഡ് താത്പര്യം കാണിച്ചില്ല. എല്ലാവര്‍ക്കും ടീമിനെ സംബന്ധിച്ച് അവരവരുടെ അഭിപ്രായങ്ങളും മറ്റും കാണും. എന്നാല്‍ അന്തിമ തീരുമാനം ക്യാപ്റ്റന്റേതാണ്. കാരണം മൈതാനത്ത് കളിക്കാനിറങ്ങുന്നത് ക്യാപ്റ്റനും തന്റെ ടീം അംഗങ്ങളുമാണ്. ബാബര്‍ അസം ടീമിന്റെ ക്യാപ്റ്റനാണ്. അത് ആരും ഒരിക്കലും മറക്കരുത്. ടീമില്‍ കളിക്കാരെ തിരഞ്ഞെടുക്കുന്നത് പ്രകടനം മാനദണ്ഡമാക്കിയല്ല അവിടെ ആരൊക്കെയോ അവരുടെ ഇഷ്ട കളിക്കാരെ സ്‌ക്വാഡില്‍ കുത്തി നിറക്കുന്നു'- ഷോയിബ് പറഞ്ഞു.

'ക്രിക്കറ്റ് ഭരണത്തില്‍ നമുക്ക് ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതുമായ നിരവധി വസ്തുതകള്‍ എല്ലാ ടീമുകളിലും കാണാറുണ്ട്. പക്ഷേ പാകിസ്ഥാന്‍ ക്രിക്കറ്റില്‍ അത് കൂടുതല്‍ ആണെന്നാണ് ഞാന്‍ കരുതുന്നത്. താരങ്ങളെ ബന്ധങ്ങള്‍ നോക്കി തിരഞ്ഞെടുക്കുന്ന രീതി മാറ്റി അവരുടെ പ്രകടന മികവിന്റെ അടിസ്ഥാനത്തില്‍ ടീമിലെടുക്കാനുള്ള സംസ്‌കാരം ഉണ്ടാകണം. ഇതെല്ലാം മാറണം എങ്കിലേ പാക് ക്രിക്കറ്റിന് വളര്‍ച്ച ഉണ്ടാകൂ'- ഷോയിബ് കൂട്ടിച്ചേര്‍ത്തു.

അഴിമതിയും പക്ഷപാതപരമായ സമീപനങ്ങളുമടക്കം നിരവധി വിഷയങ്ങള്‍ പാക് ബോര്‍ഡിനെതിരെ സമീപകാലത്ത് ഉയര്‍ന്നിരുന്നു. വലിയ അഴിച്ചുപണി ബോര്‍ഡില്‍ നടത്തിയിട്ടും അതിന്റെ ഒന്നും മെച്ചപ്പെടലുകള്‍ ടീമിനുണ്ടായിട്ടില്ല. ഈയിടെ പാകിസ്താന്റെ ക്രിക്കറ്റ് ടീം സെലക്ഷനെതിരെ തുറന്നടിച്ചുകൊണ്ട് മുന്‍ പാകിസ്ഥാന്‍ സ്റ്റാര്‍ ബൗളറായ മുഹമ്മദ് ആമിര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ പാകിസ്താന്‍ ടീമിലേക്ക് പരിഗണിക്കുന്ന യുവതാരങ്ങള്‍ സാങ്കേതികപരമായി പല കുറവുകള്‍ ഉള്ളവരാണെന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാനുള്ള തയ്യാറെടുപ്പ് ഇവര്‍ നടത്തിയിട്ടുണ്ടാവില്ലെന്നുമാണ് താരം അഭിപ്രായപ്പെട്ടത്.
Published by: Jayesh Krishnan
First published: May 16, 2021, 7:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories