• HOME
  • »
  • NEWS
  • »
  • sports
  • »
  • PAK vs NZ |ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയെ നേരിട്ട് വിളിച്ച് സുരക്ഷ ഉറപ്പ് നല്‍കി ഇമ്രാന്‍ ഖാന്‍; എന്നിട്ടും പരമ്പര റദ്ദാക്കിയതിന്റെ ഞെട്ടലില്‍ പിസിബി

PAK vs NZ |ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയെ നേരിട്ട് വിളിച്ച് സുരക്ഷ ഉറപ്പ് നല്‍കി ഇമ്രാന്‍ ഖാന്‍; എന്നിട്ടും പരമ്പര റദ്ദാക്കിയതിന്റെ ഞെട്ടലില്‍ പിസിബി

അവസാന നിമിഷം പര്യടനത്തില്‍ നിന്ന് പിന്മാറിയ ന്യൂസിലന്‍ഡ് ടീമിനെതിരെ രൂക്ഷ വിമര്‍ശനമാണ് പാകിസ്താന്‍ ക്രിക്കറ്റ് ലോകത്ത് നിന്നും ഉണ്ടാകുന്നത്.

News18

News18

  • Share this:
    ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ടോസ്സിന് മിനിറ്റുകള്‍ക്ക് മുമ്പ് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി ന്യൂസിലന്‍ഡ് പര്യടനത്തില്‍ നിന്ന് പിന്മാറിയതിന്റെ ഞെട്ടലിലാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി). താരങ്ങളുടെ സുരക്ഷ ചൂണ്ടിക്കാണിച്ച് വിദേശ ടീമുകള്‍ പാകിസ്താനില്‍ പര്യടനം നടത്താന്‍ വിമുഖത കാണിക്കുന്നതിനിടെയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് മുന്‍കയ്യെടുത്ത് വിവിധ പര്യടനങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ പദ്ധതിയിട്ടത്. പര്യടനത്തിന് തയ്യാറായ ടീമുകള്‍ക്ക് അതീവ സുരക്ഷയും ഒരുക്കിയിരുന്നു.

    പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേരിട്ട് ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയെ വിളിച്ചാണ് സുരക്ഷാ കാര്യത്തില്‍ ഉറപ്പു നല്‍കിയത്. എന്നിട്ടും മത്സരം തുടങ്ങാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ സുരക്ഷയുടെ പേരുപറഞ്ഞ് പരമ്പര റദ്ദാക്കി ന്യൂസിലന്‍ഡ് മടങ്ങിയതിന്റെ ഞെട്ടലിലാണ് പിസിബി. പര്യടനം റദ്ദാക്കിയതിന് പിന്നാലെ പിസിബി ട്വീറ്റ് ചെയ്ത കുറിപ്പുകളില്‍ പാക് ക്രിക്കറ്റ് ലോകത്തിന്റെ നിരാശ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ന്യൂസിലന്‍ഡ് ടീമിനായി ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങളില്‍ സമ്പൂര്‍ണ തൃപ്തി രേഖപ്പെടുത്തിയിട്ടും അവസാന നിമിഷം പിന്മാറിയതിന്റെ അതൃപ്തിയും പാക് ബോര്‍ഡിന്റെ ട്വീറ്റുകളില്‍ തെളിഞ്ഞുനില്‍ക്കുന്നു.

    'പാകിസ്ഥാന്‍ പ്രധാനമന്ത്രി നേരിട്ട് ഇതേക്കുറിച്ച് ന്യൂസീലന്‍ഡ് പ്രധാനമന്ത്രിയുമായി സംസാരിക്കുകയും, ലോകത്തെ തന്നെ ഏറ്റവും മികച്ച ഇന്റലിജന്‍സ് സംവിധാനമാണ് ഞങ്ങള്‍ക്കുള്ളതെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തതാണ്. ഇവിടെ സന്ദര്‍ശനം നടത്തുന്ന ടീമുകള്‍ക്ക് യാതൊരുവിധ സുരക്ഷാ ഭീഷണിയുമില്ലെന്നും ഉറപ്പുനല്‍കിയിരുന്നു.'- പിസിബിയുടെ ട്വീറ്റില്‍ പറയുന്നു.


    അവസാന നിമിഷം പര്യടനത്തില്‍ നിന്ന് പിന്മാറിയ ന്യൂസിലന്‍ഡ് ടീമിനെതിരെ രൂക്ഷ വിമര്‍ശനമാണ് പാകിസ്താന്‍ ക്രിക്കറ്റ് ലോകത്ത് നിന്നും ഉണ്ടാകുന്നത്. പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും മുന്‍ താരവുമായ റമീസ് രാജ അടക്കമുള്ളവര്‍ ശക്തമായ രീതിയില്‍ ന്യൂസിലന്‍ഡ് ടീമിന്റെ നടപടിക്കെതിരെ തുറന്നടിച്ചു.

    ന്യൂസിലന്‍ഡുകാര്‍ ഏതു ലോകത്താണ് ജീവിക്കുന്നതെന്ന് ചോദിച്ച റമീസ് രാജ, ഇനി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലില്‍ (ഐസിസി) വച്ചു കാണാമെന്ന് ന്യൂസിലന്‍ഡിനെ വെല്ലുവിളിച്ചു. റമീസ് രാജയ്ക്കു പുറമേ പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം, മുഹമ്മദ് ഹഫീസ്, മുന്‍ താരങ്ങളായ ഷോയിബ് അക്തര്‍, ഷാഹിദ് അഫ്രീദി തുടങ്ങിയവരും ന്യൂസിലന്‍ഡിനെതിരെ രംഗത്തെത്തി.

    മൂന്ന് ഏകദിനങ്ങളും രണ്ട് ടി-20 മത്സരങ്ങളുമാണ് പര്യടനത്തില്‍ ഉണ്ടായിരുന്നത്. 18 വര്‍ഷത്തിന് ശേഷമാണ് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം പാകിസ്താനിലെത്തിയത്. സെപ്റ്റംബര്‍ 17 മുതല്‍ തുടങ്ങുന്ന മൂന്നു മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയും അഞ്ച് ടി20 യും കളിക്കാനായിരുന്നു സന്ദര്‍ശനം. സെപ്റ്റംബര്‍ 17, 19, 21 ദിവസങ്ങളില്‍ റാവല്‍പിണ്ടിയില്‍ ഏകദിന മത്സരങ്ങളും ലാഹോറില്‍ ടി 20 മത്സരങ്ങളുമാണ് സംഘടിപ്പിച്ചിരുന്നത്.

    വൈകിച്ച് മൂന്നു മണിക്ക് മത്സരം ആരംഭിക്കാനിരിക്കെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ന്യൂസിലന്‍ഡ് താരങ്ങള്‍ കളത്തിലിറങ്ങാന്‍ വിസമ്മതിക്കുകയായിരുന്നു. ന്യൂസിലന്‍ഡ് ടീമിലെ താരങ്ങളില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍, സുരക്ഷാ കാരണങ്ങളാല്‍ പരമ്പര തന്നെ റദ്ദാക്കുകയാണെന്ന് പിന്നാലെ ന്യൂസീലന്‍ഡ് ബോര്‍ഡ് അറിയിച്ചു. പാകിസ്താനില്‍ എന്തുതരം സുരക്ഷാ പ്രശ്‌നമാണ് ഉണ്ടായതെന്നതിനെക്കുറിച്ച് പ്രതികരിക്കില്ലെന്ന് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.
    Published by:Sarath Mohanan
    First published: