പാകിസ്ഥാനിൽ നിന്നുള്ള യുവ ക്രിക്കറ്റ് താരം മുദസ്സിർ ഗുജ്ജർ എന്ന 21 കാരന്റെ ഉയരം ഏഴടി ആറ് ഇഞ്ചാണ്. ഉയരക്കൂടുതൽ ഇഷ്ട കായിക ഇനത്തിൽ അനുഗ്രഹമാക്കാനകുമെന്ന പ്രതീക്ഷയിലാണ് ഈ യുവതാരം.
"എന്റെ ഉയരക്കൂടുതൽ ഒരു അനുഗ്രഹമാണ്. വേഗതയിൽ പന്തെറിയാൻ എനിക്ക് സാധിക്കും. അതുവഴി ലോകത്തിലെ ഏറ്റവും വേഗത്തിൽ പന്തെറിയുന്ന താരമാകുക എന്നതാണ് ലക്ഷ്യം." ഗുജ്ജർ പറയുന്നു.
ഏഴ് മാസം മുമ്പാണ് ഗുജ്ജർ പരിശീലനം ആരംഭിച്ചത്. എന്നാൽ കോവിഡ് ലോക്ക്ഡൗൺ ആയതോടെ പരിശീലനം നിലച്ചു. ഒരു നാൾ ലോകത്തിലെ ഏറ്റവും വേഗതയേറിയ ബൗളർ എന്ന പദവി ലഭിക്കുമെന്ന് തന്നെയാണ് ഈ യുവാവിന്റെ പ്രതീക്ഷ.
You may also like:മുൻ കേരള രഞ്ജി ട്രോഫി താരം എം. സുരേഷ് കുമാർ അന്തരിച്ചു
പാക് ക്രിക്കറ്റ് താരം മുഹമ്മദ് ഇർഫാനാണ് നിലവിൽ ഏറ്റവും ഉയരമുള്ള താരം. 7 അടി 1 ഇഞ്ചാണ് ഇർഫാന്റെ ഉയരം. ഇർഫാന്റെ റെക്കോർഡ് മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഗുജ്ജർ. ആദ്യ കാലത്ത് ഉയരക്കൂടുതൽ ആത്മവിശ്വാസം തകർത്തിരുന്നതായി ഗുജ്ജർ പറയുന്നു. തനിക്ക് വേണ്ടി പ്രത്യേകം നിർമിച്ച ഷൂ മുതൽ ഓരോ കാര്യങ്ങളിലും ഗുജ്ജറിന് സ്പെഷ്യലായിരുന്നു. കാലക്രമത്തിൽ ഉയരക്കൂടുതലിന്റെ ഗുണങ്ങളെ കുറിച്ച് ഗുജ്ജർ ബോധവാനായി.
നാട്ടിലും സ്കൂളിലും ഏറ്റവും ഉയരമുള്ളയാൾ ഗുജ്ജറായിരുന്നു. ഇത് തന്നെ കൂടുതൽ സ്പെഷ്യൽ ആക്കിയെന്ന് ഗുജ്ജർ പറയുന്നു. സാധാരണ ഉയരമുള്ളവർ അനായാസം ചെയ്യുന്ന കാര്യങ്ങൾ തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് ആദ്യ കാലത്ത് നിരാശപ്പെടുത്തിയിരുന്നു. എന്നാൽ ഉയരക്കൂടുതൽ ദൈവത്തിന്റെ അനുഗ്രഹമായിട്ടാണ് ഇപ്പോൾ കരുതുന്നത്. ആളുകൾ തന്നെ ശ്രദ്ധിക്കുന്നത് ആസ്വദിച്ചു തുടങ്ങിയതായും ഗുജ്ജർ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cricket in Pakistan